image

2 Aug 2023 11:07 AM IST

Banking

റഷ്യന്‍ ഫണ്ടിന്‍റെ പുറത്തേക്കൊഴുക്കിനെ നേരിടാന്‍ സജ്ജമെന്ന് റിസര്‍വ് ബാങ്ക്

MyFin Desk

reserve bank is ready to deal with the outflow of russian funds
X

Summary

  • റഷ്യന്‍ ഫണ്ടുകളുടെ അളവ് ആര്‍ബിഐ വെളിപ്പെടുത്തിയിട്ടില്ല
  • മതിയായ കരുതല്‍ ധനമുണ്ടെന്ന് കേന്ദ്രബാങ്ക്
  • കൂടുതല്‍ ആഘാതം ഫോറെക്‌സ് വിപണിയിലായിരിക്കുമെന്ന് ബാങ്കര്‍മാര്‍


റഷ്യൻ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക് മൂലം രാജ്യത്തെ ബാങ്കുകളില്‍ ഉണ്ടാകുന്ന ഏത് വിപണി ആഘാതവും നിയന്ത്രിക്കാൻ സാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഉറപ്പു നല്‍കിയതായി ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കുകള്‍ ഉള്‍പ്പടെ അഞ്ചോളം സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. പാശ്ചാത്യ ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യയുടെ വ്യാപാരത്തിന് യുഎസ് ഡോളർ ഉപയോഗിക്കുന്നത് നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രാദേശിക ബാങ്കുകളില്‍ പ്രത്യേക അക്കൗണ്ടുകളിലുള്ള ദിർഹം, യുവാൻ, രൂപ എന്നിവ ഉൾപ്പെടെയുള്ള മറ്റ് കറൻസികളില്‍ റഷ്യയുമായുള്ള ഇടപാടുകള്‍ ഇന്ത്യ നടത്തുന്നത്.

റഷ്യയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യയുടെ ഇറക്കുമതി കയറ്റുമതിയെക്കാൾ കൂടുതലായതിനാൽ, റഷ്യൻ കമ്പനികൾ ശതകോടിക്കണക്കിന് രൂപ സ്വന്തമാക്കിയിട്ടുണ്ട്. ഇത് റഷ്യയിലേക്ക് മാറ്റുന്നതിന് മുമ്പ് പ്രാദേശിക സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കാൻ ആര്‍ബിഐ അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ടുകള്‍ പുറത്തേക്ക് ഒഴുകുന്ന സാഹചര്യത്തെ കുറിച്ച് ബാങ്കർമാർക്ക് ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാൻ തങ്ങൾക്ക് മതിയായ കരുതലുകള്‍ ഉണ്ടെന്ന് ആർബിഐ ഉദ്യോഗസ്ഥർ അനൗപചാരിക മീറ്റിംഗുകളിൽ അവർക്ക് ഉറപ്പ് നൽകിയതായി വിവിധ ബാങ്കിംഗ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

പുറത്തേക്കൊഴുക്കിനെ നേരിടാന്‍ കരുതല്‍ ധനം

വിദേശ വിനിമയം, ഡെറ്റ് വിപണി എന്നിവയിൽ നിന്നുള്ള ഫണ്ടുകളുടെ പുറത്തേക്കൊഴുക്കിനെ സംബന്ധിച്ച് ബാങ്കുകൾ ആശങ്ക പ്രകടിപ്പിച്ചപ്പോഴെല്ലാം ആർബിഐ പോസിറ്റീവായാണ് പ്രതികരിച്ചിട്ടുള്ളത്. റഷ്യന്‍ ഫണ്ടുകളുടെ മൂല്യം എത്രയാണെന്ന് ആർബിഐ ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ കണക്കാക്കുന്നത് 20-30 ബില്യൺ ഡോളർ മൂല്യമുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതിക്ക് ഇന്ത്യ രൂപയിൽ പണമടച്ചിട്ടുണ്ടെന്നും അത് സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടാകാം എന്നുമാണ്.

ദീർഘകാല ഗവൺമെന്റ് ബോണ്ടുകളേക്കാൾ ഹ്രസ്വകാല ട്രഷറി ബില്ലുകളിലാണ് ഫണ്ടുകൾ കൂടുതലായി നിക്ഷേപിക്കുന്നത് എന്നതിനാൽ, പുറത്തേക്ക് ഒഴുക്കിന്റെ ആഘാതം ഡെറ്റ് വിപണിയേക്കാള്‍ ഫോറെക്‌സ് വിപണിയിലായിരിക്കുമെന്ന് ബാങ്കര്‍മാര്‍ നിരീക്ഷിക്കുന്നു. ഫണ്ടുകളുടെ പുറത്തേക്കൊഴുകലിന്‍റെ ഘട്ടത്തില്‍ വേണ്ടത്ര പരിരക്ഷ ഒരുക്കുന്നതിനായാണ് കേന്ദ്രബാങ്ക് വിദേശ കരുതല്‍ ധന ശേഖരം ഉയര്‍ത്തുന്നത്.

മേയ് മാസത്തിലെ കണക്ക് അനുസരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിദേശ വിനിമയ കരുതലിന്‍റെ മൂല്യം 60700 കോടി ഡോളറാണ്. 1927 കോടി ഡോളറാണ് ആര്‍ബിഐ ഡോളറില്‍ കൈവശം വെച്ചിട്ടുള്ളത്.