27 March 2026 4:27 PM IST
Summary
ടെക് രംഗത്ത് മുന്നേറാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് പ്രചോദനം, ജയശ്രീ ഉല്ലാൽ, പരിശ്രമം കൊണ്ട് നേടിയെടുത്ത ആസ്തി 50170 കോടി രൂപയുടേത്
ടെക് രംഗത്തെ നേതൃത്വത്തിന് പേരുകേട്ട വനിത . ഇന്ത്യൻ വംശജയായ ജയശ്രീ ഉല്ലാൽ നിരവധി വനിതകൾക്ക് ഇന്ന് പ്രചോദനമാണ്.ക്ലൗഡ് നെറ്റ്‌വർക്കിംഗ് സൊല്യൂഷനുകൾ നൽകുന്ന അരിസ്റ്റ നെറ്റ്‌വർക്ക്സ് എന്ന രാജ്യാന്തര കമ്പനിയുടെ പ്രസിഡൻ്റും സിഇഒയുമാണ് ജയശ്രീ. ലോകമെമ്പാടും 10 മുതൽ 800 വരെ ജിഗാബിറ്റ് ഇഥർനെറ്റ് ഉൾപ്പെടെ ഹൈ-സ്പീഡ് ഇഥർനെറ്റ് ടെക്നോളജി ഡെവലപ്പ് ചെയ്ത് വിതരണം ചെയ്യുന്ന പ്രധാന കമ്പനിയാണ് അരിസ്റ്റാ നെറ്റ്‌വർക്ക്സ് . ക്ലൗഡ് കമ്പ്യൂട്ടിംഗും ഇൻ്റർനെറ്റ് സേവനങ്ങളും ശക്തിപ്പെടുത്തുന്ന ഡാറ്റാ സെൻ്ററുകളുടെ സുഗമമായ പ്രവർത്തനത്തിന് ഈ ടെക്നോളജിവളരെ അധികം സഹായിച്ചിട്ടുണ്ട്.
ഇന്ത്യയിൽ സ്കൂൾ വിദ്യാഭ്യാസം
1961 മാർച്ച് 27 ന് ജനിച്ച ഉല്ലാൽ ലണ്ടനിൽ ആണ് ജനിച്ചതെങ്കിലും സ്കൂൾ വിദ്യാഭ്യാസം നേടിയത് ഡൽഹിയിലെ ജീസസ് ആൻഡ് മേരി കോൺവെൻ്റിലായിരുന്നു.അതിനു ശേഷം ഉപരി പഠനത്തിനായി അമേരിക്കയിലേക്ക് താമസം മാറിയ ഉല്ലാൽ സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് 1981-ൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി.
പിന്നീട് 1986 ൽ സാന്താക്ലാര യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗ് മാനേജ്മെൻ്റിൽ മാസ്റ്റർ ഓഫ് സയൻസിലും (എം.എസ്.) ബിരുദം നേടി. ടെക്നോളജിയിലും മാനേജ്‌മന്റ് രംഗത്തും നേടിയ അറിവ് മാനേജ്‌മന്റ് രംഗത്തും തന്ത്ര പരമായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയാക്കി. ഫെയർചൈൽഡ് സെമികണ്ടക്ടറിൽ എഞ്ചിനീയറായാണ് കരിയറിൻ്റെ തുടക്കം.അവിടെ ഐബിഎമ്മിനും ഹിറ്റാച്ചിക്കുമായി ഫാസ്റ്റ് മെമ്മറി ചിപ്പുകൾ രൂപകൽപ്പന ചെയ്യാൻ സഹായിച്ചു.
1988-ൽ, അവർ അൻഗെർമാൻ-ബാസ് എന്ന കമ്പനിയിൽ നെറ്റ്‌വർക്കിംഗ് പാർട്സ് നിർമ്മിക്കുന്ന ബിസിനസ്സ് യൂണിറ്റിൻ്റെ ഡയറക്ടറായി.1992 മാർച്ചിൽ ജയശ്രീ ഉള്ളാൽ ക്രെസെൻഡോ കമ്മ്യൂണിക്കേഷൻസ് മാർക്കറ്റിംഗ് വൈസ് പ്രസിഡൻ്റായി. കോപ്പർ ഡിസ്ട്രിബ്യൂട്ടഡ് ഡാറ്റാ ഇൻ്റർഫേസ് പോലുള്ള വേഗതയേറിയ നെറ്റ്‌വർക്ക് പാർട്സ് വികസിപ്പിക്കാൻ സഹായിച്ച ഉല്ലാൽ ആദ്യകാല ഇഥർനെറ്റ് സ്വിച്ചിംഗ് ടെക്നോളജി രംഗത്തും പ്രവർത്തിച്ചിരുന്നു.
