image

12 March 2026 10:11 AM IST

Industries

250 രൂപയിൽ നിന്നാണ് തുടക്കം; ഇത് ഇന്ത്യൻ ഡെൻ്റൽകെയ‍ർ രം​ഗത്തെ പുന‍ർനിർവചിച്ച മലയാളി

MyFin Desk

250 രൂപയിൽ നിന്നാണ് തുടക്കം; ഇത് ഇന്ത്യൻ ഡെൻ്റൽകെയ‍ർ   രം​ഗത്തെ പുന‍ർനിർവചിച്ച മലയാളി
X

John Kuriakose , Dent Care Dental Lab

Summary

250 രൂപയിൽ നിന്നാണ് തുടക്കം. ഒരു ഡെൻ്റിസ്റ്റിൻ്റെ സഹായിയായിരുന്ന ജോൺ കുര്യാക്കോസ് എങ്ങനെയാണ് പിന്നീട് ഇന്ത്യയിലെ ഡെൻ്റൽ കെയർ രംഗം പുനർനിർവചിച്ചത്?


ഒരു ഡെൻ്റൽ ക്ലിനിക്കിലെ ഡോക്ടറുടെ അറ്റൻഡറായി ആണ് തുടക്കം. ഇന്ന് ഡെൻ്റൽ കെയർ രം​ഗത്ത് നിന്ന് ശതകോടികളുടെ ആസ്തി. 250 രൂപ മാസ ശമ്പളമുണ്ടായിരുന്ന ജോൺ കുര്യാക്കോസ് സ്വന്തം സമ്പാദ്യങ്ങൾക്കൊപ്പം 15 ലക്ഷം രൂപ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ലോൺ കൂടെ എടുത്താണ്38 വർഷം മുമ്പ് ഡെൻ്റ് കെയ‍ർ ഡെൻ്റൽ ലാബ് തുടങ്ങുന്നത്. ഇന്ന് ശതകോടികളുടേതാണ് ഈ വ്യവസായ സാമ്രാജ്യം.

ഇന്ത്യൻ ഡെൻ്റൽകെയർ രം​ഗത്തെ തന്നെ പുനർനിർവചിച്ച മലയാളി. വിദേശ രാജ്യങ്ങളിലേക്കും വിവി ഉൽപ്പന്നങ്ങളുടെ കയറ്റുമതി. എങ്ങനെയാണ് ജോൺ കുര്യാക്കോസ് ഈ രം​ഗത്ത് എത്തുന്നത്? മൈഫിൻ ടിവിയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ നിന്ന്.

ഒരു ഡൻ്റിസ്റ്റിൻ്റെ അറ്റൻഡറായിരുന്നപ്പോൾ പഠിച്ചെടുത്ത കൃത്രിമ പല്ല് നിർമാണവും ഈ രം​ഗത്ത് മാറ്റങ്ങൾക്ക് തുടക്കമിടാൻ എന്തുചെയ്യാനാകും എന്ന ചിന്തയുമാണ് ഡെൻ്റ് കെയ‍ർ ഡെൻ്റൽ ലാബിൻ്റെ പിറവിക്ക് പിന്നിൽ. പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഡോക്ടറുടെ സഹായിയായി ജോലി ചെയ്യുന്ന സമയത്ത് ഡെൻ്റൽ ക്ലിനിക്കിലെ തറ തുടക്കുക, ഡോക്ടറുടെ ടോയിലെറ്റ് കഴുകുക, ചായ വാങ്ങി കൊടുക്കുക തുടങ്ങി സ‍ർവ പണികളും ജോൺ കുര്യാക്കോസ് ചെയ്യുമായിരുന്നു.

