image

21 Nov 2026 12:20 PM IST

Banking

പണം പോകും ജാഗ്രത വേണം; ബാങ്കുകളെ ലക്ഷ്യമിട്ട് എഐ ആക്രമണം

MyFin Desk

ai cyber ​threat to the indian banking sector
X

Summary

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്ക് എഐ സൈബര്‍ ഭീഷണി; 'ക്രാഫ്റ്റി ഫാല്‍ക്കണ്‍' ആക്രമണ മുന്നറിയിപ്പുമായി CERT-In


ഇന്ത്യയിലെ ബാങ്കിങ്, ഫിന്‍ടെക് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് എഐ അധിഷ്ഠിത സൈബര്‍ ആക്രമണം ശക്തമാകുന്നു. 'ക്രാഫ്റ്റി ഫാല്‍ക്കണ്‍' എന്ന് പേരിട്ടിരിക്കുന്ന സൈബര്‍ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമായ CERT-In രംഗത്തെത്തി. ബാങ്കുകള്‍, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്ഫോമുകള്‍, പേയ്മെന്റ് അഗ്രഗേറ്ററുകള്‍, ക്രിപ്റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകള്‍ എന്നിവയാണ് പ്രധാനമായും ആക്രമണ ലക്ഷ്യങ്ങള്‍.

ARTEX, PentAGI, Cairn, CyberStrikeAI തുടങ്ങിയ എഐ അധിഷ്ഠിത ടൂളുകള്‍ ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്തുന്നത്. ലക്ഷ്യമിടുന്ന സ്ഥാപനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളിലെ പഴുതുകള്‍ കണ്ടെത്താനും ആക്രമണത്തിനുള്ള സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കാനും ഇവയ്ക്ക് കഴിയും. സ്ഥാപനങ്ങളുടെ സ്വന്തം പേയ്മെന്റ്, ഫണ്ട് കൈമാറ്റ സംവിധാനങ്ങളിലെ എപിഐകള്‍ ദുരുപയോഗം ചെയ്താണ് അനധികൃത ഇടപാടുകള്‍ നടത്തുന്നത്. മനുഷ്യരുടെ ഇടപെടലില്ലാതെ അതിവേഗത്തില്‍ ആക്രമണ ശൃംഖലകള്‍ നടപ്പാക്കാനും ഈ ടൂളുകള്‍ക്ക് സാധിക്കും.

ക്ലൗഡ് സംവിധാനങ്ങളിലേക്കും പരീക്ഷണ ആവശ്യങ്ങള്‍ക്കുള്ള സാങ്കേതിക പ്ലാറ്റ്ഫോമുകളിലേക്കും കടന്നുകയറിയാണ് ആക്രമികള്‍ പ്രവര്‍ത്തിക്കുന്നത്. ചെറിയ തുകയുടെ ഇടപാടുകള്‍ നടത്തി സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ച ശേഷമാണ് വലിയ തുകകള്‍ കൈമാറുന്നത്. നേരത്തെ സുരക്ഷാ വീഴ്ചകള്‍ പരിഹരിച്ച സ്ഥാപനങ്ങളെപ്പോലും വീണ്ടും ലക്ഷ്യമിടുന്നതായും ഇഋഞഠകി കണ്ടെത്തിയിട്ടുണ്ട്.

അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും നിരീക്ഷണം കുറയുന്ന സാഹചര്യം മുതലെടുത്താണ് ആക്രമണങ്ങള്‍ നടത്തുന്നത്. അതിനാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ 24 മണിക്കൂറും സുരക്ഷാ നിരീക്ഷണം ശക്തമാക്കണമെന്നും ക്ലൗഡ് സംവിധാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കണമെന്നും CERT-In നിര്‍ദേശിച്ചു. പരീക്ഷണ സംവിധാനങ്ങളെയും യഥാര്‍ത്ഥ പ്രവര്‍ത്തന സംവിധാനങ്ങളെയും വേര്‍തിരിക്കണമെന്നും എല്ലാ സാമ്പത്തിക ഇടപാടുകളിലും അധിക സുരക്ഷാ പരിശോധന ഉറപ്പാക്കണമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്തെ ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ വര്‍ധിക്കുന്നതിനിടെ എഐയുടെ ദുരുപയോഗം ധനകാര്യ മേഖലയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന ആശങ്കയും ഇതോടെ ശക്തമാകുകയാണ്.