1 Nov 2023 11:20 AM IST
Summary
- ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം സെപ്റ്റംബറില്‍ ഇടിഞ്ഞു
- കല്‍ക്കരി ഉല്‍പ്പാദനം ഇരട്ടയക്ക വളര്‍ച്ച തുടരുന്നു
- ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ വളര്‍ച്ചയിലും കുറവ്
എട്ട് പ്രധാന ഇൻഫ്രാസ്ട്രക്ചർ വ്യവസായങ്ങളുടെ ഉല്‍പ്പാദനം സെപ്റ്റംബറില്‍ 8.1 ശതമാനം വളര്‍ച്ച പ്രകടമാക്കി. നാലു മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന കോര്‍ സെക്റ്റര്‍ വളര്‍ച്ചയാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 8.3 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. പുതുക്കിയ കണക്ക് അനുസരിച്ച് ഓഗസ്‍റ്റില്‍ 12 .5 ശതമാനം ഉല്‍പ്പാദന വളര്‍ച്ചയാണ് 8 മുഖ്യ മേഖലകള്‍ക്ക് മൊത്തമായി ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ ഉയര്‍ന്ന അടിത്തറയും ഏഴ് മേഖലകളിലെ ആവശ്യകതയില്‍ അനുഭവപ്പെടുന്ന മാന്ദ്യവുമാണ് ഉല്‍പ്പാദന വളര്‍ച്ച കുറയാന്‍ ഇടയാക്കിയത്.
വാണിജ്യ വ്യവസായ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാസവള മേഖലയുടെ വളര്‍ച്ച (4.2 ശതമാനം) മുന്‍ മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ വര്‍ധിച്ചു, അതേ സമയം കൽക്കരി (16.1 ശതമാനം), പ്രകൃതി വാതകം (6.5). ശതമാനം), റിഫൈനറി ഉൽപ്പന്നങ്ങൾ (5.5 ശതമാനം), സിമന്റ് (4.7 ശതമാനം), സ്റ്റീൽ (9.6 ശതമാനം), വൈദ്യുതി (9.3 ശതമാനം) എന്നിവയിലെ വളര്‍ച്ച ചുരുങ്ങി. അതേസമയം, രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ക്രൂഡ് ഓയിൽ ഉൽപ്പാദനം വീണ്ടും (-0.4 ശതമാനം) ഇടിവിലേക്ക് നീങ്ങി.
മഴയുടെ വർദ്ധനവ് സെപ്റ്റംബറിലെ മുഖ്യ മേഖലയുടെ വികാസത്തെ പരിമിതപ്പെടുത്തിയെന്ന് ഐസിആർഎ റേറ്റിംഗിലെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായർ പറഞ്ഞു. “സെപ്റ്റംബറിൽ തുടർച്ചയായ മൂന്നാം മാസവും കൽക്കരി ഉൽപ്പാദനം ഇരട്ട അക്കത്തിൽ വർധിച്ചപ്പോൾ, സ്റ്റീൽ ഉൽപ്പാദനവും വൈദ്യുതി ഉൽപാദനവും ശക്തമായ വളർച്ച രേഖപ്പെടുത്തി. സിമന്റ് ഉൽപ്പാദനത്തിലെ വളർച്ച സെപ്റ്റംബറിൽ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുത്തനെ കുറഞ്ഞു, അതേസമയം ക്രൂഡ് ഓയിൽ ഉൽപ്പാദനം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സങ്കോചത്തിലേക്ക് തിരിച്ചു വന്നു," അവർ പറഞ്ഞു.
ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ, കോർ സെക്ടറിലെ ഉൽപ്പാദന വളർച്ച 7.8 ശതമാനമാണ്. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 9.8 ശതമാനം ആയിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
