19 Jan 2026 2:08 PM IST
Sandhya Radhakrishnan QBG: ക്യൂൻസ് ബിസിനസ് ഗ്ലോബൽ; വർണ നൂലുകൾ കൊണ്ട് സന്ധ്യ ഇഴ ചേർത്തൊരു സ്നേഹ കൂട്ടായ്മ
Rinku Francis
Summary
രണ്ട് കിടിലൻ റെക്കോഡുകൾ പേരിലുള്ള മോഡലാണ്. ക്യൂബിജി എന്ന വനിത സംരംഭക കൂട്ടായ്മയിലൂടെ ആയിരക്കണക്കിന് വനിതകൾക്ക് അത്താണി കൂടെയാണ് സന്ധ്യ രാധാകൃഷ്ണൻ.
ആയിരക്കണക്കിന് വനിത സംരംഭകരെ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ സഹായിച്ച ഒരു ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ മോഡൽ. കൊടുങ്ങല്ലൂർ സ്വദേശി സന്ധ്യ രാധാകൃഷ്ണൻ ഇന്ന് സംസ്ഥാനത്തെ നിരവധി ചെറുവനിതാ സംരംഭകർക്ക് ആശ്വാസമാണ്. 140 ചാപ്റ്ററുകളിലായി മൂവായിരത്തിലധികം വനിതകളുടെ സമൂഹ മാധ്യമ കൂട്ടായ്മയായ ക്യുബിജി രൂപീകരിക്കാൻ നേതൃത്വം നൽകിയാണ്, സന്ധ്യ സാധാരണക്കാരായ നിരവധി വനിതകളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയത്.
കൊവിഡ് കാലത്ത് സ്വന്തം സംരംഭം തുടങ്ങിയ സന്ധ്യയും നാലു സുഹൃത്തുക്കളും ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി ആയിരുന്നു ആദ്യം ഒരു എഫ്ബി പേജ് തുടങ്ങിയത്. ക്യൂൻസ് ബിസിനസ് ഗ്ലോബൽ (ക്യുബിജി) എന്ന് പേരും ഇട്ടു. തുടക്കത്തിൽ വളരെ കുറച്ച് അംഗങ്ങളുമായി ആണ് ഈ വനിതാ കൂട്ടായ്മ രൂപീകരിച്ചതെങ്കിലും പിന്നീട് ഇവരെ തന്നെ വിസ്മയിപ്പിച്ച് ഈ കൂട്ടായ്മ വളരുകയായിരുന്നു.
സംസ്ഥാനമൊട്ടാകെയും പിന്നീട് വിവിധ സംസ്ഥാനങ്ങളിലെ മലയാളി വനിതകളിലേക്കും കൂട്ടായ്മ പടർന്നു. ഇന്ന് കുബിജിയിലൂടെ നിരവധി വനിതകൾ വരുമാനം കണ്ടെത്തുന്നുണ്ട്. ഒരേ ബിസിനസ്രംഗത്തുള്ളവരും വ്യത്യസ്ത ബിസിനസ് ചെയ്യുന്നവരുമൊക്കെ ഒരുമയോടെ ഈ പ്ലാറ്റ്ഫോമിൽ ഉൽപ്പന്നങ്ങളേ കുറിച്ച് പറയുന്നു. ഓർഡറുകൾ നേടുന്നു.
വെറും ഒരു വനിത കൂട്ടായ്മ എന്നതിനപ്പുറം വിവിധ മെൻ്റർഷിപ്പ് പ്രോഗ്രാമുകളും ചാപ്റ്റർവൈസ് ഒത്തുകൂടലുകളുമൊക്കെ ക്യുബിജി സംഘടിപ്പിക്കുന്നുണ്ട്. സംരംഭകരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി വിവിധ മേളകളും സംഘടിപ്പിക്കുന്നു.
