image

23 Jan 2023 7:30 AM GMT

Information Technology

വെബ് 3: അറിയേണ്ടതെല്ലാം

Myfin Bureau

web 3 next level
X

Summary

  • വെബ് 3 എന്ന വാക്കിനിപ്പോള്‍ അപരിചത്വം അനുഭവപ്പെടുന്നുണ്ട്. പലയിടങ്ങളില്‍ നിന്നായി കേള്‍ക്കുന്ന ഈ വാക്ക് എന്താണെന്ന് പോലും അറിയാത്തവര്‍, അറിഞ്ഞവര്‍ക്ക് തന്നെ എന്താണതിന്റെ ഉപയോഗം എന്നറിയാത്ത അവസ്ഥ പരക്കെയുണ്ട്


ആദ്യം വെബ് 1 വന്നു. അതായത് ഇന്റര്‍നെറ്റ്. രണ്ടാമത് വെബ് 2 വന്നു. നമ്മളെപ്പോലുള്ള യൂസര്‍മാര്‍ ജനറേറ്റ് ചെയ്യുന്ന വിവരങ്ങള്‍ ഉള്‍പ്പെടുന്ന, സോഷ്യല്‍ മീഡിയ അടക്കമുള്ളൊരു വെബ് ലോകം. ഇപ്പോള്‍ എവിടെ നോക്കിയാലും കേള്‍ക്കുന്നൊരു വാക്കാണ് വെബ് 3 അല്ലെങ്കില്‍ വെബ് 3.0. പക്ഷേ, എന്താണത്?What is special about Web 3? How does it differ from Web 2?

വെബ് 3: അറിയേണ്ടതെല്ലാം

വെബ് 3 എന്ന വാക്കിനിപ്പോള്‍ അപരിചത്വം അനുഭവപ്പെടുന്നുണ്ട്. പലയിടങ്ങളില്‍ നിന്നായി കേള്‍ക്കുന്ന ഈ വാക്ക് എന്താണെന്ന് പോലും അറിയാത്തവര്‍, അറിഞ്ഞവര്‍ക്ക് തന്നെ എന്താണതിന്റെ ഉപയോഗം എന്നറിയാത്ത അവസ്ഥ പരക്കെയുണ്ട്. അതുപക്ഷേ, കാലാക്കാലം അങ്ങനെ തുടരാനാവില്ല.

ഭാവിയിലെ ബിസിനസിനെപ്പറ്റിയാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍ തീര്‍ച്ചയായും വെബ് 3യെപ്പറ്റി അറിഞ്ഞേ പറ്റൂ. വെബ് 3യില്‍ നിങ്ങളുടെ ബിസിനസിന്റെ സാധ്യതകളെപ്പറ്റി പഠിക്കാനും ഗവേഷണം നടത്താനും കൂടുതല്‍ നിക്ഷേപം നടത്താനുമുള്ള സമയമാണിത്. ബിസിനസുകാര്‍ക്ക് വെബ് 3 എങ്ങനെയാണ് ഉപകാരപ്പെടുകയെന്ന കാര്യമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

നിലവിലെ ഇന്റര്‍നെറ്റ് അറിയപ്പെടുന്നത് വെബ് 2 എന്നാണ്. കേന്ദ്രീകൃതമായും ഉപയോഗങ്ങള്‍ക്ക് ഇടനിലക്കാരും പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ്. സിംപിളായി പറഞ്ഞാല്‍, നിങ്ങള്‍ക്ക് ഓണ്‍ലൈനായി സാധനം വാങ്ങണമെന്നുണ്ടെങ്കില്‍ ആമസോണ്‍ വേണം, അല്ലെങ്കില്‍ അതുപോലൊരു പ്ലാറ്റ്ഫോം.

