10 Oct 2026 10:43 AM IST
സഹകരണ ബാങ്കിൽ നിക്ഷേപിക്കും മുൻപ് ഇത് ശ്രദ്ധിക്കൂ; തിരുവല്ലയിലെ പാഠം
Amritha Elizabeth Abraham
Summary
തിരുവല്ല അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, ശ്രീ മഹാത്മാ ബസവേശ്വർ ബാങ്ക് എന്നിവയിൽ പണം പിൻവലിക്കുന്നതിന് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തി. നിക്ഷേപകർക്ക് ഡിഐസിജിസി വഴി 5 ലക്ഷം രൂപ വരെ സുരക്ഷിതത്വം ലഭിക്കുമെങ്കിലും, ബാങ്ക് നിക്ഷേപങ്ങൾ നടത്തുമ്പോൾ ജാഗ്രത വേണം
രാജ്യത്തെ സഹകരണ ബാങ്കിംഗ് മേഖലയിൽ റിസർവ് ബാങ്കിന്റെ കർശന നടപടി തുടരുന്നു. ധനകാര്യ സ്ഥിതി വഷളായതിനെത്തുടർന്ന് നിരവധി സഹകരണ ബാങ്കുകളിൽ നിന്ന് ഉപഭോക്താക്കൾ പണം പിൻവലിക്കുന്നതിന് ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പത്തനംതിട്ട തിരുവല്ലയിലെ ദി തിരുവല്ല അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് കേരളത്തിൽ നിന്ന് നിയന്ത്രണം ഏർപ്പെടുത്തിയ ബാങ്കിൽ ഉൾപ്പെടുന്നു. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 35എ വകുപ്പ് (56-ാം വകുപ്പിനൊപ്പം) പ്രകാരമുള്ള ഉത്തരവ് ഒക്ടോബർ 8 മുതൽ പ്രാബല്യത്തിലായി. ആറ് മാസത്തേക്കാണ് കാലാവധി. പിന്നീട് അവലോകനം ചെയ്യും. ബാങ്കിന്റെ നിലവിലുള്ള സുരക്ഷിതത്വവും ലിക്വിഡിറ്റിയും പുനഃക്രമീകരിക്കുന്നതാണ് പ്രധാന കാരണം. വർഷങ്ങളായി ബാങ്ക് ഭരണസമിതിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷവും മതിയായ തിരുത്തൽ നടപടികൾ ഉണ്ടായിട്ടുണ്ടായിരുന്നില്ല. നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനും ബാങ്കിന്റെ തകർച്ച ഒഴിവാക്കുന്നതിനും ഈ അടിയന്തര ഇടപെടൽ സഹായിക്കും.
നിയന്ത്രണങ്ങളുടെ പ്രധാന കാരണങ്ങളും ലക്ഷ്യങ്ങളും
ബാങ്കുകളുടെ പ്രവർത്തനക്ഷമത കുറയുന്നതും കിട്ടാക്കടങ്ങൾ വർദ്ധിക്കുന്നതും കാരണം നിക്ഷേപകരുടെ പണത്തിന് സുരക്ഷയില്ലാത്ത സാഹചര്യം ഒഴിവാക്കാനാണ് റിസർവ് ബാങ്ക് ഇത്തരം നിർദ്ദേശങ്ങൾ നൽകുന്നത്. സാധാരണയായി ബാങ്കുകളുടെ സാമ്പത്തിക അടിത്തറ തളരുമ്പോൾ നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കാൻ ശ്രമിക്കുന്നത് ബാങ്കിനെ പൂർണ്ണ തകർച്ചയിലേക്ക് നയിക്കും. ഇത് തടയാൻ നിശ്ചിത തുകയിൽ കൂടുതൽ പണം പിൻവലിക്കുന്നതിനാണ് താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തുന്നത്. വായ്പകളുടെ തിരിച്ചടവുകൾ കൃത്യമായി നടക്കാത്തതും മോശം മാനേജ്‌മെന്റുമാണ് ഇത്തരം സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നത്. ആർബിഐ ഈ ബാങ്കുകളുടെ ലൈസൻസ് പൂർണ്ണമായി റദ്ദാക്കിയിട്ടില്ല. ബാങ്കിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നതനുസരിച്ച് നിയന്ത്രണങ്ങൾ പുനഃപരിശോധിക്കപ്പെടാം.
ആശങ്ക വേണോ?
സേവിംഗ്സ്, കറന്റ് ഉൾപ്പെടെ ഒരു അക്കൗണ്ടിൽ നിന്നും നിക്ഷേപകർക്ക് പണം പിൻവലിക്കാനാവില്ല. ആർബിഐയുടെ മുൻകൂർ അനുമതിയില്ലാതെ ബാങ്കിന് പുതിയ വായ്പ നൽകാനോ പുതുക്കാനോ നിക്ഷേപം സ്വീകരിക്കാനോ ആസ്തി വിൽക്കാനോ കഴിയില്ല. കോ ഓപ്പറേറ്റിവ് ബാങ്ക് അക്കൌണ്ട് ഉള്ളവർക്ക് നിലവിലെ നിക്ഷേപത്തിൽ നിന്ന് വായ്പാ തിരിച്ചടവുകൾ സാധ്യമാകും. ശമ്പളം, വാടക, വൈദ്യുതി ബിൽ തുടങ്ങിയ അത്യാവശ്യ ചെലവുകൾക്ക് ബാങ്കിന് പണം ഉപയോഗിക്കാം. മാത്രമല്ല, ഡിഐസിജിസി നിയമപ്രകാരം ഓരോ നിക്ഷേപകനും 5 ലക്ഷം രൂപ വരെ നിക്ഷേപത്തിന് പൂർണ്ണ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.വൻകിട വാണിജ്യ ബാങ്കുകളെ അപേക്ഷിച്ച് ചില സഹകരണ ബാങ്കുകൾ നൽകുന്ന ആകർഷകമായ ഉയർന്ന പലിശ കണ്ട് വലിയ തുകകൾ ഇത്തരം ബാങ്കുകളിൽ നിക്ഷേപിക്കുന്നത് റിസ്കുള്ള കാര്യമാണ്. പണം നിക്ഷേപിക്കുന്നതിന് മുൻപ് ബാങ്കിന്റെ സാമ്പത്തിക അടിത്തറയും ആർബിഐ റേറ്റിംഗുകളും പരിശോധിക്കണം.
പഠിക്കാം & സമ്പാദിക്കാം
Home
