image

10 Dec 2022 10:55 AM GMT

Financial Services

ഇ-റുപ്പി വാലറ്റ് നിങ്ങള്‍ കണ്ടോ? ഇന്റര്‍നെറ്റില്ലാതെ ഇടപാട് സാധ്യമോ? അറിയൂ

Thomas Cherian K

E rupee
X

Summary

  • യുപിഐയും ഇ-റുപ്പിയും തമ്മിലുള്ള വ്യത്യാസമെന്ത് ?
  • ഇ-റുപ്പി വാലറ്റ് ഉപയോഗം എങ്ങനെ ?
  • ഫോണില്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും ഇടപാട് സാധ്യമോ ?


ആഗോളതലത്തില്‍ കറന്‍സി ഇടപാടും ഡിജിറ്റല്‍വത്ക്കരണത്തിന്റെ കുടക്കീഴിലേക്ക് വരുമ്പോള്‍ ഇന്ത്യയിലെ പണമിടപാടും രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു. ഈ ചുവടുവെപ്പിന് ഇരട്ടി തിളക്കം നല്‍കുന്ന ആര്‍ബിഐയുടെ ഡിജിറ്റല്‍ പണമായ ഇ-റുപ്പിയുടെ പൈലറ്റ് പ്രോജക്ടുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇ റുപ്പി എന്ത് ? പ്രവര്‍ത്തനം എങ്ങനെ ? എന്നതടക്കം ഏകദേശം ഒരു ധാരണ ഏവരിലേക്കും എത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള കാര്യങ്ങളെ ഇനിയും അറിയാനിരിക്കുന്നതേയുള്ളു.

അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് യുപിഐ ഇടപാടും ഡിജിറ്റല്‍ കറന്‍സിയും തമ്മിലുള്ള വ്യത്യാസമെന്ത് ?, ബാങ്കുമായി ബന്ധമുണ്ടോ ? എന്നത് മുതല്‍ ഇവ ഉപയോഗിക്കാനുള്ള സംവിധാനം എന്ത് ? തുടങ്ങിയവ. ഒരുവിധം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇപ്പോള്‍ തന്നെ ആര്‍ബിഐയില്‍ നിന്നും പുറത്ത് വന്നു കഴിഞ്ഞു.

യുപിഐയും ഇ-റുപ്പിയും, വ്യത്യാസമെന്ത് ?

യുപിഐ ഇടപാട് എന്നാല്‍ ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്ന പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ഒരു ഇടനില സംവിധാനം എന്ന രീതിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത്, ഓരോ ഇടപാടും ബാങ്കുമായി ബന്ധപ്പെട്ടുകൊണ്ടാണ് നടക്കുക. എന്നാല്‍ ഇ റുപ്പി അങ്ങനെയല്ല. ബാങ്കില്‍ നിന്നും ഇ റുപ്പി സ്റ്റോര്‍ ചെയ്യാന്‍ പ്രത്യേകം തയാറാക്കിയ വാലറ്റിലേക്ക് ഡിജിറ്റല്‍ കറന്‍സി വന്നാല്‍ പിന്നെ സമാനമായ മറ്റ് വാലറ്റുകളുമായി നടക്കുന്ന ഇടപാട് മാത്രമാണുണ്ടാകുക.

ഇടയില്‍ ബാങ്ക് വരുന്നില്ലെന്ന് ചുരുക്കം. ഇക്കാര്യം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ശരിക്കും ഇ റുപ്പിയുടെ പ്രവര്‍ത്തനം ലളിതമാണ്. ബാങ്കില്‍ നിന്നും നിങ്ങള്‍ പ്രിന്റ് ചെയ്ത നോട്ട് വാങ്ങി പഴ്‌സില്‍ വെക്കുന്നു. ശേഷം ഇത് നിങ്ങളുടെ ഇടപാടകളില്‍ കൈമാറുന്നു. ഇടയില്‍ ബാങ്കും ഇല്ല. ഇതേ പ്രക്രിയയുടെ ഡിജിറ്റല്‍ രൂപമാണ് ഇ-റുപ്പി ഇടപാട്. ബാങ്കിന് ഇടയില്‍ റോള്‍ ഇല്ല എന്ന് വ്യക്തമായല്ലോ ?

ഇടപാട് എങ്ങനെ ?

ഇ റുപ്പി ഇടപാടിനായി ആര്‍ബിഐ പ്രത്യേകം വാലറ്റ് ഇറക്കിയിട്ടുണ്ട്. നിലവില്‍ ഇത് പൈലറ്റ് പ്രോജക്ടുകളില്‍ ഉള്ള ബാങ്കുകള്‍ക്കും ഇതുമായി സഹകരിക്കുന്ന വ്യാപാരികള്‍ക്കുമാണ് ലഭിച്ചിട്ടുള്ളത്. ഈ ആപ്പില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഫീഡ് ചെയ്യുമ്പോള്‍ അതുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് ഏതാണെന്ന് വാലറ്റ് സ്വയം കണ്ടെത്തി ലിങ്ക് ചെയ്യും. വാലറ്റിന്റെ ഹോം പേജില്‍ നാലു ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ടാകും.

