27 Nov 2026 10:05 AM IST
Summary
ഹരിത ഊര്‍ജ പദ്ധതികള്‍ക്കായുള്ള ബാങ്കിന്റെ വായ്പാ നിക്ഷേപം 1.24 ലക്ഷം കോടി രൂപയിലെത്തി. ഇതുവരെ 60 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദന ശേഷിയുള്ള പദ്ധതികള്‍ക്ക് ബാങ്ക് ധനസഹായം നല്‍കിയതായി എസ്ബിഐ മാനേജിങ് ഡയറക്ടര്‍ അശ്വിനി തിവാരി വ്യക്തമാക്കി.
ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ മേഖലയ്ക്ക് കൂടുതല്‍ കരുത്തുപകരാന്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഹരിത ഊര്‍ജ പദ്ധതികള്‍ക്കായുള്ള ബാങ്കിന്റെ വായ്പാ നിക്ഷേപം 1.24 ലക്ഷം കോടി രൂപയിലെത്തി. ഇതുവരെ 60 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദന ശേഷിയുള്ള പദ്ധതികള്‍ക്ക് ബാങ്ക് ധനസഹായം നല്‍കിയതായി എസ്ബിഐ മാനേജിങ് ഡയറക്ടര്‍ അശ്വിനി തിവാരി വ്യക്തമാക്കി.
മുംബൈയില്‍ നടന്ന ഐവിസിഎ ക്ലൈമറ്റ് ക്യാപിറ്റല്‍ സമ്മിറ്റ് 2026ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ആകെ സ്ഥാപിത പുനരുപയോഗ ഊര്‍ജ ശേഷിയായ 250 ജിഗാവാട്ടില്‍ 60 ജിഗാവാട്ടിനും എസ്ബിഐയുടെ സാമ്പത്തിക പിന്തുണ ലഭിച്ചിട്ടുണ്ട്.
ബാറ്ററി സംഭരണം വലിയ വെല്ലുവിളി
രാജ്യത്തെ ഊര്‍ജമേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനങ്ങളുടെ അപര്യാപ്തതയണ്. സൗരോര്‍ജവും കാറ്റില്‍ നിന്നുള്ള വൈദ്യുതിയും കാലാവസ്ഥയെ ആശ്രയിച്ചുള്ളതിനാല്‍ ആവശ്യമായ സമയങ്ങളില്‍ തുടര്‍ച്ചയായി വൈദ്യുതി ലഭ്യമാക്കാന്‍ സംഭരണ സംവിധാനങ്ങള്‍ അനിവാര്യമാണ്.
സൗരോര്‍ജ-കാറ്റാടി പദ്ധതികളുടെ സ്ഥാപിത ശേഷി വര്‍ധിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് വൈദ്യുതി സംഭരിക്കാനും വിതരണം ചെയ്യാനും കഴിയാത്തത് ഈ മേഖലയുടെ വളര്‍ച്ചയെ പരിമിതപ്പെടുത്തുന്നു. അതിനാല്‍ സൗരോര്‍ജ മേഖലയിലുണ്ടായതുപോലുള്ള വലിയ മുന്നേറ്റം ബാറ്ററി സംഭരണ മേഖലയിലും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ആധിപത്യം
രാജ്യത്തെ സ്ഥാപിത വൈദ്യുതി ഉല്‍പ്പാദന ശേഷിയില്‍ പുനരുപയോഗ ഊര്‍ജത്തിനും ഫോസില്‍ ഇന്ധനങ്ങള്‍ക്കും ഏതാണ്ട് തുല്യമായ പങ്കുണ്ടെങ്കിലും യഥാര്‍ഥ വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ വിഹിതം നിലവില്‍ 70 മുതല്‍ 80 ശതമാനം വരെയാണ്. ആവശ്യമായ സംഭരണ സംവിധാനങ്ങളുടെ കുറവാണ് ഇതിന് ഒരു പ്രധാന കാരണം.
പ്രസരണ മേഖലയിലും നിക്ഷേപം ആവശ്യം
വൈദ്യുതി പ്രസരണ മേഖലയ്ക്ക് ധനസഹായത്തിന്റെ കുറവില്ലെന്നും എന്നാല്‍ സൗരോര്‍ജ ശേഷി വര്‍ധിച്ച വേഗത്തില്‍ പ്രസരണ അടിസ്ഥാനസൗകര്യങ്ങള്‍ വികസിച്ചിട്ടില്ലെന്നുമാണ് തിവാരി അഭിപ്രായപ്പെടുന്നത്. ഈ വിടവ് നികത്താന്‍ അടുത്ത രണ്ടോ മൂന്നോ വര്‍ഷം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
പവര്‍ ഗ്രിഡുമായും മറ്റ് സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രസരണ ആസ്തികള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍ വഴി ധനസമാഹരണത്തിനായി ഉപയോഗപ്പെടുത്താനും എസ്ബിഐ ശ്രമിക്കുന്നുണ്ട്.
ബാറ്ററി സംഭരണത്തിന് മുന്‍ഗണന
ആണവോര്‍ജ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 15 മുതല്‍ 20 വര്‍ഷം വരെയും പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതികള്‍ക്ക് നാല് മുതല്‍ അഞ്ച് വര്‍ഷം വരെയും വേണ്ടിവന്നേക്കാം. അതിനാല്‍ ഇടക്കാലത്ത് വൈദ്യുതി സംഭരണത്തിനായി ബാറ്ററി സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഹരിത ഊര്‍ജ പരിവര്‍ത്തനത്തില്‍ ബാങ്കുകളുടെ ധനസഹായം നിര്‍ണായകമാകുന്ന സാഹചര്യത്തില്‍ ബാറ്ററി സംഭരണം, വൈദ്യുതി പ്രസരണം, പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപ സാധ്യതകളാണ് തുറക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
