26 March 2026 3:43 PM IST
Summary
ഉത്തരേന്ത്യയിൽ ഇഡലി വിൽക്കുന്ന കൊച്ചുമിടുക്കനാണ്. നാലു മണിക്കൂർ മാത്രം ഇഡലി വിൽപ്പന. മാസം നേടുന്നത് ഒരു ലക്ഷം രൂപ.
ഉന്നത വിദ്യാഭ്യാസവും വൈറ്റ് കോളർ ജോലിക്ക് അനുകൂല സാഹചര്യവും ഒന്നുമില്ലെങ്കിലും കഠിനാധ്വാനം ചെയ്യാൻ മനസുണ്ടെങ്കിൽ ചെറിയ ഒരു ബിസിനസ് മതി. മികച്ച വരുമാനം കണ്ടെത്താം. കാലഘട്ടത്തിന് അനുയോജ്യമായ വിധത്തിൽ ചില പൊടിക്കൈകളൊക്കെ വേണം. ലഖ്നൗ സർവകലാശാലക്ക് അടുത്ത് ഒരു പതിനെട്ട് വയസുകാരൻ ഇട്ട ഇഡലി സ്റ്റാളാണ്. ഇന്ന് മാസവരുമാനം ഒരു ലക്ഷം രൂപയിലേറെ. ആവി പറക്കുന്ന ചൂടുള്ള ഇഡ്ഡലിയും വടയുമൊക്കെ വെറും നാലുമണിക്കൂർ വിദ്യാർത്ഥികൾക്ക് വിളമ്പിയാണ് ഷെഹ്സാദ് ചെറുപ്രായത്തിൽ തന്നെ മികച്ച വരുമാനം കണ്ടെത്തുന്നത്.
ഇഡ്ഡലി, ആലു പറോട്ട തുടങ്ങിയ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളാണ് ഒരു സ്റ്റാളിട്ട് നൽകുന്നത്. ദക്ഷിണേന്ത്യൻ മെനുവിന് ഉത്തരേന്ത്യയിലും ആരാധകരെ ഉണ്ടാക്കിയെടുക്കാൻ പക്ഷേ അൽപ്പം പാടുപെടേണ്ടി വന്നു . മെട്രോ സ്റ്റേഷന് സമീപമുള്ള ലഖ്‌നൗ സർവകലാശാലയുടെ ഗേറ്റ് നമ്പർ 3 യിലാണ് ഈ സ്റ്റാൾ. രാവിലെ 11 മണിയോടെ, വിദ്യാർത്ഥികളെയും, ഓഫീസിൽ പോകുന്നവരെയും വഴിയാത്രക്കാരെയുമൊക്കെ കൊണ്ട് ഈ സ്റ്റാൾ നിറയും.
രണ്ട് ഇഡ്‌ലിക്ക് 20 രൂപയാണ്. ആലു പൊറോട്ടക്ക് 30 രൂപയും. രാവിലെ 11.30 ഓടെ എത്തി കച്ചവടം ഉച്ചകഴിഞ്ഞ് 3 മണി വരെ മാത്രം. അവധിക്കാലത്ത്, യൂണിവേഴ്സിറ്റി അടച്ചിട്ടിരിക്കുവാണെങ്കിൽ പോലും ഇവിടെ സ്ഥിരം ഉപഭോക്താക്കൾ എത്തും. അമ്മ റസിയയുടേതാണ് പാചകം.
വഴിത്തിരിവായത് ഒറ്റ റീൽ
ഇഡ്‌ലി സ്ട്രീറ്റിൻ്റെ ലോഗോയും മറ്റ് ബ്രാൻഡിംഗുമൊക്കെ സ്വയം ചെയ്താണ് ബിസിനസിലേക്കിറങ്ങുന്നത്. ആദ്യ ദിവസങ്ങൾ നിരുത്സാഹപ്പെടുത്തുന്നതായിരുന്നു. തുടക്കത്തിൽ 10–15 ഉപഭോക്താക്കൾ മാത്രം. ഉണ്ടാക്കിക്കൊണ്ടുപോയ ഭക്ഷണത്തിന്റെ ഭൂരിഭാഗവും പാഴായ ദിവസങ്ങളുണ്ട്. ലഖ്‌നൗവിലെ ഒരു ബ്ലോഗർ ഷെഹ്‌സാദിൻ്റെ ഇഡലി സ്റ്റാൾ റീലാക്കിയതാണ് വഴിത്തിരിവായത്. അത് വൈറലായി. പിന്നീട് ഉപഭോക്താക്കൾ അന്വേഷിച്ചെത്താൻ തുടങ്ങി.
ചെറുകിട സംരംഭമാണ്. ബ്രാൻഡിങ് ആവശ്യമുണ്ടോ എന്ന് ചിന്തിക്കുന്നവർക്ക് ഷെഹ്സാദിൻ്റെ റീൽ കഥ പ്രചോദനമാകും. ഒറ്റ റീൽ വൈറലായതോടെ 500 രൂപയിൽ നിന്ന് ദിവസ വരുമാനം 3000 രൂപയായി ആണ് ഉയർന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
