image

20 March 2023 11:20 AM GMT

Banking

തകര്‍ന്ന ബാങ്കുകള്‍ക്ക് കൈതാങ്ങ്, ഏറ്റെടുക്കല്‍ രക്ഷയാകുമോ?

MyFin Desk

could takeovers be the salvation for broken us banks
X

Summary

  • ആഗോളസമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചു കുലുക്കുന്ന രീതിയിലുള്ള തകര്‍ച്ചയാണ് യുഎസിലെ ബാങ്കുകള്‍ക്ക് സംഭവിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍.


വാഷിംഗ്ടണ്‍ : യുഎസിലെ സിലിക്കണ്‍ വാലി ബാങ്ക്, സിഗ്നേച്ചര്‍ ബാങ്ക്, സില്‍വര്‍ഗേറ്റ് ബാങ്ക്, ക്രെഡിറ്റ് സ്യൂയിസ് എന്നീ ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് പിന്നാലെ ഇവയെ മറ്റ് ബാങ്കുകള്‍ ഏറ്റെടുക്കുകയാണ്. മറ്റ് ബാങ്കുകളെ ഈ തകര്‍ച്ച ബാധിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി എന്ന രീതിയിലാണ് ഇത്തരത്തിലുള്ള ഏറ്റെടുക്കല്‍ നടക്കുന്നത്. യുഎസില്‍ നേരിട്ട തിരിച്ചടി ഇപ്പോള്‍ യൂറോപ്പിലേക്കും വ്യാപിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ആഗോളസമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചു കുലുക്കുന്ന രീതിയിലുള്ള തകര്‍ച്ചയാണ് ഇവ നേരിട്ടത്. പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കാന്‍ യുഎസ് ഫെഡ് പലിശ നിരക്ക് വര്‍ധിരപ്പിച്ചതിന് പിന്നാലെയാണ് ബാങ്കുകള്‍ക്ക് തിരിച്ചടി നേരിടാന്‍ തുടങ്ങിയത്.

പലിശ നിരക്ക് വര്‍ധന ബോണ്ട് മാര്‍ക്കറ്റില്‍ ബാങ്കുകള്‍ക്ക് വന്‍ പ്രഹരമാണ് സൃഷ്ടിച്ചത്. ഇന്ത്യയുടെ കാര്യം നോക്കിയാല്‍ ഇന്ത്യയിലെ ഏതാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ തകര്‍ന്ന ബാങ്കുകളുമായി ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

തകര്‍ച്ചയിലായ സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്യൂസിനെ് പ്രധാന എതിരാളിയും സ്വിറ്റ്സര്‍ലാന്‍ഡിലെ വലിയ ബാങ്കുകളിലൊന്നുമായ യുബിഎസ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. 325 കോടി ഡോളറാണ് ഏറ്റെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആദ്യം 100 കോടി ഡോളറിന് വാങ്ങാനാണ് യുബിഎസ് ശ്രമം നടത്തിയതെങ്കിലും സ്വിറ്റ്സര്‍ലാന്‍ഡ് സര്‍ക്കാര്‍ ഇടപെട്ട ചര്‍ച്ചകള്‍ക്ക് പിന്നാലെ 325 കോടി ഡോളറിന് ഇടപാട് ഉറപ്പിക്കുകയായിരുന്നു.

ഇടപാടുമായി ബന്ധപ്പെട്ട് വരാവുന്ന 540 കോടി ഡോളര്‍ നഷ്ടം ക്രെഡിറ്റ് സ്വീസിന്റെ വിപണി മൂല്യമായ 863 കോടി ഡോളറില്‍ നിന്നു കുറച്ച ശേഷമുള്ള വിലയാണ് ഓഹരിയായി നല്‍കുക.

സ്വിസര്‍ലാന്‍ഡിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമാണ് യുബിഎസ്. ആഗോലതലത്തില്‍ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് എന്ന പദവിയും യുബിഎസിനുണ്ട്.

പ്രധാന നിക്ഷേപകരായ സൗദി നാഷണല്‍ ബാങ്ക്, ക്രെഡിറ്റ് സ്യൂസ്സിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ ഭാവിയില്‍ നിക്ഷേപം നടത്തില്ല എന്ന് പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് തുടക്കമിട്ടത്.