നിങ്ങള്‍ക്ക് മറ്റുള്ളവരിലേക്ക് എത്തുന്നതിനായി ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ വേണം. ഗെയിം കളിക്കുന്നതിനിടെ നിങ്ങള്‍ക്ക് അതിനുള്ളില്‍ നിന്ന് ആയുധം വാങ്ങാനാവും. പക്ഷേ, ഈ ആയുധം ഗെയിമിനുള്ളില്‍ മാത്രമേ ഉപയോഗിക്കാനാവൂ. പുറത്തൊരു ഗെയിമിനായി ഉപയോഗിക്കാനോ മറിച്ചുവില്‍ക്കാനോ സാധിക്കില്ല.

എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമാണ് വെബ് 3. ഇടനിലക്കാരില്ലാതെ പരസ്പരം കണക്ട് ചെയ്യാനും കാര്യങ്ങള്‍ കൈമാറ്റം ചെയ്യാനും പറ്റുന്നൊരിടം. എല്ലാ ഇടപാടുകളും ട്രാക്ക് ചെയ്യാന്‍ പറ്റുന്ന സാങ്കേതികവിദ്യ. വെബില്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്കെല്ലാം ഡിജിറ്റല്‍ അസറ്റുകള്‍ സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന സംവിധാനം. ഇത്രയുമാണ് ചുരുക്കിപ്പറഞ്ഞാല്‍ വെബ് 3 എന്ന ഇന്റര്‍നെറ്റിന്റെ പുതുലോകം.

ഇതൊക്കെ സാധാരണ ബിസിനസുകാരന് എന്തെങ്കിലും ഉപകാരമുണ്ടാക്കുന്ന കാര്യമാണോയെന്നുള്ള ചോദ്യമായിരിക്കും ഒരുപക്ഷേ, നിങ്ങള്‍ക്ക്. ഇത് നിങ്ങള്‍ ആരോട് ചോദിക്കുന്നു എന്നതുപോലെയിരിക്കും അതിനുള്ള ഉത്തരം. സാധാരണ ബിസിനസുകള്‍ക്ക് വെബ് 3യുടെ ഉപയോഗം അടുത്ത കാലത്തൊന്നും ഉണ്ടാവാന്‍ പോകുന്നില്ലെന്നായിരിക്കും വിമര്‍ശകരുടെ ഉത്തരം. എന്നാല്‍ വെബ് 3 ശക്തമായ അടിത്തറ പാകിക്കഴിഞ്ഞെന്നും പല രംഗത്തും വെബ് 3യുടെ ഉപയോഗം തുടങ്ങിക്കഴിഞ്ഞുവെന്നുമുള്ള യാഥാര്‍ത്ഥ്യം നമ്മള്‍ കാണാതെ പോവരുത്.

വെബ് 3യുടെ നട്ടെല്ലെന്ന് കരുതാവുന്ന ബ്ലോക്ക്ചെയ്ന്‍ സാങ്കേതികവിദ്യ വളരെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ഇപ്പോള്‍ വെബ് 3യും ബ്ലോക്ക്ചെയ്നും കൈയ്യെത്താ ദൂരത്തെ സംഭവമായി തന്നെ അവശേഷിക്കുകയാണ്. ഓരോ യൂസര്‍മാര്‍ക്കും കുറഞ്ഞ നിരക്കിലും എളുപ്പത്തിലും ഉപയോഗിക്കാനാവും വരെ അതങ്ങനെ തുടരുകയും ചെയ്യും. അതായത് നമ്മളിപ്പോള്‍ കാണുന്ന വെബ് 3യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേവലം ഒരു തുടക്കം മാത്രമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.എന്താണ് ഡീസെന്‍ട്രലൈസ്ഡ് വെബ്?

വെബ് 3യുടെ സ്വഭാവം ഡീസെന്‍ട്രലൈസ്ഡ് അഥവാ വികേന്ദ്രീകൃതമായിരിക്കുമെന്നാണ് പറയുന്നത്. എന്താണങ്ങനെ പറയാന്‍ കാരണമെന്നു നോക്കാം. നിലവില്‍ നമ്മള്‍ ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്നത് ഏതെങ്കിലും കോര്‍പ്പറേറ്റിന്റെയോ സര്‍ക്കാരിന്റെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനത്തിന്റെയും ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമിലൂടെയാണ്.