കൊവിഡ് കാലത്ത് ചില റെക്കോഡുകൾ
കൊവിഡ് അനേകരെ പ്രതിസന്ധിയിലാക്കിയ സമയത്ത് ക്രാഫ്റ്റ് വർക്കിലൂടെ മികച്ച അവസരങ്ങൾ കണ്ടെത്തി മുന്നേറിയ ആളാണ് സന്ധ്യ. ബോട്ടിൽ ആർട്ടിലൂടെയായിരുന്നു ആദ്യം തുടക്കം. പിന്നീട് ത്രെഡുകൾ കൊണ്ട് മനോഹരമായ ആർട്ട് വർക്കുകൾ ചെയ്തു തുടങ്ങി. നൂലിന് നിറങ്ങൾ നൽകി തീർക്കുന്ന വിസ്മയങ്ങൾക്ക് ആവശ്യക്കാരേറി. ലൈൻ ആർട്ടാണ് ആദ്യം ചെയ്തത്. പിന്നീട് ആളുകളുടെ മുഖങ്ങളും ത്രെഡിൽ തീർത്തു തുടങ്ങി. ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് ആദ്യം ഉപഭോക്താക്കളെ കണ്ടെത്തിയത്. സാൻഡീസ് ക്രാഫ്റ്റ് വേൾഡ് എന്ന പേരിലായിരുന്നു ഈ സംരംഭം.
സണ്ണി ലിയോണും ത്രെഡിൽ
ജയസൂര്യയുടെ കുടുംബ ചിത്രവും ത്രെഡിൽ ചെയ്തു കൊടുത്തിരുന്നു.മഞ്ജു വാര്യരുടെ ചിത്രം, ശൈലജ ടീച്ചറുടെ ചിത്രം, സണ്ണി ലിയോണിൻ്റെ ചിത്രം എന്നിവയൊക്കെ നൂലിഴകൾകൊണ്ട് മനോഹരമായി തീർത്തിട്ടുണ്ട്. രണ്ട് റെക്കോഡുകളും സന്ധ്യയുടെ പേരിലുണ്ട്. ഒരു വർഷം 250 വ്യക്തികളുടെ മുഖചിത്രം ത്രെഡിൽ തീർത്തതിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും നേടിയത്.
പിന്നീട് , മോഡലിങ് രംഗത്തുൾപ്പെടെ സജീവമായ സന്ധ്യക്ക് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യത്തിൽ കൂടുതൽ ഓർഡറുകൾ എത്തി തുടങ്ങി. പലതും എടുക്കാൻ ആകാത്ത സ്ഥിതിയായപ്പോൾ ഈ രംഗത്ത് പ്രവർത്തിക്കുന്ന മറ്റ് വനിതകൾക്ക് കൂടി പേജിലൂടെ സന്ധ്യ അവസരങ്ങൾ നൽകി. അനേകർ വരുമാനം കണ്ടെത്തി.
വരുന്നോ സോയെയിലേക്ക്?
ഇപ്പോൾ സോയെ എന്ന പേരിൽ ഒരു എക്സ്ക്ലൂസീവ് ഷോപ്പും സന്ധ്യക്കുണ്ട്. ഹാൻഡ് ക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ, ഹോം ഡെക്കോർ ഉൽപ്പന്നങ്ങൾ , ഹാൻഡ് ലൂം ഉൽപ്പന്നങ്ങൾ എന്നിവയൊക്കെ ഉപഭോക്താക്കളിൽ എത്തിക്കുന്നുണ്ട്. സുരക്ഷിതമായിരുന്ന എച്ച്ആർ ജോലി ഉപേക്ഷിച്ച് ശരീരത്തെ ബാധിച്ച അപൂർവ രോഗം ഉൾപ്പെടെയുള്ള പ്രതിബന്ധങ്ങളോട് പടവെട്ടിയാണ് സന്ധ്യ സംരംഭക രംഗത്ത് എത്തുന്നത്. ഇന്ന് ക്യുബിജിയിലൂടെ നിരവധി വനിതകളെ ശാക്തീകരിക്കുന്നു. പുതിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നു
പഠിക്കാം & സമ്പാദിക്കാം
Home