1993 സെപ്റ്റംബറിൽ സിസ്‌കോ സിസ്റ്റംസ് ക്രെസെൻഡോ കമ്മ്യൂണിക്കേഷൻസ് കമ്പനി ഏറ്റെടുത്തു. ഇത് സിസ്‌കോ എന്ന കമ്പനിയുടെ സ്വിച്ചിംഗ് വിപണിയിലേക്കുള്ള എൻട്രി ആക്കി മാറ്റി. കൂടാതെ കാറ്റലിസ്റ്റ് സ്വിച്ചിംഗ് ബിസിനസ് 2000-ഓടെ 5 ബില്യൺ ഡോളറിൻ്റെ ബിസിനസ്സായി ഉയർത്തുകയും ചെയ്തു.2005-ഓടെ, ജയശ്രീ സിസ്‌കോയുടെ ഡാറ്റാ സെൻ്റർ, സ്വിച്ചിംഗ്, സെക്യൂരിറ്റി ടെക്‌നോളജി ഗ്രൂപ്പിൻ്റെ സീനിയർ വൈസ് പ്രസിഡൻ്റായതോടെ ഏകദേശം 15 ബില്യൺ ഡോളർ വരുമാനത്തിലേക്ക് സിസ്കോ കമ്പനി ഉയർന്നു.
സിസ്കോയിൽ നിന്ന് അരിസ്റ്റ നെറ്റ്‌വർക്കിലേക്ക്
ഏകദേശം15 വർഷത്തിലേറെ നീണ്ടുനിന്നു സിസ്‌കോയിലെ ഉല്ലാലിൻ്റെ കരിയർ . അതിനു ശേഷമാണ് 2008 ഒക്ടോബറോടെ കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ പ്രവർത്തിക്കുന്ന അരിസ്റ്റ നെറ്റ്‌വർക്കിൻ്റെ സഹസ്ഥാപകരായ ആൻഡി ബെക്‌ടോൾഷൈമും ഡേവിഡ് ചെറിറ്റണും ചേർന്ന് ജയശ്രീ ഉല്ലാലിനെ കമ്പനിയുടെ സിഇഒയും പ്രസിഡൻ്റുമായി നിയമിക്കുന്നത്.
2008 മുതൽ അരിസ്റ്റ നെറ്റ്‌വർക്ക്‌സിനൊപ്പമുള്ള ഉല്ലാൽ അരിസ്റ്റാ നെറ്റ്‌വർക്ക്സിനെ ഒരു മൾട്ടി ബില്യൺ ഡോളർ കമ്പനിയാക്കി മാറ്റി. ഉല്ലാലിൻ്റെ നേതൃത്വവും വൈദഗ്ധ്യവും ഉല്ലാലിനെ നെറ്റ്‌വർക്കിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് വ്യവസായ രംഗത്തെ പ്രധാന വ്യക്തിയാക്കി മാറ്റി.അരിസ്റ്റയിലെ അവരുടെ റോളിന് പുറമേ, ടെക് വ്യവസായ രംഗത്തുള്ള അവരുടെ സംഭാവനകൾക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ ഒരു പബ്ലിക് ലിസ്റ്റഡ് ടെക് കമ്പനിയുടെ ചുരുക്കം ചില വനിതാ സിഇഒമാരിൽ ഒരാളുമാണ് ഉല്ലാൽ.
കഴിഞ്ഞ വർഷം കമ്പനി 700 കോടി ഡോളർ വരുമാനം നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് വരുമാനത്തിലെ വർധനവ്. അരിസ്റ്റയുടെ ഓഹരിയുടെ ഏകദേശം 3 ശതമാനം കെെവശം വെച്ചിട്ടുണ്ട്. ഏകദേശം 50,170 കോടി രൂപയാണ് ആസ്തി.തുടർച്ചയായ പരിശ്രമവും ഉറച്ച ലക്ഷ്യവും ഉണ്ടെങ്കിൽ വനിതകൾക്ക് സാധിക്കാത്തതായി ഒന്നും ഇല്ലന്ന് ഓർമിപ്പിക്കുന്നതാണ് ജയശ്രീ ഉല്ലാലിൻ്റെ വിജയം.
പഠിക്കാം & സമ്പാദിക്കാം
Home