മറ്റൊരാളുമായി കണക്ട് ചെയ്യാന്‍, വാട്സ്ആപ്പോ ഫെയ്സ്ബുക്കോ ഇന്‍സ്റ്റഗ്രാമോ അതുപോലുള്ളവയോ ആവശ്യമാണ്. നമ്മള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ ആരെങ്കിലും നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മിക്കുകയും അതിനുവേണ്ട സെര്‍വറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും സോഫ്റ്റ്വെയറുകള്‍ വികസിപ്പിക്കുകയും ചെയ്യുന്നു. അവ ഉപയോഗിക്കുന്നതിന് യൂസര്‍മാരില്‍ നിന്ന് ഒന്നുകില്‍ പണം വാങ്ങുകയോ സൗജന്യമായി ഉപയോഗിക്കാന്‍ നല്‍കി മറ്റു വഴികല്‍ലൂടെ പണമുണ്ടാക്കുകയും ചെയ്യുന്നു.

എന്നാല്‍ വെബ് 3 പ്രവര്‍ത്തിക്കുന്നത് ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയിലാണ്. ഓണ്‍ലൈനായി ഡാറ്റ സൂക്ഷിക്കുന്നതിന്റെ പുതിയ രൂപമാണ് ബ്ലോക്ക്ചെയിന്‍. എന്‍ക്രിപ്ഷന്‍, ഡിസിട്രിബ്യൂട്ടഡ് കംപ്യൂട്ടിംഗ് എന്നിങ്ങനെ രണ്ട് പ്രധാന ആശയത്തിലൂന്നിയാണ് ബ്ലോക്ക്ചെയിന്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്.

അനുമതി ഉള്ളവര്‍ക്ക് മാത്രം ലഭ്യമാകുന്ന ഡാറ്റയായിരിക്കും എന്‍ക്രിപ്ഷന്‍. വായിക്കാനോ തിരുത്താനോ മറ്റോ അനുവദിക്കപ്പെട്ടവര്‍ക്ക് മാത്രമേ സാധ്യമാവൂ.

പല കംമ്പ്യൂട്ടറുകളിലും സെര്‍വറുകളിലും പങ്കുവെക്കപ്പെട്ട ഫയലായിരിക്കും ഡിസ്ട്രിബ്യൂട്ടഡ് കംപ്യൂട്ടിംഗ്. ഇതില്‍ ഒരു ഡാറ്റയുടെ ഒരു കോപ്പി മറ്റു കോപ്പികളുമായി ചേര്‍ച്ചയില്ലെങ്കില്‍ അത് മൂല്യമുള്ളതാവില്ല. അതായത്, ആരെങ്കിലും തിരുത്താന്‍ ശ്രമിച്ചാല്‍ അതും രേഖപ്പെടുത്തുകയും മറ്റൊരു ഫയലായി മാറുകയും ചെയ്യും.

ഇതാണ് ബ്ലോക്ക്ചെയിനില്‍ ഡാറ്റയ്ക്ക് സംരംക്ഷണം കൊടുക്കുന്ന രീതി. അതായത്, ഒരു ഡാറ്റയുടെ ഉടമയുടെയോ ഡിസ്ട്രിബ്യൂട്ടഡ് നെറ്റ്വര്‍ക്കിന്റെ മൊത്തം അനുമതിയില്ലാതെയോ ഡാറ്റയില്‍ മാറ്റം വരുത്താനോ, കൂട്ടിച്ചേര്‍ക്കാനോ ഒരാള്‍ക്കും കഴിയില്ല. അങ്ങനെ വരുമ്പോള്‍ ഒരു ഡാറ്റയുടെ സമ്പൂര്‍ണ നിയന്ത്രണം അതിന്റെ ഉടമസ്ഥനില്‍ തന്നെയായിരിക്കും. അത് ഏതെങ്കിലും കോര്‍പ്പറേഷന്റെയോ സര്‍ക്കാരിന്റെയോ നിയന്ത്രണത്തിലുള്ള സെര്‍വറില്‍ സൂക്ഷിച്ചാലും ശരി.

