19 March 2026 9:45 PM IST
HDFC Bank Q3 Result
Summary
മുന്‍ പാദങ്ങളിലെ മികച്ച പ്രകടനം വരും ദിവസങ്ങളിലും തുടരാന്‍ സാധ്യതയുണ്ടെന്നും, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഈ വിലക്കുറവില്‍ ഓഹരികള്‍ വാങ്ങുന്നത് ലാഭകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിനെ പിടിച്ചുകുലുക്കി നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തിയുടെ അപ്രതീക്ഷിത രാജി. ഈ അപ്രതീക്ഷിത രാജി നിക്ഷേപകര്‍ക്കിടയില്‍ വന്‍ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. ഇതിനെത്തുടര്‍ന്ന് ബാങ്കിന്റെ ഓഹരി വില വ്യാഴാഴ്ച 8.42 ശതമാനം വരെ ഇടിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 772 രൂപയിലെത്തി. ക്ലോസിംഗ് സമയത്ത് ബാങ്കിന്റെ ഓഹരികള്‍ 798.20 രൂപയിലെത്തിയിരുന്നു.
ചില സംഭവവികാസങ്ങള്‍ തന്റെ ധാര്‍മ്മികതയുമായി ഒത്തുപോകുന്നില്ലെന്ന് ചക്രവര്‍ത്തി തന്റെ രാജിക്കത്തില്‍ തുറന്നടിച്ചു. ഈ വെളിപ്പെടുത്തല്‍ വിപണിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിസന്ധി നേരിടാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ ബാങ്കിംഗ് രംഗത്തെ അതികായന്‍ കെകി മിസ്ട്രിയെ മൂന്ന് മാസത്തേക്ക് ഇടക്കാല ചെയര്‍മാനായി നിയമിച്ചു കഴിഞ്ഞു. ചക്രവര്‍ത്തിയുടെ പടിയിറക്കത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് മിസ്ട്രിയുടെ പ്രാഥമിക പ്രതികരണം.
വിപണിയില്‍ ഓഹരികള്‍ക്ക് വന്‍ ഇടിവ് നേരിട്ടെങ്കിലും, ഈ തകര്‍ച്ചയെ ഒരു നിക്ഷേപ അവസരമായി കാണാനാണ് പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗൗരംഗ് ഷായെപ്പോലുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ബാങ്കിന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്നാണ്. മുന്‍ പാദങ്ങളിലെ മികച്ച പ്രകടനം വരും ദിവസങ്ങളിലും തുടരാന്‍ സാധ്യതയുണ്ടെന്നും, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഈ വിലക്കുറവില്‍ ഓഹരികള്‍ വാങ്ങുന്നത് ലാഭകരമാകുമെന്നും ഇവര്‍ വിലയിരുത്തുന്നു.
എച്ച്ഡിഎഫ്‌സി ബാങ്ക്, ഈ വെല്ലുവിളിയെ എങ്ങനെ അതിജീവിക്കുമെന്നാണ് വിപണി ഉറ്റുനോക്കുന്നത്. വെല്‍ത്ത്മില്‍സ് സെക്യൂരിറ്റീസിലെ ക്രാന്തി ബത്തിനിയെപ്പോലുള്ള തന്ത്രജ്ഞര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാങ്കിന്റെ വളര്‍ച്ചയില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. നേതൃതലത്തിലെ ഈ മാറ്റം ബാങ്കിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍മാരും.
പഠിക്കാം & സമ്പാദിക്കാം
Home
