image

10 Oct 2023 3:34 PM GMT

Banking

യുപിഐ വഴി ഇങ്ങനെ വായ്പയെടുക്കാം

MyFin Desk

This is how you can take a loan through UPI
X

Summary

  • യുപിഐ പ്ലാറ്റ്‌ഫോം വഴി ഉപഭോക്താക്കള്‍ക്ക് ഈട് രഹിത, പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈന്‍ അല്ലെങ്കില്‍ മുന്‍കൂറായി അനുവദിച്ച വായ്പ അവതരിപ്പിക്കുമെന്ന് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.
  • ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി പോലെയാണ് മുന്‍കൂറായി അനുവദിച്ച വായപയുടെയും.
  • ആഗോള ഫിന്‍ടെക് ഉച്ചകോടിയില്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ) ഇത് എങ്ങനെ പ്രവര്‍ത്തിക്കുമെന്നത് വിശദീകരിച്ചിരുന്നു.


മാസവസാനത്തോടെ സേവിംഗ്‌സ് അക്കൗണ്ട് കാലിയാകുന്നവരാണ് പലരും. പീന്നീടുള്ള ആവശ്യങ്ങള്‍ക്ക് കടം വാങ്ങുകയോ, വായ്പയെടുക്കുകയോ ഒക്കെ ചെയ്യും. ഇങ്ങനെ കടമെടുക്കാനുള്ള ഓപ്ഷന്‍ നിങ്ങളുടെ യുപിഐ ആപ്ലിക്കേഷനില്‍ തന്നെയുണ്ടെങ്കിലോ? ബാങ്കുകള്‍ നേരത്തെ അനുവദിച്ചിരിക്കുന്ന ക്രെഡിറ്റ് ലിമിറ്റ് വഴിയാണ് ഇത് ലഭിക്കുന്നത്.

യുപിഐ പ്ലാറ്റ്‌ഫോം വഴി ഉപഭോക്താക്കള്‍ക്ക് ഈട് രഹിത, പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് ലൈന്‍ അല്ലെങ്കില്‍ മുന്‍കൂറായി അനുവദിച്ച വായ്പ അവതരിപ്പിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.

സെപ്റ്റംബറില്‍ നടന്ന ആഗോള ഫിന്‍ടെക് ഉച്ചകോടിയില്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ) ഇത് എങ്ങനെ പ്രവര്‍ത്തിക്കുമെന്നത് വിശദീകരിച്ചിരുന്നു. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പിഎന്‍ബി, എസ്ബിഐ തുടങ്ങിയ ബാങ്കുകള്‍ ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭീം), പേയ്‌സ് ആപ്, പേടിഎം, ജിപേ എന്നീ പേയ്‌മെന്റ് ആപ്ലിക്കേഷനുകളിലെ ചില ഉപഭോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം നല്‍കുന്നുണ്ട്. കൂടുതല്‍ പേരിലേക്ക് ഈ സേവനം വരും മാസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രവര്‍ത്തനം എങ്ങനെ

എല്ലാ യുപിഐ അക്കൗണ്ടുകളും സേവിംഗ്‌സ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ളവയാണ്. ഈ അക്കൗണ്ടുടമകള്‍ നേരത്തെ അനുവദിച്ചിട്ടുള്ള (പ്രീ-അപ്രൂവ്ഡ്) ക്രെഡിറ്റ് ലൈന്‍ ലഭ്യമാകാന്‍ ആദ്യം ബാങ്കിന് ഒരു ആപ്ലിക്കേഷന്‍ നല്‍കേണ്ടതുണ്ട്. അതിനുശേഷം ബാങ്ക് ഉപഭോക്താവിന്റെ യോഗ്യത, വരുമാനം, ക്രെഡിറ്റ് സ്‌കോര്‍, തിരിച്ചടവ് ചരിത്രം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വിലയിരുത്തും.

നടപടി ക്രമങ്ങള്‍ ഓരോ ബാങ്കിനും വ്യത്യസ്തമായിരിക്കും. ചില ബാങ്കുകള്‍ ഉപഭോക്താവിന്റെ വരുമാനം തെളിയിക്കുന്ന രേഖ, മേല്‍വിലാസം, തിരിച്ചറിയല്‍ രേഖകള്‍ എന്നിങ്ങനെ ആവശ്യപ്പെടാം. ഇവയെല്ലാം നല്‍കിയെങ്കില്‍ മാത്രമേ ബാങ്ക് അപേക്ഷയുമായി മുന്നോട്ട് നീങ്ങു. രേഖകളെല്ലാം പരിശോധിച്ച ശേഷം മുന്‍കൂറായി അനുവദിച്ച വായ്പയ്ക്ക് യോഗ്യതയുണ്ടോ, എത്ര തുക വായ്പയായി ലഭിക്കും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അപേക്ഷകനെ അറിയിക്കും.

ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി പോലെയാണ് മുന്‍കൂറായി അനുവദിച്ച വായപയുടെയും. അനുവദിച്ചിരിക്കുന്ന പരിധിയിലുള്ള തുക ആവശ്യാനുസരണം ഉപയോഗിക്കാം. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് പോലെ നിശ്ചിത പലിശ ചേര്‍ത്ത് തിരിച്ചടവ് നടത്തണം. തിരിച്ചടവ് ഇഎംഐ ആയി നടത്താം.

മുന്‍ കൂട്ടി അനുവദിച്ചിരിക്കുന്ന വായ്പാ പരിധി ഒന്നിലധികം യുപിഐ ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കാം. ആപ്ലിക്കേഷനുകളുമായി ഈ അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കണം എന്നു മാത്രം.

തിരച്ചടവ്

വായ്പാ തിരിച്ചടവിന് മാസങ്ങള്‍ വേണോ, വര്‍ഷങ്ങള്‍ വേണോ എന്നത് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. പക്ഷേ, തിരിച്ചടവ് കൃത്യമായി നടത്തി ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താം.

പലിശ

പലിശ നിരക്ക് സ്ഥിരമായിരിക്കാം അല്ലെങ്കില്‍ ഫ്‌ളോട്ടിംഗ് നിരക്കായിരിക്കാം. അത് ഓരോ ബാങ്കുകള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. കൂടാതെ, വായ്പയെടുത്തയാളുടെ യോഗ്യതകള്‍, നിലവിലെ വിപണി സാഹചര്യം എന്നിവയും കണക്കിലെടുക്കും. തരതമ്യേന ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്കുകളേക്കാള്‍ കുറഞ്ഞ പലിശ നിരക്കായിരിക്കുമെന്നാണ് ഈ മേഖലയിലുള്ളവരുടെ അഭിപ്രായം.

നേട്ടം

ഇങ്ങനെ മുന്‍കൂറായി അനുവദിച്ച വായ്പകള്‍ യുപിഐ ആപ്ലിക്കേഷനുകള്‍ വഴി ലഭ്യമാകുമ്പോള്‍ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്‌ക്കേണ്ട എന്നതാണ് പ്രധാന നേട്ടം.

ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കാത്തവര്‍ അല്ലെങ്കില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഈ ഓപ്ഷന്‍ ഏറെ ഉപകാരപ്രദമാണ്.