ഓപ്പണ്‍ എന്നാല്‍?

വെബ് 3യുടെ ഘടനയെപ്പറ്റി പറയുന്ന മറ്റൊരു പ്രധാന കാര്യമാണ് ഓപ്പണ്‍ എന്നത്. ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറില്‍ വെബ് 3 പ്ലാറ്റ്ഫോമുകള്‍ ഉണ്ടാക്കുന്നതെന്നതാണ് അതിനു പ്രധാന കാരണം. കൂടാതെ, ട്രസ്റ്റ്ലെസ്, പെര്‍മിഷന്‍ലെസ് എന്നും പറയാറുണ്ട്.

ഇടപാടുകളും ഇടപെടലുകളും മൂന്നാമതൊരു ട്രസ്റ്റ് പാര്‍ട്ടിയെക്കൂടാതെ രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ സാധ്യമാക്കുന്നതാണ് ട്രസ്റ്റ്ലെസ് എന്നതുകൊണ്ട് കണക്കാക്കുന്നത്. ഉദാഹരണത്തിന്: ഒരാള്‍ക്ക് ബിറ്റ്കോയിന്‍ അയക്കണമെന്നുണ്ടെങ്കില്‍ ബാങ്കിന്റെയോ മറ്റോ സഹായമില്ലാതെ തന്നെ നേരിട്ട് അയക്കാന്‍ വെബ് 3 യില്‍ സാധ്യമാവും. ഈ ഇടപാട് പൂര്‍ണമായും നിയന്ത്രിക്കുന്നത് ബ്ലോക്ക്ചെയിന്‍ ആല്‍ഗരിതവും എന്‍ക്രിപ്ഷനുമാണ്.

ഇടപാടിനോ മറ്റോ ഒരു പാര്‍ട്ടിയും മൂന്നാം പാര്‍ട്ടിയോട് (സേവന ദാതാവോ അല്ലെങ്കില്‍ സര്‍ക്കാരോ) ചോദിക്കേണ്ടതില്ലെന്നാണ് പെര്‍മിഷന്‍ലെസ് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

സര്‍ക്കാരിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ നിയന്ത്രണമില്ലാതെ അരാജകത്വ ഇടപാടുകളാണോ വെബ് 3യില്‍ നടക്കുന്നതെന്നു ചോദിച്ചാല്‍, ആ ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ലോകരാജ്യങ്ങള്‍. നിയമം മൂലം എങ്ങനെ നിയന്ത്രണം കൊണ്ടുവരാനാവുമെന്ന പഠനത്തിലാണ് എല്ലാവരും. പുതിയ സാങ്കേതികവിദ്യയെ പുണരുന്നതോടൊപ്പം തന്നെ അത് ആരോഗ്യകരമാക്കാനുള്ള ശ്രമവും സര്‍ക്കാരുകള്‍ നടത്തുന്നുണ്ട്.
വെബ് 3യുടെ ഉപയോഗങ്ങള്‍

