24 March 2026 3:28 PM IST
സ്വിഗ്ഗിയിലും ഇനി നിരക്ക് കൂടും; പ്ലാറ്റ്ഫോം ഫീസില്‍ വന്‍ വര്‍ദ്ധനവ്, പോക്കറ്റ് കാലിയാകുമോ?
MyFin Desk
Summary
ബില്ലില്‍ വരുന്ന ഈ ചെറിയ മാറ്റം ഒറ്റനോട്ടത്തില്‍ നിസ്സാരമെന്ന് തോന്നാമെങ്കിലും, മാസാവസാനം കണക്കെടുക്കുമ്പോള്‍ ഒരു ശരാശരി ഉപഭോക്താവിന്റെ ബില്ലില്‍ വലിയ വ്യത്യാസം ഈ വര്‍ധന വരുത്തും
ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ പോക്കറ്റ് കീറാന്‍ പ്രമുഖ ഡെലിവറി ആപ്പുകള്‍ തയ്യാറെടുത്തു. സൊമാറ്റോയ്ക്ക് പിന്നാലെ ഇപ്പോള്‍ സ്വിഗ്ഗിയും തങ്ങളുടെ പ്ലാറ്റ്ഫോം നിരക്കുകളില്‍ വന്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുകയാണ്. ഒരു ഓര്‍ഡറിന് ഈടാക്കിയിരുന്ന 14.99 രൂപയില്‍ നിന്ന് ജിഎസ്ടി ഉള്‍പ്പെടെ 17.58 രൂപയായാണ് സ്വിഗ്ഗി നിരക്ക് ഉയര്‍ത്തിയത്. ഏകദേശം 17 ശതമാനത്തിന്റെ ഈ വര്‍ദ്ധനവ് സ്ഥിരമായി ഓണ്‍ലൈന്‍ ഭക്ഷണം ആശ്രയിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാകും. പ്ലാറ്റ്ഫോം കൃത്യമായി പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനുമാണ് ഈ തുകയെന്നാണ് കമ്പനിയുടെ വിശദീകരണം.
വിപണിയിലെ ബദ്ധവൈരികളായ സൊമാറ്റോയും സമാനമായ നീക്കമാണ് നേരത്തെ നടത്തിയത്. നികുതിക്ക് മുന്‍പുള്ള ഫീസ് 12.50 രൂപയില്‍ നിന്നും 14.90 രൂപയായി സൊമാറ്റോ ഉയര്‍ത്തിയിരുന്നു. ഫലത്തില്‍, നികുതികള്‍ കൂടി ചേരുമ്പോള്‍ രണ്ട് കമ്പനികളും ഏതാണ്ട് ഒരേ തുക തന്നെയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ചെക്ക്ഔട്ട് സമയത്ത് ബില്ലില്‍ വരുന്ന ഈ ചെറിയ മാറ്റം ഒറ്റനോട്ടത്തില്‍ നിസ്സാരമെന്ന് തോന്നാമെങ്കിലും, മാസാവസാനം കണക്കെടുക്കുമ്പോള്‍ ഒരു ശരാശരി ഉപഭോക്താവിന്റെ ബില്ലില്‍ വലിയ വ്യത്യാസം ഇത് വരുത്തും.
സാങ്കേതിക ചെലവുകള്‍, ആപ്പ് പരിപാലനം, വിതരണ ശൃംഖലയുടെ സുഗമമായ പ്രവര്‍ത്തനം എന്നിവ ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ ഈ നിരക്ക് വര്‍ദ്ധനവിനെ ന്യായീകരിക്കുന്നത്. എന്നാല്‍, ഭക്ഷണത്തിന്റെ വിലയ്ക്കും ഡെലിവറി ചാര്‍ജിനും പുറമെ ഇത്തരം 'അധിക ഫീസുകള്‍' ഈടാക്കുന്നത് ഉപഭോക്താക്കള്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമാകുന്നുണ്ട്. വിപണിയില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനും ലാഭവിഹിതം വര്‍ദ്ധിപ്പിക്കാനുമുള്ള തന്ത്രമായാണ് സാമ്പത്തിക വിദഗ്ധര്‍ ഇതിനെ വിലയിരുത്തുന്നത്.
അതേസമയം, സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളിയുമായി പുതിയ കമ്പനികള്‍ വിപണിയിലേക്ക് എത്തുന്നുണ്ട്. പ്രമുഖ റൈഡ്-ഹെയ്‌ലിംഗ് സ്റ്റാര്‍ട്ടപ്പായ റാപ്പിഡോ 'ഓണ്‍ലി' എന്ന പേരില്‍ തങ്ങളുടെ സേവനം ബെംഗളൂരുവില്‍ ആരംഭിച്ചു കഴിഞ്ഞു. നിലവിലെ വമ്പന്‍മാരില്‍ നിന്ന് വ്യത്യസ്തമായി, അടിസ്ഥാന ഡെലിവറി ചാര്‍ജ് ഒഴികെ ഉപഭോക്താക്കളില്‍ നിന്നോ റെസ്റ്റോറന്റുകളില്‍ നിന്നോ അധിക പ്ലാറ്റ്ഫോം ഫീസ് ഈടാക്കില്ലെന്നാണ് റാപ്പിഡോയുടെ വാഗ്ദാനം. ഈ മത്സരം മുറുകുന്നതോടെ സ്വിഗ്ഗിയും സൊമാറ്റോയും തങ്ങളുടെ വിലനിര്‍ണയ രീതിയില്‍ മാറ്റം വരുത്തുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.
പഠിക്കാം & സമ്പാദിക്കാം
Home
