image

6 Dec 2023 11:28 AM IST

Banking

രണ്ടാം പാദത്തില്‍ മൈക്രോഫിനാന്‍സ് വായ്പകളുടെ എണ്ണത്തില്‍ ഇടിവ്

MyFin Desk

രണ്ടാം പാദത്തില്‍ മൈക്രോഫിനാന്‍സ് വായ്പകളുടെ എണ്ണത്തില്‍ ഇടിവ്
X

Summary

  • ശരാശരി വായ്പാ മൂല്യത്തില്‍ ഉയര്‍ച്ച
  • ആറ് മാസത്തിനുള്ളിൽ മൈക്രോഫിനാന്‍സ് വ്യവസായം 1.9 കോടി വായ്പക്കാരെ ചേർത്തു
  • വായ്പാ പോർട്ട്‌ഫോളിയോയുടെ കാര്യത്തിൽ ഏറ്റവും വലിയ സംസ്ഥാനം ബിഹാര്‍


നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ മൈക്രോഫിനാൻസ് വായ്പകളുടെ എണ്ണം കുറഞ്ഞു. എന്നാൽ ശരാശരി വായ്പാ മൂല്യത്തിലുണ്ടായ വർധന മൂലം മാൊത്തം വായ്പയുടെ അളവ് വർധിച്ചു.

സെപ്തംബർ അവസാനത്തോടെ മൊത്തത്തിലുള്ള മൈക്രോഫിനാന്‍സ് വായ്പാ പോർട്ട്‌ഫോളിയോ 3,76,110 കോടി രൂപയായി ഉയർന്നതായി മൈക്രോഫിനാൻസ് ഇൻഡസ്ട്രി നെറ്റ്‌വർക്ക് (എംഎഫ്‌ഐഎൻ) അറിയിച്ചു, മുൻ പാദത്തിന്‍റെ അവസാനത്തില്‍ ഇത് 3,55,977 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം സെപ്റ്റംബര്‍ പാദത്തിന്‍റെ അവസാനം 3,00,974 കോടി രൂപ ആയിരുന്നു മൊത്തം വായ്പാ മൂല്യം.

സെപ്‍റ്റംബർ പാദത്തിൽ മാത്രം 71,916 കോടി രൂപയുടെ മൈക്രോഫിനാന്‍സ് വായ്പകള്‍ അനുവദിക്കപ്പെട്ടു. 2022 -23 സെപ്റ്റംബര്‍ പാദത്തിലിത് 76,054 കോടി രൂപയായിരുന്നു . എന്നാൽ വായ്പകളുടെ എണ്ണം ഇക്കാലയളവില്‍ 1.81 കോടിയിൽ നിന്ന് 1.69 കോടിയായി കുറഞ്ഞു. ശരാശരി വായ്പാ തുക മുന്‍ വര്‍ഷത്തെ 39,725 രൂപയിൽ നിന്ന് 45,124 രൂപയായി ഉയർന്നു.

പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസത്തിനുള്ളിൽ മൈക്രോഫിനാന്‍സ് വ്യവസായം 1.9 കോടി വായ്പക്കാരെ ചേർത്തുവെന്ന് എം‌എഫ്‌ഐ‌എൻ ചീഫ് എക്‌സിക്യൂട്ടീവും ഡയറക്ടറുമായ അലോക് മിശ്ര പറഞ്ഞു.

നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികള്‍-എംഎഫ്‌ഐകൾ (എൻബിഎഫ്‌സി-എംഎഫ്‌ഐ) എന്നിവയ്ക്കാണ് മൊത്തത്തിലുള്ള മൈക്രോ ഫിനാന്‍സ് വായ്പാ പോർട്ട്‌ഫോളിയോയുടെ 39.3 ശതമാനം വിഹിതമുള്ളത്. ബാങ്കുകളുടെ വിഹിതം 31.6 ശതമാനവും ചെറുകിട ധനകാര്യ ബാങ്കുകളുടെ വിഹിതം 19.4 ശതമാനവും ആണ്.

രാജ്യത്തിന്‍റെ കിഴക്ക്, വടക്കുകിഴക്ക്, ദക്ഷിണ മേഖലകളിലാണ് മൊത്തം പോർട്ട്‌ഫോളിയോയുടെ 63 ശതമാനവും വരുന്നത്. പോർട്ട്‌ഫോളിയോയുടെ കാര്യത്തിൽ ഏറ്റവും വലിയ സംസ്ഥാനം ബിഹാറാണെന്നും തമിഴ്‌നാടും ഉത്തർപ്രദേശും അടുത്ത സ്ഥാനങ്ങളില്‍ വരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.