image

6 Feb 2026 11:20 AM IST

Banking

കേന്ദ്ര ബജറ്റ് : ബാങ്കിങ് സെക്ടറിലെ നിക്ഷേപ സമാഹരണ വെല്ലുവിളി തുടരും

K A Babu

obtaining a banking license is more difficult after strict scrutiny
X

Summary

കേന്ദ്ര ബജറ്റ്, ബാങ്കിങ് സെക്ടറിലെ നിക്ഷേപ സമാഹരണ വെല്ലുവിളി


നമ്മുടെ ബാങ്കുകൾ സുസ്ഥിരമായിരിക്കുന്നു, അവയുടെ പ്രതിരോധശേഷി വർദ്ധിച്ചിരിക്കുന്നു. ഈ ആത്‌മവിശ്വാസം തന്റെ ആമുഖ പ്രസംഗത്തിൽ പ്രഖ്യാപിച്ചുകൊണ്ടാണ് ധനകാര്യമന്ത്രി ഇത്തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ഏതൊരു രാജ്യത്തെ സാമ്പത്തിക രംഗവും കേൾക്കാൻ ആഗ്രഹിക്കുന്ന, ഇഷ്ടപ്പെടുന്ന വാക്കുകളാണ് ധനകാര്യ മന്ത്രി പറഞ്ഞത്.

ബാങ്കുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നു എന്ന് പറയുമ്പോൾ, പ്രധാനമായും മനസ്സിലാവുക, ഇടപാടുകാർക്ക് കൂടുതൽ മികച്ച സേവനം നൽകുന്നു, നിക്ഷേപ സമാഹരണവും വായ്പ നൽകലും ഭംഗിയായി നടക്കുന്നു, ബാങ്കുകൾ പ്രവർത്തനലാഭവും അറ്റാദായവും വർധിപ്പിക്കുന്നു, നെറ്റ്‌ ഇൻ്ററസ്റ്റ് ഇൻകം നല്ലതാണ്, കിട്ടാക്കടം കുറയുന്നു, കിട്ടാക്കടത്തിനുള്ള റിസ്ക് റിസർവ് നിയമാനുസൃതമായും, ഒരു പക്ഷെ, അതിനേക്കാൾ മെച്ചപ്പെട്ട രീതിയിലോ വെച്ചിരിക്കുന്നു, നല്ല കോർപ്പറേറ്റ് ഗവേര്ണൻസ് മാതൃക പിന്തുടരുന്നു, റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ എല്ലാം തെറ്റില്ലാതെ പിന്തുടരുന്നു എന്നിങ്ങനെയെല്ലാമാണ്.

ഇതിൽ ബാങ്കുകളുടെ പ്രവർത്തനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് നിക്ഷേപസമാഹരണവും വായ്പ നൽകലും തന്നെയാണ്. ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ് ഇത് രണ്ടും.

വായ്പ നൽകാൻ വഴികളുണ്ട്

53.5 ലക്ഷം കോടി രൂപ ചെലവ് വെച്ചിരിക്കുന്ന കേന്ദ്ര ബജറ് തീർച്ചയായും ബാങ്കുകൾക്കും മറ്റു ധനകാര്യസ്ഥാപനങ്ങൾക്കും വായ്പ നൽകാനുള്ള അവസരങ്ങൾ നൽകുന്നുണ്ട്. 12.20 ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് വകയിരുത്തിയിട്ടുള്ളത്. ഈ തുക റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളും തുറമുഖങ്ങളും പണിയുവാനും ഭൂമി ഏറ്റെടുക്കുവാനും കെട്ടിടങ്ങൾ പണിയുവാനും സാങ്കേതികവിദ്യയിൽ മുതൽ മുടക്കുവാനും മറ്റുമായിട്ടാണ് ഉപയോഗിക്കുക.

