image

28 July 2026 12:23 PM IST

FMCG

ഡബിള്‍ ഹോഴ്‌സിനെ ആര് സ്വന്തമാക്കും? വിപ്രോയും മുരുഗപ്പയും നേര്‍ക്കുനേര്‍

MyFin Desk

ഡബിള്‍ ഹോഴ്‌സിനെ ആര് സ്വന്തമാക്കും?  വിപ്രോയും മുരുഗപ്പയും നേര്‍ക്കുനേര്‍
X

Summary

നിലവില്‍ നിറപറ, ബ്രാഹ്‌മിന്‍സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളെ സ്വന്തമാക്കിയിട്ടുള്ള വിപ്രോ കണ്‍സ്യൂമര്‍, ഡബിള്‍ ഹോഴ്സിനെക്കൂടി കൂടെക്കൂട്ടിക്കൊണ്ട് തങ്ങളുടെ പ്രാദേശിക ഭക്ഷ്യ ഉല്‍പ്പന്ന നിര കൂടുതല്‍ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്


കേരളത്തിന്റെ സ്വന്തം രുചിക്കൂട്ടുകളുമായി അടുക്കളകളിലിടം നേടിയ ഡബിള്‍ ഹോഴ്സ് ബ്രാന്‍ഡിന്റെ ഉടമകളായ മഞ്ഞിലാസ് ഫുഡ് ടെക്കിനെ സ്വന്തമാക്കാന്‍ വമ്പന്മാര്‍ രംഗത്ത്. പ്രമുഖ എഫ്എംസിജി ഭീമന്മാരായ വിപ്രോ കണ്‍സ്യൂമര്‍ കെയറും തമിഴ്നാട്ടിലെ പ്രശസ്തമായ മുരുഗപ്പ ഗ്രൂപ്പുമാണ് ഏറ്റെടുക്കല്‍ മത്സരത്തില്‍ മുന്നിലുള്ളത്. ദക്ഷിണേന്ത്യന്‍ ഫുഡ് മാര്‍ക്കറ്റില്‍ വലിയ ചലനങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഈ ഇടപാടിന് ഏകദേശം 500 കോടി രൂപയാണ് വിലമതിക്കുന്നത്. വില്‍പ്പന നടപടികള്‍ സുഗമമാക്കാന്‍ പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇവൈയെ മഞ്ഞിലാസ് ഉപദേശകരായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ നിറപറ, ബ്രാഹ്‌മിന്‍സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളെ സ്വന്തമാക്കിയിട്ടുള്ള വിപ്രോ കണ്‍സ്യൂമര്‍, ഡബിള്‍ ഹോഴ്സിനെക്കൂടി കൂടെക്കൂട്ടിക്കൊണ്ട് തങ്ങളുടെ പ്രാദേശിക ഭക്ഷ്യ ഉല്‍പ്പന്ന നിര കൂടുതല്‍ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. മറുവശത്ത്, തങ്ങളുടെ കാര്‍ഷിക-ഭക്ഷ്യ അനുബന്ധ സ്ഥാപനമായ ഇഐഡി പാരി വഴി ഉപഭോക്തൃ വിപണിയില്‍ വന്‍ വേരോട്ടമുണ്ടാക്കാനാണ് മുരുഗപ്പ ഗ്രൂപ്പ് ശ്രമിക്കുന്നത്. ഇരു വമ്പന്മാരും രംഗത്തുള്ളത് ഡബിള്‍ ഹോഴ്സിനായുള്ള മത്സരത്തിന്റെ ആവേശം ഉയര്‍ത്തുന്നു.

ഡബിൾ ഹോഴ്സ് 1959 ൽ തുടക്കം കുറിച്ച ബ്രാൻഡ്

1959-ല്‍ തുടക്കം കുറിച്ച ഡബിള്‍ ഹോഴ്സ് ഇന്ന് കേരളീയരുടെ നിത്യജീവിതത്തിന്റെ ഒരവിഭാജ്യ ഘടകമാണ്. വിവിധ പ്രഭാതഭക്ഷണ മിശ്രിതങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, അച്ചാറുകള്‍, ഇന്‍സ്റ്റന്റ് ഫുഡ് ഉല്‍പ്പന്നങ്ങള്‍ എന്നിവയിലെല്ലാം വിപണിയിലെ മുന്‍നിരക്കാരാണ് ഇവര്‍. വീട്ടിലെ അടുക്കളകളില്‍ പതിറ്റാണ്ടുകളായി വിശ്വാസ്യത നേടിയെടുത്ത ഈ ബ്രാന്‍ഡിന്റെ ഉടമസ്ഥാവകാശം ആരുടെ കൈകളില്‍ ഭദ്രമാകും എന്ന ആകാംക്ഷയിലാണ് വിപണി ലോകം.

ഇതുവരെ ഔദ്യോഗിക കരാറുകളില്‍ ഒപ്പുവെച്ചിട്ടില്ലെങ്കിലും, ഡബിള്‍ ഹോഴ്സിനായുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നിര്‍ണായകമായ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കേരളത്തിന്റെ ഫുഡ് ഇന്‍ഡസ്ട്രിയുടെ ഭാവിയെത്തന്നെ മാറ്റിമറിക്കാന്‍ പോന്ന ഈ വമ്പന്‍ ഏറ്റെടുക്കല്‍ വാര്‍ത്തയ്ക്ക് പിന്നില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാം.