image

2 March 2023 9:41 AM GMT

Infotech

'ടെക്കികളേ ഓഫീസിലേക്ക് വരൂ...', ഇനി ഹൈബ്രിഡ് തൊഴില്‍കാലമെന്നും വിപ്രോ ചെയര്‍മാന്‍

MyFin Desk

wipro chairman rashad premji
X

Summary

  • ഐടി മേഖലയിലെ തൊഴിലുകളില്‍ നല്ലൊരു വിഭാഗവും ഭാവിയില്‍ ഹൈബ്രിഡ് രീതിയിലായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


മുംബൈ: ടെക്ക് മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ വര്‍ധിക്കുന്ന അവസരത്തിലും ടെക്കികള്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്ന സൂചനയുമായി വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി. ജീവനക്കാര്‍ ഓഫീസിലേക്ക് വന്ന് ജോലി ചെയ്യുന്നതാണ് ഉത്തമമെന്നും ബന്ധങ്ങള്‍ നിലനിറുത്താന്‍ അതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.

മികച്ച ബന്ധങ്ങളുള്ള തൊഴിലിടങ്ങളിലാണ് പ്രൊഡക്ടിവിറ്റിയുടെ നിലവാരം ഉയര്‍ന്നു നില്‍ക്കുക എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മുംബൈയില്‍ നടന്ന നാസ്‌കോം ഇന്ത്യാ ലീഡര്‍ഷിപ്പ് ഫോറത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. ഐടി മേഖലയിലെ തൊഴിലുകളില്‍ നല്ലൊരു വിഭാഗവും ഭാവിയില്‍ ഹൈബ്രിഡ് രീതിയിലായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫോറത്തിനിടെ ബെയിന്‍ ക്യാപിറ്റല്‍ ഇന്ത്യാ അഡൈ്വസേഴ്‌സ് സ്ഥാപകനായ അമിത് ചന്ദ്രയുമായി നടന്ന ഫയര്‍സൈഡ് ചാറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളതലത്തില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ രൂക്ഷമാകുകയാണെങ്കിലും ഈ വര്‍ഷം ഡിസംബറോടെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിച്ചേക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ടെക്ക് ഇതര മേഖലയിലും 'ഫയറിംഗ്'

ആഗോളതലത്തില്‍ കോര്‍പ്പറേറ്റുകളിലെ ഫയറിംഗ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതേ നീക്കവുമായി കണ്‍സള്‍ട്ടിംഗ് ഭീമനായ മക്കന്‍സിയും. ഏകദേശം 2,000 പേരെ കമ്പനി പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് ഏതാനും ദിവസം മുന്‍പ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ ക്ലയിന്റുകളുമായി നേരിട്ട് ബന്ധമില്ലാത്ത സ്റ്റാഫിനെയാകും ആദ്യഘട്ടത്തില്‍ പിരിച്ചുവിടുക എന്നാണ് സൂചന. കമ്പനിയിലെ ടീമില്‍ പുനസംഘടനയുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

നെതര്‍ലാന്‍ഡ് ആസ്ഥാനമായ അക്കൗണ്ടിംഗ് സര്‍വീസസ് കമ്പനിയായ കെപിഎംജി 700 ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മികച്ച ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടിയാണെന്ന് നീക്കമെന്നും, വരുന്ന മാസങ്ങളില്‍ മാര്‍ക്കറ്റിലെ ഡിമാന്‍ഡ് വര്‍ധിക്കുവാനുള്ള സാധ്യതയുണ്ടെന്നും കെപിഎംജി വൈസ് ചെയര്‍മാന്‍ കാള്‍ കരാന്‍ഡേ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.