image

8 March 2026 11:37 AM IST

E-commerce

രുചിയേറും കുതിപ്പ്; ഫുഡ് ഡെലിവറിയില്‍ വളര്‍ച്ച അതിവേഗം

MyFin Desk

rapid growth in food delivery, ahead of swiggy and zomato
X

Summary

ഉത്സവകാലത്തെ വന്‍ ഡിമാന്‍ഡും കുറഞ്ഞ നിരക്കിലുള്ള ഭക്ഷണ പദ്ധതികളും കൂടുതല്‍ ഉപഭോക്താക്കളെ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്


സാധാരണക്കാരന്റെ പോക്കറ്റിന് ഒതുങ്ങുന്ന വിഭവങ്ങളും അതിവേഗ ഡെലിവറിയും ഓണ്‍ലൈന്‍ ഭക്ഷ്യവിതരണക്കമ്പനികള്‍ക്ക് കരുത്തായി. മേഖലയിലെ വമ്പന്‍മാരായ സ്വിഗ്ഗി, സൊമാറ്റോ, മാജിക്പിന്‍ എന്നിവര്‍ അതിവേഗ വളര്‍ച്ചയുടെ പാതയിലാണ് ഇന്ന്. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ രേഖപ്പെടുത്തിയ മികച്ച വളര്‍ച്ചാ നിരക്കുകള്‍ കമ്പനികളുടെ കുതിപ്പ് അടയാളപ്പെടുത്തുന്നതാണ്. ഉത്സവകാലത്തെ വന്‍ ഡിമാന്‍ഡും കുറഞ്ഞ നിരക്കിലുള്ള ഭക്ഷണ പദ്ധതികളും കൂടുതല്‍ ഉപഭോക്താക്കളെ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മാജിക്പിന്‍ സിഇഒ അന്‍ഷു ശര്‍മ്മ വ്യക്തമാക്കുന്നത് പ്രകാരം, കമ്പനിയുടെ യൂണിറ്റ് ഇക്കണോമിക്‌സ് 60 ശതമാനത്തിലധികം മെച്ചപ്പെട്ടു. ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ഓര്‍ഡര്‍ മൂല്യത്തില്‍ 40 ശതമാനത്തിലധികം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 150 മുതല്‍ 300 രൂപ വരെയുള്ള ചെറുകിട ഓര്‍ഡറുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് സാധാരണക്കാര്‍ക്കിടയില്‍ കമ്പനിയുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചത്.

സ്വിഗ്ഗിയും സൊമാറ്റോയും തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വളര്‍ച്ചാ കാലയളവിലൂടെയാണ് കടന്നുപോകുന്നത്. സ്വിഗ്ഗിയുടെ മൊത്തം ഓര്‍ഡര്‍ മൂല്യം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 20.5 ശതമാനം വര്‍ധിച്ച് 8,959 കോടി രൂപയിലെത്തി. ഉപയോക്താക്കളുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ദ്ധനവുണ്ടായതോടെ പ്രതിമാസ ഇടപാടുകാരുടെ എണ്ണം 24.3 ദശലക്ഷമായി ഉയര്‍ന്നു. വേഗതയും താങ്ങാനാവുന്ന വിലയുമാണ് തങ്ങളുടെ വിജയമെന്ന് സ്വിഗ്ഗി ഓഹരി ഉടമകളെ അറിയിച്ചു.

സൊമാറ്റോയുടെ കാര്യത്തിലും വളര്‍ച്ചാ പ്രവണത സമാനമാണ്. ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റ ഓര്‍ഡര്‍ മൂല്യം 16.6 ശതമാനം വര്‍ധിച്ച് 9,846 കോടി രൂപയായി. ചെറിയ നഗരങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളുടെ വര്‍ദ്ധനവാണ് ഈ കുതിപ്പിന് പ്രധാന കാരണം. വരും പാദങ്ങളിലും മാര്‍ക്കറ്റിംഗ്, ഉല്‍പ്പന്ന നവീകരണം എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്തി ഈ വളര്‍ച്ച നിലനിര്‍ത്താനാണ് കമ്പനികളുടെ ലക്ഷ്യം.