ഈ രംഗത്തെല്ലാം സ്വകാര്യ സംരംഭകരും സ്വകാര്യ മുതൽ മുടക്കും ഉണ്ടാകും. ഈ വികസന പ്രവർത്തനങ്ങളിൽ എല്ലാം ഏറിയും കുറഞ്ഞും ബാങ്ക് വായ്പകൾ വേണ്ടിവരും. അതിനാൽ അടിസ്ഥാന സൗകര്യ വികസനകൾക്കുള്ള ബജറ്റ് നീക്കിയിരിപ്പിന്റെ തോത് ബാങ്ക് വായ്പയുടെ ദിശ നിശ്ചയിക്കുന്ന ഒന്നാണ്. കൂടാതെ കാർഷിക രംഗത്തേക്കുള്ള പുതിയ പദ്ധതികൾ, സൂഷ്മ - ചെറുകിട - ഇടത്തരം മേഖലക്കുള്ള പദ്ധതികളും സഹായങ്ങളും, വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരുന്ന പുതിയ കാര്യങ്ങൾ, വ്യവസായ - വാണിജ്യ ഇടനാഴികളുടെ വരവും വികസനവും, സ്കിൽ അക്കാഡമികൾ, ട്രെയിനിങ് സെന്ററുകൾ എന്നിങ്ങനെ എവിടെയെല്ലാം ബഡ്ജറ്റിന്റെ നീക്കിയിരിപ്പും പദ്ധതികളും ഉണ്ടോ അവിടെയെല്ലാം ബാങ്ക് വായ്പക്കുള്ള അവസരങ്ങൾ ഉള്ളതായി കാണാം. അതിനാൽ ഇത്തവണത്തെ ബഡ്ജറ്റിലും വായ്പ നൽകാനുള്ള അവസരങ്ങൾ ബാങ്കുകൾ കാണുന്നുണ്ട്.

വായ്പ നൽകാൻ തുക വേണ്ടേ?

ഉത്പാദന രംഗത്തും കച്ചവടരംഗത്തും കയറ്റുമതി ഇറക്കുമതി രംഗത്തും സേവന - കാർഷിക രംഗങ്ങളിലും വായ്പ നൽകാനുള്ള അവസരം മാത്രമല്ല ബാങ്കുകൾക്ക് ആവശ്യം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ബാങ്കുകൾ ഇപ്പോൾ തന്നെ തങ്ങളുടെ കഴിവിന്റെ പരമാവധി വായ്പകൾ നൽകുന്നുണ്ട്. വായ്പകൾക്ക് ആവശ്യക്കാരുണ്ട്. ബാങ്കുകളുടെ വായ്പ - നിക്ഷേപ അനുപാതം 80 ശതമാനത്തിൽ ആണ് നില്കുന്നത്. അതിനാൽ വായ്പ നൽകുവാൻ ഇന്നത്തെ സാഹചര്യത്തിൽ പുതിയൊരു ഉത്തേജകം വേണ്ട.

