6 July 2025 2:22 PM IST
Summary
എസ്ബിഐ മാത്രം 20,000 ത്തോളം പേരെ നിയമിക്കും
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ വലിയ നിയമനങ്ങള്‍ വരുന്നു. വര്‍ദ്ധിച്ചുവരുന്ന ബിസിനസ് ആവശ്യകതകളും വിപുലീകരണവും നിറവേറ്റുന്നതിനായി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 50,000 ജീവനക്കാരെ ജീവനക്കാരെ പുതിയതായി നിയമിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വിവിധ ബാങ്കുകളില്‍ നിന്ന് ശേഖരിച്ച കണക്കുകള്‍ പ്രകാരം, പുതുതായി നിയമിക്കപ്പെടുന്നവരില്‍ ഏകദേശം 21,000 പേര്‍ ഓഫീസര്‍മാരായിരിക്കും. ബാക്കിയുള്ളവര്‍ ക്ലാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരായിരിക്കും.
12 പൊതുമേഖലാ ബാങ്കുകളില്‍, ഏറ്റവും വലിയ കമ്പനിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്‌പെഷ്യലൈസ്ഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 20,000 ത്തോളം പേരെ നിയമിക്കും.
രാജ്യത്തുടനീളമുള്ള ശാഖകളില്‍ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി എസ്ബിഐ ഇതിനകം 505 പ്രൊബേഷണറി ഓഫീസര്‍മാരെയും (പിഒ) 13,455 ജൂനിയര്‍ അസോസിയേറ്റുകളെയും നിയമിച്ചു കഴിഞ്ഞു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒഴിവുകള്‍ നികത്തുന്നതിന് 13,455 ജൂനിയര്‍ അസോസിയേറ്റ്സിനെ നിയമിക്കും.
മാര്‍ച്ച് വരെ എസ്ബിഐയുടെ ആകെ ജീവനക്കാരുടെ എണ്ണം 2,36,226 ആയിരുന്നു. ഇതില്‍ 1,15,066 ഓഫീസര്‍മാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം ബാങ്കിന്റെ റോളുകളിലുണ്ടായിരുന്നു.
2024-25 ലെ ഒരു മുഴുവന്‍ സമയ ജീവനക്കാരന്റെ ശരാശരി നിയമന ചെലവ് 40,440.59 രൂപയായിരുന്നു.
മികച്ച ഇടപെടലുകളുടെയും ക്ഷേമ നടപടികളുടെയും ഫലമായ, ഓരോ വര്‍ഷവും 2 ശതമാനത്തില്‍ താഴെയുള്ള കൊഴിഞ്ഞുപോകല്‍ നിരക്ക് മാത്രമാണ് എസ്ബിഐക്ക് ഉള്ളത്.
രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അയ്യായിരത്തിലധികം പേരെ നിയമിക്കാനാണ് പദ്ധതിയിടുന്നത്. നിലവില്‍ പിഎന്‍ബിയുടെ ആകെ ജീവനക്കാരുടെ എണ്ണം 1,02,746 ആണ്.
മറ്റൊരു പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഈ സാമ്പത്തിക വര്‍ഷം ഏകദേശം 4,000 ജീവനക്കാരെയും നിയമിക്കും.
അതേസമയം, മികച്ച വരുമാനം നേടുന്നതിനായി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വികസിപ്പിച്ച ശേഷം അനുബന്ധ സ്ഥാപനങ്ങളിലെ നിക്ഷേപം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തുകൊണ്ട് ധനസമ്പാദനം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ധനമന്ത്രാലയം പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടു.