image

18 March 2024 2:07 PM IST

Banking

അവകാശികളില്ല; ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 42,272 കോടി രൂപ

MyFin Desk

അവകാശികളില്ല; ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്  42,272 കോടി രൂപ
X

Summary

20 വര്‍ഷത്തിനുള്ളില്‍ അവകാശികളില്ലാത്ത നിക്ഷേപത്തിന്റെ മൂല്യത്തില്‍ 90 മടങ്ങ് വര്‍ധന


ഇന്ത്യയിലെ പൊതു, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ അവകാശികളില്ലാത്ത 42,272 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് (unclaimed deposits) റിപ്പോര്‍ട്ട്.

പത്ത് വര്‍ഷത്തോളമായി ഇടപാടുകള്‍ നടത്താത്ത സേവിംഗ്‌സ് അക്കൗണ്ടുകളിലെ തുക അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിക്കിയതിന് ശേഷം പത്ത് വര്‍ഷത്തോളമായി പിന്‍വലിക്കാത്ത നിക്ഷേപങ്ങളാണ് അവകാശികളില്ലാത്ത നിക്ഷേപമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കണക്കാക്കിയിരിക്കുന്നത്.

2018-19 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ സ്വകാര്യ, പൊതുബാങ്കുകളില്‍ അവകാശികളില്ലാതെ കിടന്ന പണത്തിന്റെ മൂല്യം 17784 കോടി രൂപയായിരുന്നു. 2023 മാര്‍ച്ച് 31ന് ഇത് 42272 കോടി രൂപയായെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പൊതു, സ്വകാര്യ ബാങ്കുകള്‍ മാത്രമല്ല വിദേശബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, ചെറുകിട ധനകാര്യ, പേയ്‌മെന്റ് ബാങ്കുകള്‍ എന്നിവയില്‍ കെട്ടിക്കിടക്കുന്ന പണവും ആര്‍ബിഐ പരിശോധിച്ച് വരികയാണ്.

2000-ല്‍ പൊതുമേഖലാ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപം 401.94 കോടി രൂപായിരുന്നു. 2011-ല്‍ ഇത് 1944.52 കോടി രൂപയായി. 2018-ല്‍ 9019 കോടി രൂപയായും 2023-ല്‍ 35,012 കോടി രൂപയായും വര്‍ധിച്ചു. 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപത്തിന്റെ മൂല്യത്തില്‍ 90 മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.