എന്നാൽ ഇതല്ല നിക്ഷേപ സമാഹരണത്തിന്റെ സ്ഥിതി. നിലവിലുള്ള ഇടപാടുകാരും പുതിയതായി വരുമാനം ഉള്ള ചെറുപ്പക്കാരായ ഇടപാടുകാരും അവരുടെ നീക്കിയിരിപ്പ് ഇപ്പോൾ ബാങ്ക് നിക്ഷേപങ്ങളായി മാത്രമല്ല സൂക്ഷിക്കുന്നത്. സേവിങ്‌സും നിക്ഷേപവും ഇന്ന് അധികവും ഷെയറിലേക്കും മ്യൂച്ചൽ ഫണ്ടുകളിലേക്കും ആണ് പോകുന്നത്. ബാങ്ക് നിക്ഷേപത്തിനുള്ളതിനേക്കാൾ ആവേശവും പങ്കാളിത്തവും ഇടപെടലുകളും ഇവിടെ ഇടപാടുകാർക്ക് ലഭിക്കുന്നു. ഇത് ഇടപാടുകാരെ, വിശേഷിച്ച് ചെറുപ്പക്കാരെ, കൂടുതൽ ഉത്തേജിതരാക്കുന്നു. മാർക്കറ്റിന്റെ ചാഞ്ചാട്ടം അവർ ആഘോഷിക്കുന്നു. അവിടെ ചിലപ്പോൾ നഷ്ടം വന്നേക്കാം. പക്ഷെ, അത് ഈ നിക്ഷേപത്തിന്റെ സ്വഭാവമെന്ന് അവർ ഉൾകൊള്ളാൻ പഠിച്ചു കഴിഞ്ഞു. ബാങ്ക് നിക്ഷേപവുമായി നോക്കുമ്പോൾ സ്റ്റോക്ക് മാർക്കറ്റ് നൽകുന്ന പ്രതിഫലം, പ്രത്യേകിച്ചും നീണ്ട കാലാവധിയിൽ, കൂടുതലാണ്. അതിനാൽ ബാങ്കിലെ സേവിങ്സ് ബാങ്ക് അക്കൗണ്ടും, കാലാവധി നിക്ഷേപവുമെല്ലാം അത്ര ആകർഷകമല്ല.

ഇതിന് മേലെയാണ് റിപോ നിരക്കിൽ വന്ന കുറവും അതിനെ തുടർന്ന് കാലാവധി നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കിൽ വന്ന കുറവും. ബാങ്ക് നിക്ഷേപങ്ങളുടെ ആകർഷണം കുറയുവാൻ ഇതും കാരണമായി. ഇതെല്ലാം ചേർന്ന് ബാങ്കുകളുടെ നിക്ഷേപസമാഹരണം ബുദ്ധിമുട്ടിലാക്കി. ഇത് വായ്പ - നിക്ഷേപ വളർച്ചകളിൽ കാണാൻ കഴിയും. 2025ൽ ബാങ്ക് വായ്പകൾ 13 ശതമാനത്തിനടുത്ത് വളർന്നപ്പോൾ നിക്ഷേപം10 ശതമാനത്തിനടുത്തു മാത്രമേ വളർന്നുള്ളു. വായ്പ - നിക്ഷേപ വളർച്ചയിൽ ഉള്ള ഈ വെല്ലുവിളി ബാങ്കുകൾ നേരിടുന്ന പ്രധാനപ്പെട്ട ഒന്നാണ്. ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ തുകയിൽ ഉള്ള നികുതി ഇളവുകളിൽ മാറ്റമൊന്നും വരുത്താത്തത് നിക്ഷേപകരുടെ ആശങ്കയാണ്. 60 വയസ്സിനു താഴെയുള്ള ഇടപാടുകാർക്ക് 10000 രൂപയാണ് ഇപ്പോഴും സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശയിൽ വരുമാനത്തിലുള്ള ഇളവ്. 60 വയസ്സിന് മുകളിലാണെങ്കിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശ സഹിതം മൊത്തം പലിശ ഇനത്തിലെ ഇളവ് 50000 രൂപയായി തുടരുന്നു. ഇതിന് മുകളിലാണ് പലിശയെങ്കിൽ ഇടപാടുകാരന്റെ സാധാരണ നികുതി സ്ലാബിൽ തന്നെ നികുതി നൽകണം.

