image

11 Oct 2026 3:41 PM IST

E-commerce

ക്വിക്ക് കൊമേഴ്സിന് കുതിപ്പേറും; ഫുഡ് ഡെലിവറിക്കും 18% വളര്‍ച്ചാ പ്രതീക്ഷ

MyFin Desk

ക്വിക്ക് കൊമേഴ്സിന് കുതിപ്പേറും;   ഫുഡ് ഡെലിവറിക്കും 18% വളര്‍ച്ചാ പ്രതീക്ഷ
X

Summary

ഫിന്‍ടെക് മേഖലയിലും രണ്ടാം പാദത്തില്‍ വരുമാന വളര്‍ച്ചയും ലാഭക്ഷമതയിലെ പുരോഗതിയും പ്രതീക്ഷിക്കുന്നുണ്ട്. പ്രവര്‍ത്തനച്ചെലവുകള്‍ നിയന്ത്രിക്കുന്നതിലൂടെയും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനാകും


ഇന്ത്യയിലെ ക്വിക്ക് കൊമേഴ്സ് മേഖലയില്‍ ഓര്‍ഡര്‍ മൂല്യ വളര്‍ച്ച ശക്തമാകുമെന്ന് എംകെയുടെ (Emkay) റിപ്പോര്‍ട്ട്. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പ്രമുഖ പ്ലാറ്റ്ഫോമുകളുടെ നെറ്റ് ഓര്‍ഡര്‍ വാല്യൂ വളര്‍ച്ച പാദാടിസ്ഥാനത്തില്‍ 21.6 ശതമാനം വരെ ഉയരാനാണ് സാധ്യത. ചില പ്ലാറ്റ്ഫോമുകള്‍ മിനിമം ഓര്‍ഡര്‍ മൂല്യം ഉയര്‍ത്തുകയും കിഴിവുകള്‍ കുറയ്ക്കുകയും ചെയ്തതോടെ ഉപഭോക്താക്കള്‍ മറ്റ് സേവനങ്ങളിലേക്ക് മാറുന്നത് പ്രമുഖ കമ്പനികള്‍ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഉത്സവകാലം അടുത്തെത്തുന്നതോടെ മൂന്നാം പാദത്തില്‍ മത്സരം കൂടുതല്‍ കടുക്കാനും സാധ്യതയുണ്ട്.

ഭക്ഷണ വിതരണ മേഖലയിലും സ്ഥിരമായ വളര്‍ച്ച തുടരുമെന്നാണ് റിപ്പോര്‍ട്ടിന്റെ പ്രവചനം. ഓര്‍ഡര്‍ മൂല്യത്തില്‍ വര്‍ഷാടിസ്ഥാനത്തില്‍ ഏകദേശം 18 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ലാഭക്ഷമതയിലും സ്ഥിരത നിലനിര്‍ത്താന്‍ മേഖലയ്ക്ക് കഴിയുമെന്നാണ് എംകെയുടെ വിലയിരുത്തല്‍. ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ വളര്‍ച്ചയുടെ വേഗം കൂട്ടുമ്പോള്‍, ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകള്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ മുന്നേറുമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന നിരീക്ഷണം.

ഫിന്‍ടെക് മേഖലയിലും രണ്ടാം പാദത്തില്‍ വരുമാന വളര്‍ച്ചയും ലാഭക്ഷമതയിലെ പുരോഗതിയും പ്രതീക്ഷിക്കുന്നുണ്ട്. പ്രവര്‍ത്തനച്ചെലവുകള്‍ നിയന്ത്രിക്കുന്നതിലൂടെയും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനാകും. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രണ്ടും, മൂന്നാം പാദങ്ങളിലായി വ്യാപിച്ച ഉത്സവകാല ചെലവുകള്‍ ഇത്തവണ മൂന്നാം പാദത്തിലേക്ക് കേന്ദ്രീകരിക്കുന്നത് പേയ്മെന്റ് കമ്പനികളുടെ വാര്‍ഷിക വരുമാന വളര്‍ച്ചയെ ബാധിച്ചേക്കാം.

ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയും ഉയര്‍ന്ന ഓപ്പറേറ്റിംഗ് ലിവറേജും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം കമ്പനികള്‍ ആകര്‍ഷകമായ നിക്ഷേപ അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് എംകെയുടെ വിലയിരുത്തല്‍. വരുമാനം ഉയരുന്നതിനനുസരിച്ച് ചെലവുകളുടെ വളര്‍ച്ച നിയന്ത്രിക്കാനായാല്‍ ലാഭക്ഷമത മെച്ചപ്പെടുത്താന്‍ കമ്പനികള്‍ക്ക് സാധിക്കും. എന്നാല്‍, ഓരോ പ്ലാറ്റ്ഫോമിന്റെയും വളര്‍ച്ചാ വേഗം, ബിസിനസിന്റെ പക്വത, ലാഭക്ഷമത എന്നിവ വ്യത്യസ്തമായതിനാല്‍ അവയുടെ വരുമാന ഗുണിതങ്ങളെ നേരിട്ട് താരതമ്യം ചെയ്യാനാവില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.