1. ഡിഎഒ അഥവാ ഡീസെന്‍ട്രലൈസ്ഡ് ഓട്ടോണമസ് ഓര്‍ഗനൈസേഷന്‍സ്

ബ്ലോക്ക്ചെയ്ന്‍ ടെക്നോളജി ഉപയോഗിച്ച് വിജയകരമായി നിലവില്‍ വന്ന ആശയമാണ് ഡീസെന്‍ട്രലൈസ്ഡ് ഓട്ടോണമസ് ഓര്‍ഗനൈസേഷന്‍ അഥവാ ഉഅഛ. പേരില്‍ പറയുന്ന പോലെ തന്നെ വികേന്ദ്രീകൃതമായി സ്വയംഭരണം നടത്താവുന്ന ഒരു ഓര്‍ഗനൈസേഷന്‍. ഒരു കോര്‍പ്പറേഷന്‍ പോലെ തന്നെയാണ് കാര്യങ്ങള്‍. പക്ഷേ, കാര്യങ്ങള്‍ തീരുമാനിക്കുന്നത് എല്ലാ അംഗങ്ങളും ചേര്‍ന്നാണ്. മുകള്‍ത്തട്ട്, താഴേത്തട്ട് എന്നിങ്ങനെ വേറെ വേറെ അധികാര കേന്ദ്രങ്ങളുണ്ടാവില്ല. ഓരോരുത്തര്‍ക്കും വോട്ടിംഗ് പവറുണ്ട്. സ്മാര്‍ട്ട് കോണ്‍ട്രാക്ടിലൂടെയാണ് പ്രവര്‍ത്തനം മുഴുവനും. സാമ്പത്തിക ഇടപാടുകളും നിയമങ്ങളുമെല്ലാം ബ്ലോക്ക്ചെയ്നില്‍ എന്‍കോഡ് ചെയ്തുവെക്കും.

ഡിഎഒകളുടെ നിയമങ്ങള്‍ കേന്ദ്രീകൃതമായ അധികാര കേന്ദ്രങ്ങള്‍ക്കോ വ്യക്തികള്‍ക്കോ മാറ്റാനാവില്ല.

2. മെറ്റാവേഴ്സ്

നമ്മളിപ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് സ്‌ക്രീനില്‍ കണ്ടും അതിലൂടെ നിര്‍ദേശം നല്‍കിയുമാണല്ലോ. അതിനു പകരം ഉപയോഗിക്കുന്ന പരിസരത്തേക്ക് പ്രവേശിക്കാനും അനുഭവിക്കാനും കഴിഞ്ഞാലോ? പബ്ജി പോലൊരു ഗെയിമില്‍ വെര്‍ച്വലായി യുദ്ധക്കളത്തില്‍ പോയി കളിക്കാനും ഓണ്‍ലൈന്‍ മീറ്റിംഗുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഒരേ വെര്‍ച്വല്‍ ഓഫിസില്‍ ഒന്നിച്ചിരിക്കുകയും ചെയ്താല്‍ എങ്ങനെയുണ്ടാവും? അതാണ് മെറ്റാവേഴ്സ് ഒരുക്കുന്ന സൗകര്യം.

വെബ് 3യില്‍ ഏറ്റവും കൂടുതല്‍ ജനപ്രിയമാവാന്‍ പോകുന്നതും ഉപയോഗിക്കപ്പെടുന്നതും ഒരുപക്ഷേ, മെറ്റാവേഴ്സാകും. മെറ്റാവേഴ്സ് സാങ്കേതികവിദ്യ വികസിച്ചുവരുന്നതേയുള്ളൂ. കേരളത്തില്‍ പോലും നിരവധി സംരംഭകരാണ് മെറ്റാവേഴ്സ് ലോകത്ത് നിക്ഷേപിക്കുകയും പുതിയ ഇടങ്ങള്‍ ഒരുക്കുകയും ചെയ്യുന്നത്.

3. ക്രിയേറ്റര്‍ ഇക്കോണമി

വെബ് 2വിലെന്ന പോലെ വെബ് 3യിലും സമാനതകളില്ലാത്ത പണമുണ്ടാക്കാനുള്ള സാധ്യതകളാണ് തുറന്നുവരിക. വെബ് 3യിലേക്ക് വേണ്ട കണ്ടന്റുകളും മറ്റും ഒരുക്കുന്നതിലൂടെ ക്രിയേറ്റര്‍മാര്‍ക്ക് പണം വാരാനാവും. വെബ് 2വില്‍ നിന്ന് വ്യത്യസ്തമായിരിക്കും വെബ് 3യിലെ രീതിയെന്ന് മാത്രം.

