image

23 Dec 2022 9:51 AM GMT

Tech News

മസക് വീണ്ടും 'കോടാലി'യെടുക്കുന്നു, ഇക്കുറി ഇര പബ്ലിക് പോളിസി ടീം

MyFin Desk

Twitter news
X


ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു ശേഷം കൂട്ട പിരിച്ചു വിടല്‍ തുടരുമ്പോള്‍ പബ്ലിക് പോളിസി ടീമില്‍ നിന്ന് കൂടുതല്‍ പേരെ വിടുന്നതായി വാര്‍ത്ത. ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ എഞ്ചിനീയര്‍മാരെ പിരിച്ചു വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ നടപടി. ട്വിറ്ററിന്റെ പബ്ലിക് പോളിസി ടീമിന്റെ ഭാഗമായിരുന്ന തിയോഡോറ സ്‌കീഡാസ് ശേഷിക്കുന്ന പബ്ലിക് പോളിസി ടീമിന്റെ ജീവനക്കാരെയും പിരിച്ചു വിടുകയാണെന്ന് ട്വീറ്റ് ചെയ്തു. ട്വിറ്ററിന്റെ പബ്ലിക് പോളിസി മേധാവി സിനേഡ് മക്സ്വീനി രാജിവച്ചതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ അവസാനത്തില്‍ ഔപചാരികമായി ട്വിറ്റെര്‍ ഏറ്റെടുത്തതിനു പിന്നാലെ പകുതിയോളം ജീവനക്കാരെയാണ് മസ്‌ക് പിരിച്ചു വിട്ടത്. മസ്‌ക പറയുന്നതനുസരിച്ച് ട്വിറ്ററില്‍ ഇപ്പോള്‍ 2000 ജീവനക്കാരാണ് ഉള്ളത്. സെപ്തംബറില്‍ അദേഹം കമ്പനി ഏറ്റെടുക്കുമ്പോള്‍ 7500 ആയിരുന്നു ആകെ ജീവനക്കാരുടെ എണ്ണം.

സോഷ്യല്‍ മീഡിയ വമ്പനായ ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടര്‍ക്കഥയായതിന് പിന്നാലെ രാജിയും പെരുകുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലായി നൂറുകണക്കിന് ആളുകളാണ് പിരിഞ്ഞു പോയതെന്നും, ഇവരില്‍ പലരും രാജി വെച്ച വിവരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കമ്പനിയില്‍ എലോണ്‍ മസ്‌ക് നടപ്പാക്കുന്ന നടപടികളിലെ അതൃപ്തിയും പിരിഞ്ഞു പോയവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏതാനും ആഴ്ച്ച മുന്‍പ് മസ്‌ക് ട്വിറ്ററിലെ പകുതിയിലധികം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. അപ്പോള്‍ ഏകദേശം 3,700 പേര്‍ക്കാണ് ജോലി നഷ്ടമായത്. ഇതിന് പിന്നാലെ ഒരാഴ്ച്ച മുന്‍പ് 4,400 കരാര്‍ ജീവനക്കാരെയും പിരിച്ചുവിടുകയുണ്ടായി.

ഇവര്‍ക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിലായി കമ്പനിയുടെ ഇമെയിലോ, ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളോ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും, മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് പിരിച്ചു വിട്ടതെന്നും ജീവനക്കാര്‍ പറയുന്നു.