പ്രശ്‌നം ഗുരുതരമായതിനാല്‍, നിക്ഷേപകരുടെ വിശ്വാസം തിരിച്ചു പിടിക്കുന്നതിന് സ്വിസ് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് 54 ബില്യണ്‍ ഡോളര്‍ വായ്പ എടുക്കുമെന്ന് ക്രെഡിറ്റ് സ്യൂസ്സ് അധികൃതര്‍ നേരത്തെ പ്രഖ്യാപനം നടത്തിയരുന്നു. ക്രെഡിറ്റ് സ്യുയിസിനെ യുബിഎസ് ഏറ്റെടുത്തതിന് പിന്നാലെ സിഗ്‌നേച്ചര്‍ ബാങ്കി ന്യൂയോര്‍ക്ക് കമ്മ്യൂണിറ്റി ബാങ്ക് ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സിഗ്‌നേച്ചര്‍ ബാങ്കിന്റെ ഒരു പ്രധാന ഭാഗം 2.7 ബില്യണ്‍ യുഎസ് ഡോളറിന് ന്യുയോര്‍ക്ക് കമ്മ്യുണിറ്റിറ്റി ബാങ്ക് ഏറ്റെടുക്കുമെന്ന് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

സിഗ്‌നേച്ചര്‍ ബാങ്കിന്റെ 40 ശാഖകള്‍ ഇന്ന് മുതല്‍ ഫ്ലാഗ്സ്റ്റാര്‍ ബാങ്ക് എന്ന പേരിലാകും അറിയപ്പെടുക. ന്യൂയോര്‍ക്ക് കമ്മ്യൂണിറ്റി ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളിലൊന്നാണ് ഫ്ലാഗ്സ്റ്റാര്‍.

സിഗ്നേച്ചര്‍ ബാങ്കിന്റെ ആസ്തിയില്‍ 38.4 ബില്യണ്‍ ഡോളര്‍ വാങ്ങുന്നത് ഈ ഇടപാടില്‍ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം സിഗ്നേച്ചര്‍ ബാങ്കിന് 110.36 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയുണ്ടെന്നും 88.59 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ടെന്നും ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എഫ്ഡിഐസി) അധികൃതര്‍ വ്യക്തമാക്കി.

യുഎസിലെ ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് പിന്നാലെ മറ്റ് ബാങ്കുകള്‍ യുഎസ് ഫെഡ് റിസര്‍വില്‍ നിന്നും 164.8 ബില്യണ്‍ യുഎസ് ഡോളര്‍ കടം വാങ്ങിയെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ചട്ട് വന്നിരുന്നു. ബാങ്കുകളുടെ പ്രവര്‍ത്തനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ബാങ്ക് ടേം ഫണ്ടിംഗ് പ്രോഗ്രാം എന്ന പേരില്‍ യുഎസ് ഫെഡ് റിസര്‍വ് പുതിയ എമര്‍ജന്‍സി ഫണ്ട് ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2008ല്‍ സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ 111 ബില്യണ്‍ ഡോളറാണ് ബാങ്കുകള്‍ യുഎസ് ഫെഡില്‍ നിന്നും കടമെടുത്തതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. തകര്‍ച്ചയെ തുടര്‍ന്ന് ഈ മാസം പത്തിനാണ് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എഫ്ഡിഐസി) എസ് വി ബാങ്കിനെ ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്ക് പ്രകാരം ഏകദേശം 8,528 ജീവനക്കാരാണ് ബാങ്കിനുണ്ടായിരുന്നത്. ഭൂരിഭാഗം ജീവനക്കാരും ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം രീതിയലാണ് ജോലി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഴ്ച്ചയില്‍ വെറും ഒരു ദിവസം കൊണ്ട് ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ 60 ശതമാനം ഇടിവാണ് വന്നത്. ഇത് ബാങ്കിങ് ഓഹരികളില്‍ മുഴുവനായും പ്രതിഫലിച്ചിരുന്നു. പ്രധാനമായും യു എസ്സിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വെഞ്ച്വര്‍ കാപിറ്റലുകള്‍ക്കും വായ്പ നല്‍കുന്ന ബാങ്കിന്റെ തകര്‍ച്ച സ്വാഭാവികമായും സ്റ്റാര്‍ട്ട്പ്പുകളെ തന്നെയാണ് ഏറ്റവുമധികം ബാധിക്കുന്നത് .

യു എസ്സിലുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ട്പ്പുകള്‍ക്കും സമാന സ്ഥിതിയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹര്യം മെച്ചപ്പെടുമെങ്കിലും ഇന്ത്യന്‍ സ്റ്റാര്‍ട്ട്പ്പുകള്‍ക്ക് വലിയ വെല്ലുവിളികളുണ്ടാകുമെന്ന് സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റും രണ്ട് പതിറ്റാണ്ടിലേറെയായി പ്രാരംഭ ഘട്ട നിക്ഷേപകനുമായ ആഷൂ ഗാര്‍ഗ് പറയുന്നു,

ഫെഡറല്‍ ഡെപ്പോസിറ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എഫ്ഡിഐസി) നിര്‍ദേശമനുസരിച്ച് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഇന്നൊവേഷന്‍ സിലിക്കണ്‍ വാലി ബാങ്ക് അടച്ചിരുന്നു. 2022 ഡിസംബര്‍ 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ മൊത്ത ആസ്തി 209 ബില്യണ്‍ ഡോളറായിരുന്നെന്ന് എഫ് ഡി ഐ സി പ്രസ്താവനയില്‍ പറഞ്ഞു.