ഇപ്പോള്‍ തന്നെ നിരവധി പേര്‍ നോണ്‍ ഫഞ്ചിബിള്‍ ടോക്കണി (എന്‍എഫ്ടി) ലൂടെ പണമുണ്ടാക്കുന്നുണ്ട്. പ്രധാനമായും ആര്‍ട്ടിസ്റ്റുകളാണ് ഇപ്പോള്‍ എന്‍എഫ്ടികള്‍ മിന്റ് ചെയ്യുന്നത്. മലയാളിക്കുട്ടികള്‍ മുതല്‍ അറിയപ്പെടുന്ന താരങ്ങള്‍ വരെ എന്‍എഫ്ടി രംഗത്ത് സജീവമാണ്. ലക്ഷക്കണക്കിന് രൂപയാണ് എന്‍എഫ്ടികളിലൂടെ ഇവര്‍ സമ്പാദിക്കുന്നതും.

എന്‍എഫ്ടിക്ക് സമാനമായി പണമുണ്ടാക്കാന്‍ സഹായിക്കുന്ന വേറെയും പ്രോഡക്ടുകളും ഡിജിറ്റല്‍ അസറ്റുകളും വെബ് 3യില്‍ രൂപം കൊണ്ടേക്കാം.

4. ബ്ലോക്ക്ചെയ്ന്‍ ഗെയിംസ്

നിലവിലെ അവസ്ഥയില്‍ ഗെയിമിംഗിനിടെ വാങ്ങുന്ന തോക്കുകളും ആയുധങ്ങളും മറ്റൊരു ഗെയിമില്‍ കളിക്കാന്‍ ഉപയോഗിക്കാനോ മറ്റൊരാള്‍ക്ക് വില്‍ക്കാനോ സാധിക്കില്ലല്ലോ. എന്നാല്‍ അങ്ങനെയൊരു അവസരം ലഭിക്കുകയാണെങ്കിലോ? അതാണ് വെബ് 3 നല്‍കുന്ന വലിയൊരു സൗകര്യം. ബ്ലോക്ക്ചെയ്ന്‍ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ച ഗെയിമുകളും അതിലെ സാമഗ്രികളും ഉപയോക്താവിന്റെ സ്വന്തം ഉടമസ്ഥതയില്‍ ഉണ്ടാവുകയും അയാള്‍ക്ക് ഇഷ്ടാനുസരണം ഉപയോഗിക്കുകയുമാവാം. വിലയോ കോയിനോ കൊടുത്ത് വാങ്ങുന്ന ആയുധങ്ങള്‍ സ്വന്തം ഉടമസ്ഥതയില്‍ തന്നെ ലഭിക്കും. അത് മറ്റൊരു ബ്ലോക്ക്ചെയിന്‍ അധിഷ്ടിത ഗെയിമില്‍ ഉപയോഗിക്കുകയുമാവാം.

ചില ഉദാഹരണങ്ങള്‍

Bitcoin: പത്തുവര്‍ഷത്തിലേറെയായി നിലവിലുള്ള ക്രിപ്റ്റോകറന്‍സി. വികേന്ദ്രീകൃതമായാണ് പ്രവര്‍ത്തിക്കുന്നത്.

Diaspora: ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വികേന്ദ്രീകൃത സോഷ്യല്‍ നെറ്റ്വര്‍ക്ക്

Steemit: ബ്ലോക്ക്ചെയിന്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലോഗിംഗ് സോഷ്യല്‍ പ്ലാറ്റ്ഫോം

Augur: ഡീസെന്‍ട്രലൈസ്ഡ് എക്സ്ചേഞ്ച് ട്രേഡിംഗ് മാര്‍ക്കറ്റ്

OpenSea: എന്‍എഫ്ടികള്‍ വില്‍ക്കാനും വാങ്ങാനുമുള്ള മാര്‍ക്കറ്റപ്ലേസ്. എഥറിയം ബ്ലോക്ക്ചെയിനിലാണ് ഉണ്ടാക്കിയിരിക്കുന്നത്

Sapien: എഥറിയം ബ്ലോക്ക്ചെയിനില്‍ നിര്‍മിച്ച സോഷ്യല്‍ നെറ്റ്വര്‍ക്ക്

Uniswap: ഡീസെന്‍ട്രലൈസ്ഡ് ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ച്

Everledger: ബ്ലോക്ക്ചെയിന്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സപ്ലൈ ചെയിന്‍
നമ്മളെന്തു ചെയ്യണം?