ജീവിതം മാറ്റി മറിച്ച ഒരു പഠനം

രാവിലെ എട്ടു മണി മുതൽ അഞ്ചു മണി വരെയാണ് ജോലി സമയം. പുലർച്ചെ ആറ്- ആറരക്ക് തന്നെ എത്തി ജോലികൾ എല്ലാം തീ‍ർക്കും. ഉത്സാഹത്തോടെ ജോലികൾ ചെയ്യുന്നത് കണ്ടിട്ടാകണം ഡോക്ട‍ർ കൃത്രിമപല്ല് നിർമാണം കൂടെ പിന്നീട് പഠിപ്പിച്ചു. അക്കാലത്ത് പല്ല് കേടായാൽ എടുത്ത് കളയും. അല്ലെങ്കിൽ എടുത്ത് കഴുകാവുന്ന കൃത്രിമ പല്ലുകൾ വയ്ക്കും . ധാരാളം പണമുള്ളവ‍ർ മാത്രമാണ് ഫിക്സ് ചെയ്യുന്ന പല്ല് വയ്ക്കുന്നത്. അന്ന് കൃത്രിമപല്ലുകൾ എത്തിക്കുന്ന രണ്ടേ രണ്ടു സ്ഥാപനങ്ങൾ മാത്രമാണ് രാജ്യത്തുള്ളത്. പക്ഷേ രോ​ഗിയുടെ വായിൽ പല്ല് വയ്ക്കുന്നത് പിടിപ്പത് പണിയാണ്. ഈ കൃത്രിമ പല്ലുകളിൽ പലതും രോ​ഗിയ്ക്ക് പാകമാകണമെങ്കിൽ ഡോക്ട‍ർ മണിക്കൂറുകൾ എടുത്ത് ​ഗ്രൈൻഡ് ചെയ്യേണ്ട സ്ഥിതിയാണ്. രോ​ഗികൾക്കും മെനക്കേട് . ഇത് എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയിൽ നിന്നാണ് ഡെൻ്റൽ ലാബ് എന്ന ഉത്തരം കിട്ടുന്നത്.

കഠിനാധ്വാനത്തിലൂടെ സമ്പാദിച്ചത് അഞ്ചുലക്ഷം രൂപ

ഡോക്ടറുടെ സ്ഥാപനത്തിൽ ഒരു വർഷം മുഴുവൻ പണി എടുത്താൽ 3000 രൂപയാണ് ശമ്പളം. ആ പണം കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. കൃത്രിമ പല്ലു നി‍ർമിക്കാൻ പഠിച്ചതുകൊണ്ട് ഒഴിവു സമയങ്ങളിൽ അടുത്തുള്ള ക്ലിനിക്കുകളിൽ പല്ലുകൾ സെറ്റ് ചെയ്യാനായി പോകുമായിരുന്നു. ഈ പാർട്ട് ടൈം ജോലിയിലൂടെ മികച്ച വരുമാനം കണ്ടെത്താനായി. ഒരു ദിവസം കൊണ്ട് 350 രൂപ വരെ ഇങ്ങനെ നേടിയ ദിവസങ്ങളുമുണ്ട്. അഞ്ച്- ആറു വ‍ർഷം കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച അഞ്ചു ലക്ഷം രൂപയും സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നെടുത്ത 15 ലക്ഷം രൂപയുമായി ആണ് ഡെൻ്റ് കെയ‍ർ ഡെൻ്റ് ലാബിൻ്റെ തുടക്കം.

രോ​ഗികൾക്ക് ഹാനികരമാകുന്ന യാതൊരു അസംസ്കൃത വസ്തുക്കളും ദന്ത നി‍ർമാണത്തിന് ഉപയോ​ഗിക്കില്ല. രാജ്യത്ത് തന്നെ ആദ്യമായി മെഷീനുകൾ ജ‍ർമനിയിൽ നിന്ന് ഇറക്കുമതി ചെയ്തായിരുന്നു കൃത്രിമ പല്ല് നി‍ർമാണം. തുടക്കത്തിൽ ഇത്രയധികം നിക്ഷേപത്തിൽ തുടങ്ങുന്ന സ്ഥാപനം വിജയിക്കുമോ എന്ന ചോദ്യം ഡെൻ്റിസ്റ്റുമാ‍ർ പോലും ചോദിച്ചിരുന്നു. പക്ഷേ ദൈവം ഒപ്പം നിന്നു. ഇന്ന് ഒരു ദിവസം ഇവിടെ നി‍ർമിക്കുന്നത് 5000 കൃത്രിമ പല്ലുകളാണ്. ബാല്യത്തിലെ ദുരിതങ്ങളും പട്ടിണിയും ഒക്കെ കൊണ്ട് ജീവിതത്തിൽ ഒരിക്കലും ഉയരില്ലെന്ന് ചിന്തിച്ചിരുന്ന ജോൺ കുര്യാക്കോസ് ഇന്ന് ജോലി നൽകുന്നത് 4400 ഓളം ജീവനക്കാ‍ർക്കാണ്.