സ്റ്റോക്ക് മാർക്കറ്റിന് ഉത്തേജനം

എന്നാൽ ഇത്തവണയും സ്റ്റോക്ക് മാർക്കറ്റിന് കൂടുതൽ ഉത്തേജനം നൽകുന്ന തീരുമാനങ്ങൾ ബഡ്ജറ്റിൽ ഉണ്ട്. ക്യാപ്പിറ്റൽ ഗെയിൻസിൽ പുനഃസംവിധാനം കൊണ്ടുവന്നും, വിദേശ നിക്ഷേപം പ്രോത്സാഹിപ്പിച്ചും, സൂഷ്മ - ചെറുകിട - ഇടത്തരം സംരംഭകർക്ക്‌ മൂലധന സപ്പോർട്ട് നൽകിയും, ഷെയർ തിരിച്ചു വാങ്ങുന്ന കാര്യത്തിലും, ഡെറിവേറ്റീവ് രംഗത്ത് ഇടപാടുകൾക്കുള്ള ചെലവ് കൂട്ടിയും, വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളുടെ ഷെയർ വാങ്ങാൻ അനുവാദം നൽകിയും, അതിനുള്ള പരിധി വർദ്ധിപ്പിച്ചും മറ്റും ഈ രംഗത്തെ നിക്ഷേപം കൂടുതൽ ആകർഷകമാക്കി. ഈ തീരുമാനങ്ങളെ സ്വാഗതം ചെയ്യുമ്പോഴും, ബാങ്ക് നിക്ഷേപം ആകർഷകമാക്കുവാൻ യാതൊന്നും ബഡ്ജറ്റിൽ ഇല്ല എന്നത് വസ്തുതയാണ്.

ബാങ്കുകൾക്ക് ഉന്നത തല കമ്മിറ്റി

കൂടാതെ, ബാങ്കുകളിലെ കിട്ടാക്കടം കുറക്കുവാൻ ഉതകുന്ന തീരുമാനങ്ങളോ, ഡിജിറ്റൽ, ഇലക്ട്രോണിക് ബാങ്കിങ് രംഗത്തേക്കുള്ള അധിക സഹായങ്ങളോ, ബാങ്കിടപാടുകാരെ പൊതുവെ അലട്ടുന്ന സാമ്പത്തിക സൈബർ തട്ടിപ്പു തടയുവാനോ കുറക്കുവാനോ വേണ്ട തീരുമാനങ്ങളോ പദ്ധതികളോ, പണം നഷ്ടപ്പെടുന്ന ഇടപാടുകാർക്ക് ഏതെങ്കിലും വിധത്തിലുള്ള ആശ്വാസം നൽകുന്ന പദ്ധതികളോ, ഇൻഷുറൻസ് പരിരക്ഷയോ ഒന്നും തന്നെ കേന്ദ്ര ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല.

ചുരുക്കത്തിൽ ഈ ബഡ്ജറ്റ് ബാങ്കുകൾക്ക് വായ്പ സാധ്യതകൾ തുറന്നു നല്കുന്നുവെങ്കിലും, നിക്ഷേപ സമാഹരണത്തിന്റെ കാര്യത്തിലോ മറ്റു പ്രധാന മേഖലകളിലോ പുതിയതായി ഒന്നും നൽകുന്നില്ല.

ഫിസ്കൽ കണ്സോളിഡേഷൻ, സർക്കാരിന്റെ കടവും ആഭ്യന്തര മൊത്ത ഉത്പാദനവുമായുള്ള ബന്ധിപ്പിക്കൽ, വായ്പ വിതരണ രംഗം കൂടുതൽ കാര്യക്ഷമമാക്കൽ തുടങ്ങിയ തീരുമാനങ്ങൾ ബാങ്കുകളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യും. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഉള്ള യാത്രയിൽ ബാങ്കിങ് മേഖലയിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ പരിശോധിക്കുവാനും നിർദ്ദേശങ്ങൾ നൽകുവാനായി ഒരു ഉന്നത തല സമിതിയെ നിയമിക്കും.ഈ സമിതിയുടെ ഉത്തരവാദിത്തങ്ങൾ എന്തെല്ലാമെന്നും, ഒടുവിൽ സമിതിയുടെ ശുപാർശകൾ എന്തൊക്കെയായിരിക്കുമെന്നും അവ ബാങ്കിങ് രംഗത്തെ എങ്ങനെ ശക്തിപ്പെടുത്തുമെന്നും കാത്തിരുന്നു കാണാം.