പുതിയൊരു കാര്യമാണ് വെബ് 3. സമ്പൂര്‍ണമായി പരിചയിച്ചുകഴിഞ്ഞിട്ടില്ല. ഇത് എവിടെ വരെ എത്തുമെന്നോ, ഏതൊക്കെ രീതിയില്‍ പ്രവര്‍ത്തിക്കുമെന്നോ വലിയ ധാരണ എല്ലാവര്‍ക്കും കിട്ടിയിട്ടില്ല. അതുകൊണ്ട്, വെബ് 3യുമായി ബന്ധപ്പെട്ട ഇടപാടുകള്‍, ബിസിനസ് ഡീലുകള്‍, പ്രവര്‍ത്തനങ്ങള്‍, ഉള്‍ച്ചേര്‍ക്കലുകള്‍ തുടങ്ങിയവയിലേക്ക് പ്രവേശിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

പുതിയത് വരുന്നതെന്തും ബിസിനസില്‍ ഉള്‍ച്ചേര്‍ക്കണമെന്ന ഉപദേശങ്ങളെയൊക്കെ അപ്പാടെ വിശ്വാസത്തിലെടുക്കുന്നത് നല്ലതല്ല. തങ്ങളുടെ ബിസിനസിന് ആവശ്യമായ പുതുമകള്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളൂ.

വെബ് 3യെപ്പറ്റി തന്നെ ബിസിനസുകാര്‍ക്കിടയില്‍ പല അഭിപ്രായങ്ങളുണ്ട്. ഇലോണ്‍ മസ്‌കിനെപ്പോലുള്ളവര്‍ ശക്തമായ ഭാഷയില്‍ തന്നെ വെബ് 3യെ തള്ളിപ്പറഞ്ഞവരാണ്. 'ഒരു മാര്‍ക്കറ്റിംഗ് ബസ്വേര്‍ഡ് എന്നതിനപ്പുറം ഒരു യാഥാര്‍ത്ഥ്യവുമില്ല'' എന്നാണ് മസ്‌കിന്റെ വാദം. 'ആരെങ്കിലും വെബ്3 കണ്ടോ?,''എന്നും മസ്‌ക് ചോദിക്കുന്നു.

ഉടമകളില്ലാതെ, വികേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുമെന്ന ആശയത്തെ പാടേ നിരാകരിക്കുകയാണ് ട്വിറ്റര്‍ മുന്‍ സിഇഒ ജാക്ക് ഡോര്‍സി. 'നിങ്ങള്‍ വെബ്3 ഉടമകളായിരിക്കില്ല. വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളും അവരുടെ ലിമിറ്റഡ് പാര്‍ട്ണര്‍മാരുമായിരിക്കും ഉടമകള്‍. അവര്‍ക്കുള്ളത് എന്തായാലും കിട്ടും. മറ്റൊരു തരത്തില്‍ കേന്ദ്രീകൃതം തന്നെയായിരിക്കും വെബ് 3'', ജാക്ക് ഡോര്‍സി പറയുന്നു.

ബ്ലോക്ക്ചെയ്ന്‍ സാങ്കേതികവിദ്യ വലിയ തോതില്‍ വൈദ്യുത ഉപയോഗം കൂട്ടുന്നതാണെന്നും കാലാവസ്ഥാ വ്യതിയാനത്തിനും കാര്‍ബണ്‍ പുറന്തള്ളലിനും കാരണമാകുമെന്നും പറഞ്ഞ് വിമര്‍ശിക്കുന്നവരും ഒട്ടേറെയാണ്.