22 Nov 2026 9:42 AM IST
സോപ്പിനൊപ്പം നെയ്യ്; തറയില്‍ ഭക്ഷണം, പൂനെയില്‍ ആമസോണിനും ബിഗ്ബാസ്‌കറ്റിനും തിരിച്ചടി
MyFin Desk
Summary
പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങളിലും കാലഹരണപ്പെട്ട ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, വൃത്തിഹീനമായ അവസ്ഥ, ശുചിത്വ മാനദണ്ഡങ്ങളുടെ ലംഘനം എന്നിവ കണ്ടെത്തി
പൂനെയില്‍ ആമസോണിന്റെയും ബിഗ്ബാസ്‌ക്കറ്റിന്റെയും ഡാര്‍ക്ക് സ്റ്റോറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.പൂനെ നഗരത്തിലെ സിംഹഗഡ് റോഡിലുള്ള ഡാര്‍ക്ക് സ്റ്റോറുകളുടെ ഭക്ഷ്യ ലൈസന്‍സുകളാണ് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) സസ്‌പെന്‍ഡ് ചെയ്തത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെയും ശുചിത്വ മാനദണ്ഡങ്ങളുടെയും ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങളിലും കാലഹരണപ്പെട്ട ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, വൃത്തിഹീനമായ അവസ്ഥ, ഷെഡ്യൂള്‍ IV വ്യവസ്ഥകളുടെ ലംഘനം എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്ന് 2006-ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമപ്രകാരം നടപടി സ്വീകരിക്കുകയായിരുന്നു.
ഗജാനന്‍ ഇന്‍വെന്ററീസ് നടത്തുന്ന ആമസോണ്‍ ഡാര്‍ക്ക് സ്റ്റോറില്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ ലഡ്ഡു, പേഡ, മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങളില്‍ ഫംഗസ് വളരുന്നതും ഭക്ഷണ പാത്രങ്ങളില്‍ പൊടിപടലങ്ങള്‍ വളരുന്നതും അവര്‍ നിരീക്ഷിച്ചു. ഒരു നെയ്യ് പാത്രത്തിന്റെ അടപ്പ് പൊട്ടിയിരുന്നതായും കാര്‍ട്ടണുകളില്‍ നിന്ന് എണ്ണ ഒഴുകുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കീട നിയന്ത്രണ നടപടികള്‍ തെറ്റാണെന്നും ജീവനക്കാരുടെ ശുചിത്വവുമായി ബന്ധപ്പെട്ട രേഖകളുടെ അഭാവമുണ്ടെന്നും കണ്ടെത്തി.
സോപ്പ്, നെയ്യ് പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ, ഭക്ഷ്യേതര വസ്തുക്കള്‍ ഒരുമിച്ച് സൂക്ഷിച്ച നിലയിലും കണ്ടെത്തി.ഇന്നൊവേറ്റീവ് റീട്ടെയില്‍ കണ്‍സെപ്റ്റ് നടത്തുന്ന ബിഗ്ബാസ്‌ക്കറ്റ് ഡാര്‍ക്ക് സ്റ്റോറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കാലാവധി കഴിഞ്ഞ കേക്കുകള്‍, ബ്രെഡ്, പാല്‍ റസ്‌ക്, ചട്ണി എന്നിവയും മറ്റ് ഭക്ഷ്യ സുരക്ഷാ ലംഘനങ്ങളും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഭക്ഷ്യവസ്തുക്കള്‍ തറയില്‍ കിടക്കുന്നതായും തകര്‍ന്ന തറ, വൃത്തിഹീനമായ ഒരു ശീതീകരണ മുറി, ചോര്‍ന്നൊലിക്കുന്ന എണ്ണ പാക്കറ്റുകള്‍, തെറ്റായ കീട നിയന്ത്രണ നടപടികള്‍ എന്നിവയും കണ്ടെത്തി. അസിസ്റ്റന്റ് കമ്മീഷണര്‍ (ഭക്ഷ്യ) നാരായണ്‍ സര്‍ക്കാറ്റെയുടെ മാര്‍ഗനിര്‍ദേശപ്രകാരം, ജോയിന്റ് കമ്മീഷണര്‍ ശ്രീകാന്ത് കര്‍ക്കലെയുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സുപ്രിയ ജഗ്താപാണ് നടപടി സ്വീകരിച്ചത്. ഉപഭോക്തൃ ആരോഗ്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലൈസന്‍സ് വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ലൈസന്‍സ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും കര്‍ക്കലെ മുന്നറിയിപ്പ് നല്‍കി.
പഠിക്കാം & സമ്പാദിക്കാം
Home
