16 Feb 2026 3:27 PM IST
Summary
തെരുവിൽ ഉണ്ണിയപ്പം വിറ്റാണ് തുടക്കം. ഇന്ന് മലപ്പുറംകാരി ഷരീഫക്കുള്ളത് മൂന്ന് റെസ്റ്റോറൻ്റുകൾ. ജോലി നൽകുന്നത് 30 പേർക്ക്
മലപ്പുറത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു പ്രളയത്തിൽ ഷരീഫയുടെ കുടുംബം പട്ടിണിയിലായി. പെയിൻ്റിംഗുകാരനായ ഭർത്താവിന് തുടർച്ചയായി ജോലിയില്ല. വിശപ്പടക്കണമല്ലോ? അങ്ങനെയാണ് ഷരീഫ ആദ്യമായി ഉണ്ണിയപ്പം വിൽപ്പനക്ക് ഇറങ്ങുന്നത്. അയൽക്കാരിയോട് വാങ്ങിയ 100 രൂപ കൊണ്ട് കുറച്ച് സാധനങ്ങൾ വാങ്ങി. ആദ്യം ഉണ്ടാക്കിയത് 10 പാക്കറ്റ് ഉണ്ണിയപ്പം. വിൽക്കാനും ഷരീഫ തന്നെ മുന്നിട്ടിറങ്ങി. ഉണ്ണിയപ്പം പാക്കറ്റുകൾ വിറ്റുപോയി.
പിന്നീട് പത്തിരിയും, ചപ്പാത്തിയും കൂടെ ഉണ്ടാക്കി പാക്കറ്റുകളിലാക്കി വിൽപ്പന തുടങ്ങി. ഇന്ന് കുടുംബശ്രീക്ക് കീഴിലെ ഏറ്റവും വിജയിച്ച ഫുഡ് ഓൺട്രപണർമാരിൽ ഒരാളാണ് ഷരീഫ. ഹോട്ടൽ ബിസിനസിൽ നിന്ന് കോടികൾ വരുമാനമുള്ള ഷറീഫക്ക് കോട്ടക്കലിൽ തന്നെയുണ്ട് മൂന്ന് റെസ്റ്റോറൻ്റുകൾ.
ജീവിതം മാറ്റിയ കുടുംബശ്രീ
ഉണ്ണിയപ്പവും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കി വിറ്റിരുന്ന ഷരീഫ പിന്നീട് ചെറിയ ഒരു കാറ്ററിംഗ് ബിസിനസ് ആരംഭിക്കുന്നതിനായി ഒരു ലോണിനായി നിരവധി ബാങ്കുകളെ സമീപിച്ചു. ബാങ്കുകൾ ഒന്നും ഷരീഫക്ക് ലോൺ നൽകിയില്ല. ജാമ്യം നിൽക്കാനും ആളില്ലായിരുന്നു. പിന്നീടാണ് കുടുംബശ്രീയിൽ അംഗമാകുന്നത്.
പിന്നീട് കുടുംബശ്രീയിൽ നിന്ന് ലോൺ എടുത്ത 2 ലക്ഷം രൂപ കൊണ്ടാണ് മുത്തൂസ് കാറ്ററിങ് എന്ന സംരംഭം തുടങ്ങുന്നത്. പത്തിരിക്കും, ചപ്പാത്തിക്കുമൊപ്പം ബിരിയാണി ആയിരുന്നു ആദ്യ വിൽപ്പന. ദിവസം 10 മുതൽ 20 കിലോഗ്രാം വരെ ബിരിയാണി ഉണ്ടാക്കും.
തുടക്കത്തിൽ വരുമാനത്തിന്റെ ഭൂരിഭാഗവും ബിസിനസിൽ തന്നെ നിക്ഷേപിച്ചു. സാധനങ്ങൾ വാങ്ങാനും ജോലിക്കാർക്ക് പണം നൽകാനുമായി തന്നെ പണത്തിലധികവും ചെലവഴിച്ചു. കാര്യമായ ലാഭമില്ലാതിരുന്ന ബിസിനസ് മാറി മറിയുന്നത് മറ്റൊരു സേവനത്തോടെയാണ്.
സർക്കാർ ജീവനക്കാർക്കായി ലഞ്ച്ബോക്സ് സേവനങ്ങൾ
മലപ്പുറം കളക്ടറേറ്റിലെ കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്ററായിരുന്ന ഹേമലതയാണ്, സർക്കാർ ജീവനക്കാർക്ക് ഉച്ചഭക്ഷണം എത്തിക്കുന്നതിനായി ഒരു ലഞ്ച് ബോക്സ് സേവനം ആരംഭിക്കണമെന്ന് നിർദ്ദേശിക്കുന്നത്. പിന്നീട് എല്ലാ ദിവസവും 50 മുതൽ 60 വരെ ഉദ്യോഗസ്ഥർക്ക് ഭക്ഷണം എത്തിക്കുന്ന സേവനം കൂടെ തുടങ്ങി. പിന്നീട് കല്ല്യാണത്തിൻ്റെ കാറ്ററിങ് ഓർഡറുകൾ ഉൾപ്പെടെ ലഭിച്ചു തുടങ്ങി.
പിന്നീട് കോട്ടക്കൽ ആയുർവേദ ആശുപത്രിയിൽ കാൻ്റീൻ നടത്തി. പിന്നീട് കോട്ടക്കലിലെ ഒരു റെസ്റ്റോറൻ്റ് ഏറ്റെടുത്ത് നവീകരിച്ച് പ്രവർത്തനം തുടങ്ങി. ഇന്ന് കുടുംബശ്രീയുടെ പ്രീമിയം റെസ്റ്റോറൻ്റ് ഉൾപ്പെടെ മൂന്ന് റെസ്റ്റോറൻ്റുകൾ ഷരീഫക്ക് മലപ്പുറത്തുണ്ട്. സ്വന്തമായി വീടും പുരയിടവും ഒക്കെ വാങ്ങിയ ഷരീഫ 30 ഓളം പേർക്ക് ജോലിയും നൽകുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
