16 Aug 2023 10:58 AM IST
Summary
- ജയിലറിന്റെ തമിഴ് പതിപ്പ് മാത്രം റിലീസ് ചെയ്ത ആദ്യ അഞ്ച് ദിവസം കൊണ്ട് 139.05കോടി രൂപ കളക്റ്റ് ചെയ്തു
- പൊന്നിയിന്‍ സെല്‍വന്‍ II നെയാണു ജയിലര്‍ മറികടന്നത്
- റിലീസ് ദിനത്തില്‍ മാത്രം ചിത്രം ആഗോളതലത്തില്‍95.17 കോടി രൂപയാണു കളക്റ്റ് ചെയ്തത്
രജനികാന്തിന്റെ പുതിയ ചിത്രമായ ' ജയിലര്‍ ' ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറി.
മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ II നെയാണു ജയിലര്‍ മറികടന്നത്. 321 കോടി രൂപയായിരുന്നു പൊന്നിയിന്‍ സെല്‍വന്‍ II കളക്റ്റ് ചെയ്തത്.
ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ഓഗസ്റ്റ് 15ന് എക്‌സ് (മുന്‍പ് ട്വിറ്റര്‍) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
#Jailer has crossed #PS2 to become 2023 's No.1 Kollywood Grosser at the WW Box office..
— Ramesh Bala (@rameshlaus) August 15, 2023
ഓഗസ്റ്റ് 15-ന് ചിത്രത്തിന്റെ തമിഴ് പതിപ്പിന് 81.59 ശതമാനം ഒക്യുപന്‍സി റേറ്റ് കരസ്ഥമാക്കാന്‍ സാധിച്ചതായും രമേഷ് ബാല കുറിച്ചു.
കളക്ഷന്റെ കാര്യത്തില്‍ തമിഴ് ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ജയിലര്‍ 2023-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമെന്ന നേട്ടവും കൈവരിച്ചു. ഷാരൂഖ് ഖാന്റെ പത്താനും, പ്രഭാസിന്റെ ആദിപുരുഷുമാണു യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത് ജയിലര്‍, ആഗോളതലത്തില്‍ ഇതുവരെയായി 350 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. ഇന്ത്യയില്‍ മാത്രമായി ചിത്രം 174.15 കോടി രൂപ കളക്റ്റ് ചെയ്തു.
റിലീസ് ദിനത്തില്‍ മാത്രം ചിത്രം ആഗോളതലത്തില്‍95.17 കോടി രൂപയാണു കളക്റ്റ് ചെയ്തത്. രണ്ടാം ദിനത്തില്‍ 56.24 കോടി രൂപയും, മൂന്നാം ദിനത്തില്‍ 68.51 കോടി രൂപയും നേടി. നാലാം ദിനത്തില്‍ 82.36 കോടി രൂപയാണു നേടിയത്.
തമിഴ്, ഹിന്ദി, തെലുഗ്, ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ ജയിലറിന്റെ തമിഴ് പതിപ്പ് മാത്രം റിലീസ് ചെയ്ത ആദ്യ അഞ്ച് ദിവസം കൊണ്ട് 139.05
കോടി രൂപ കളക്റ്റ് ചെയ്തു.
തെലുഗ് പതിപ്പ് 32.55 കോടി രൂപയും, ഹിന്ദി പതിപ്പ് 1.25 കോടി രൂപയുമാണ് കളക്റ്റ് ചെയ്തത്.
300 കോടി ക്ലബ്ബില്‍ പ്രവേശിക്കുന്ന രജനികാന്തിന്റെ നാലാമത്തെ ചിത്രമാണ് ജയിലര്‍. യന്തിരന്‍ (2010), കബാലി (2016), 2.0 (2018) തുടങ്ങിയവയാണു 300 കോടി ക്ലബ്ബിലിടം നേടിയ രജനി ചിത്രങ്ങള്‍.
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം സണ്‍ പിക്‌ച്ചേഴ്‌സാണു നിര്‍മിച്ചിരിക്കുന്നത്. കലാനിധി മാരനാണു സണ്‍ പിക്‌ച്ചേഴ്‌സിന്റെ ഉടമ.
ചിത്രത്തില്‍ വമ്പന്‍ താരനിരയാണുള്ളത്. നായകന്‍ രജനികാന്തിനു പുറമെ മോഹന്‍ലാല്‍, ജാക്കി ഷെറോഫ്, യോഗി ബാബു, ശിവ്‌രാജ് കുമാര്‍, വസന്ത് രവി, വിനായകന്‍, രമ്യ കൃഷ്ണന്‍, തമന്ന ഭാട്ടിയ തുടങ്ങിയവരുണ്ട്.
ചിത്രം തിയേറ്റര്‍ റിലീസ് ദിനത്തിന്റെ 28 ദിവസം കഴിയുമ്പോള്‍ സണ്‍ എന്‍എക്‌സ്ടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ളിക്‌സും സണ്‍ പിക്‌ച്ചേഴ്‌സുമാണ് സ്വന്തമാക്കിയിരിക്കുന്നത്.
ജയിലറിന്റെ തമിഴ്, തെലുഗ്, കന്നഡ, മലയാളം ഭാഷകളിലെ സാറ്റ്‌ലൈറ്റ് അവകാശം നേടിയിരിക്കുന്നത് സണ്‍ നെറ്റ്‌വര്‍ക്കാണ്.
ജയിലര്‍ രജനികാന്തിന്റെ കരിയറിലെ 169-ാമത് ചിത്രമാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് രജനികാന്ത് ജയിലറിലൂടെ തിരിച്ചെത്തിയത്.
അണ്ണാത്തെയായിരുന്നു ജയിലര്‍ക്കു മുന്‍പ് റിലീസ് രജനി ചിത്രം.
ഇപ്പോള്‍ രജനി അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം ലാല്‍ സലാം ആണ്. മകള്‍ ഐശ്വര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമാണിത്. ഇതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ കപില്‍ ദേവ് അഭിനയിക്കുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