Send (സെന്റ്), Collect (കളക്ട്), Load(ലോഡ്), Redeem(റിഡീം) എന്നിവയാണിത്. ഇതിന് താഴെയായി നമ്മള്‍ ഇടപാട് നടത്താന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റ് ഉണ്ടാകും. അതായത് അവരും ഇ റുപ്പിയുടെ വാലറ്റ് ഉള്ളവരായിരിക്കണം (ഈ ഗൂഗിള്‍ പേയിലെക്കെ ഉള്ളതിന് സമാനം). നമ്മള്‍ അവരുമായി എന്തെങ്കിലും ഇടപാട് നടത്തിയിട്ടുണ്ടെങ്കില്‍ അതും വാലറ്റില്‍ കാണാന്‍ സാധിക്കും. വാലറ്റിലെ ബാലന്‍സ് എത്രെന്നും അതേ പേജില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും.

ലോഡ് എന്ന ഓപ്ഷന്‍ വഴിയാണ് ബാങ്ക് അക്കൗണ്ടിലുള്ള പണം വാലറ്റിലേക്ക് ഇ-റുപ്പിയായി ലോഡ് ചെയ്യാന്‍ ഉപയോഗിക്കുന്നത്. അതില്‍ നോട്ടുകളും കോയിനുകളും തിരഞ്ഞെടുക്കാന്‍ ഓപ്ഷനുകളുണ്ട്. നോട്ട് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ നിലവില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ ഡിനോമിനേഷനുകളും, കോയിന്‍ ആണെങ്കില്‍ കോയിനുകളുടെ ഡിനോമിനേഷനുകളും ക്രമമായി കാണിയ്ക്കും.

റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പ് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കറന്‍സികളാണിത്. ബാങ്ക് അക്കൗണ്ടിലെ പണം നോട്ടായി പിന്‍വലിച്ച് പഴ്‌സില്‍ വെക്കുന്നതിന് സമാനമായി ഡിജിറ്റലായി പിന്‍വലിച്ച് ഇ-വാലറ്റില്‍ ചേര്‍ക്കുന്നു എന്ന് സാരം.

'ബാക്കി കിട്ടുന്ന' ഇടപാടാണോ ?

ഇടപാട് നടത്തുമ്പോള്‍ ബാക്കി ലഭിക്കുമോ എന്ന കാര്യത്തിലും ടെന്‍ഷന്‍ വേണ്ട. ഉദാഹരണത്തിന് 50 രൂപ ഡിജിറ്റല്‍ നോട്ട് നല്‍കി 30 രൂപയുടെ സാധനം വാങ്ങി എന്നിരിക്കട്ടെ. ബാക്കി 30 രൂപ ഡിജിറ്റലായി തന്നെ വാലറ്റിലേക്ക് സ്‌റ്റോര്‍ ചെയ്യപ്പെടും. അതും 20 രൂപ, 10 രൂപ എന്നിങ്ങനെയുള്ള ഡിജിറ്റല്‍ ഡിനോമിനേഷനിലായിരിക്കും.

വാലറ്റിലെ പ്രൊഫൈല്‍ എന്ന ഓാപ്ഷനില്‍ ഉപഭോക്താവിന്റെ ക്യുആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇ റുപ്പിയുടെ ചിഹ്നവും ഈ ക്യു ആര്‍ കോഡിന്റെ മധ്യത്തിലായി നല്‍കിയിട്ടുണ്ട്. നിങ്ങളുമായി ഇ റുപ്പി ഇടപാട് നടത്തേണ്ടവര്‍ക്ക് ക്യു ആര്‍ കോഡ് ഉപയോഗിച്ച് കണക്ട് ചെയ്യാനും സാധിക്കും.

ഇന്റര്‍നെറ്റ് ഇല്ലാതെയും സാധ്യമോ ?

ഇ-റുപ്പി ഇടപാട് നടത്തണമെങ്കില്‍ നിലവില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി അത്യാവശ്യമാണ്. എന്നാല്‍ ഭാവിയില്‍ ഇന്റര്‍നെറ്റ് ഇല്ലാതെ ഓഫ്‌ലൈനായും ഇടപാട് നടത്താന്‍ സാധിക്കും വിധമുള്ള സജ്ജീകരണങ്ങള്‍ വരുമെന്നാണ് സൂചന.

റീട്ടെയില്‍ ആവശ്യങ്ങള്‍ക്കുള്ള ഇ റുപ്പിയുടെ പൈലറ്റ് പ്രോജക്ടാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നടക്കുന്ന പൈലറ്റ് പ്രോജക്ട് പൂര്‍ത്തിയായ ശേഷം ഇവ ആര്‍ബിഐ സൂക്ഷ്മമായി പഠിക്കും. പോരായ്മകള്‍ തിരുത്തി ഇ-റുപ്പി ഇടപാടിനുള്ള സുരക്ഷ ശക്തമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.