20 March 2026 3:31 PM IST
Summary
ഫ്‌ലിപ്കാര്‍ട്ടിന്റെ ഐപിഒയ്ക്ക് മുന്‍പായി നടന്ന ഈ മാറ്റം വിപണിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ശ്രീറാമിന് പകരം ഫ്‌ലിപ്കാര്‍ട്ട് സിഎഫ്ഒ രവി അയ്യര്‍ താല്‍ക്കാലികമായി ഗ്രൂപ്പിന്റെ സാമ്പത്തിക ചുമതലകള്‍ വഹിക്കും
ഇന്ത്യന്‍ ഇ-കൊമേഴ്സ് രംഗത്തെ അതികായന്മാരായ ഫ്‌ലിപ്കാര്‍ട്ട് ഗ്രൂപ്പില്‍ വന്‍ നേതൃമാറ്റം. ഒരു ദശാബ്ദത്തിലേറെയായി കമ്പനിയുടെ സാമ്പത്തിക നട്ടെല്ലായിരുന്ന ഗ്രൂപ്പ് സിഎഫ്ഒ ശ്രീറാം വെങ്കിട്ടരാമന്‍ പടിയിറങ്ങുന്നു. ഫ്‌ലിപ്കാര്‍ട്ടിന്റെ ഐപിഒയ്ക്ക് മുന്‍പായി നടന്ന ഈ മാറ്റം വിപണിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ശ്രീറാമിന് പകരം ഫ്‌ലിപ്കാര്‍ട്ട് സിഎഫ്ഒ രവി അയ്യര്‍ താല്‍ക്കാലികമായി ഗ്രൂപ്പിന്റെ സാമ്പത്തിക ചുമതലകള്‍ വഹിക്കും. അതോടൊപ്പം കോര്‍പ്പറേറ്റ് വികസനത്തിനായി നിഷാന്ത് വര്‍മനെ സീനിയര്‍ വൈസ് പ്രസിഡന്റായി നിയമിച്ചതായും വാള്‍മാര്‍ട്ടിന്റെ പിന്തുണയുള്ള ഈ കമ്പനി പ്രഖ്യാപിച്ചു.
സിംഗപ്പൂരില്‍ നിന്ന് തങ്ങളുടെ ആസ്ഥാനം ഇന്ത്യയിലേക്ക് മാറ്റിയ ഫ്‌ലിപ്കാര്‍ട്ട്, ഈ വര്‍ഷം അവസാനമോ 2027 ആദ്യമോ ആഭ്യന്തര വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് ഒരുങ്ങുന്നത്. ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ അടുത്ത മാസം തന്നെ ബാങ്കുകളുമായി ചേര്‍ന്ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പബ്ലിക് ലിസ്റ്റിംഗിന് മുന്നോടിയായി നിക്ഷേപകരുമായും ബാങ്കര്‍മാരുമായും കമ്പനി അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായി ഇത് മാറുമെന്നാണ് സാമ്പത്തിക ലോകം വിലയിരുത്തുന്നത്.
നേതൃമാറ്റത്തോടൊപ്പം തന്നെ ചില കടുത്ത തീരുമാനങ്ങളിലൂടെയും കമ്പനി ഇപ്പോള്‍ കടന്നുപോകുകയാണ്. വാര്‍ഷിക പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 400 മുതല്‍ 500 വരെ ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചു. ഇത് ഫ്‌ലിപ്കാര്‍ട്ടിലെ ആകെ തൊഴിലാളികളുടെ 3-4% വരും. സാധാരണ നിലയിലുള്ള പിരിച്ചുവിടലുകളേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. ഐപിഒയ്ക്ക് മുന്നോടിയായി പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമുള്ള നീക്കമായാണ് ഇതിനെ കാണുന്നത്. എങ്കിലും സീനിയര്‍ തലത്തിലുള്ള നിയമനങ്ങളില്‍ കമ്പനി ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
സാമ്പത്തികമായി നോക്കിയാല്‍, ഫ്‌ലിപ്കാര്‍ട്ടിന്റെ വരുമാനത്തില്‍ 17.3% വര്‍ദ്ധനവുണ്ടായിട്ടുണ്ട് (82,787.3 കോടി രൂപ). എന്നാല്‍ വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം തന്നെ നഷ്ടവും ഉയരുന്നത് കമ്പനിയെ ആശങ്കപ്പെടുത്തുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ 5,189 കോടി രൂപയുടെ സംയോജിത നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ചെലവുകള്‍ 17.4% ഉയര്‍ന്ന് 88,121.4 കോടിയിലെത്തിയതാണ് ഇതിന് പ്രധാന കാരണം. ഈ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയിലെ ലിസ്റ്റിംഗിലൂടെ പുതിയൊരു കുതിച്ചുചാട്ടത്തിനാണ് ഫ്‌ലിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
