image

11 Feb 2026 11:18 AM IST

Industries

കെയ്ൻസ് ടെക്‌നോളജിയുടെ ആദ്യ യൂണിറ്റ് കേരളത്തിൽ

MyFin Desk

കെയ്ൻസ് ടെക്‌നോളജിയുടെ ആദ്യ യൂണിറ്റ്  കേരളത്തിൽ
X

Summary

റയോൺസിൻ്റെ ഭൂമി ഇനി വ്യവസായികാവശ്യത്തിന്. കെയ്ൻസ് ടെക്നോളജിയുടെ ആദ്യ യൂണിറ്റ് പെരുമ്പാവൂരിൽ പ്രവർത്തനം ആരംഭിക്കുന്നു


പെരുമ്പാവൂരിൽ അടച്ചുപൂട്ടിയ ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ഭൂമി കാൽ നൂറ്റാണ്ടിന് ശേഷം വീണ്ടും വ്യാവസായിക ആവശ്യത്തിന്. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിംഗ് (ഇഎസ്ഡിഎം) കമ്പനിയായ കെയ്ൻസ് ടെക്‌നോളജിയുടെ ആദ്യ ഉല്‍പാദന യൂണിറ്റ് ഫെബ്രു 11 ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് വ്യവസായ മന്ത്രി പി രാജീവ്.

റയോൺസ് ഭൂമി സർക്കാർ ഏറ്റെടുത്ത ശേഷം കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിച്ചു. ഈ പാർക്കിലാണ് കെയ്ൻസ് ഉല്‍പാദന യൂണിറ്റിന്റെ ആദ്യഘട്ടമായ ആല്‍ഫ ബില്‍ഡിംഗ് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം രണ്ടാംഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കും. എഐ ക്യാമറ നിര്‍മാണവുമായി ബന്ധപ്പെട്ട് കെല്‍ട്രോണും കെയ്നസ് ടെക്നോളജിയും തമ്മിലുള്ള ധാരണാപത്രവും ചടങ്ങില്‍ ഒപ്പുവയ്ക്കും.

പെരുമ്പാവൂർ ചേലാമറ്റത്ത് ട്രാവൻകൂർ റയോൺസ് കമ്പനിയിൽ നിന്ന് സർക്കാർ ഏറ്റെടുത്ത സ്ഥലമാണ് കിന്‍ഫ്രക്ക് കൈമാറിയത്. 2001 മുതൽ അടഞ്ഞു കിടക്കുകയായിരുന്നു റയോൺസ്. ഭൂമി ഒഫീഷ്യൽ ലിക്വിഡേറ്റർ സർക്കാരിന് കൈമാറിയ ശേഷം മൂല്യനിർണയം നടത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ സ്ഥലം ഉപയോഗിച്ച് സ്റ്റേഡിയം സ്ഥാപിക്കണമെന്നതുൾപ്പെടെ പല നിർദ്ദേശങ്ങൾ ഉയർന്നെങ്കിലും ഇലക്ട്രോണിക്സ് വ്യവസായ പാര്‍ക്ക് വികസിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

2025 ഫെബ്രുവരിയില്‍ കൊച്ചിയില്‍നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഉണ്ടായ നിക്ഷേപ വാഗ്ദാനമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കെയ്ന്‍സിന് ഭൂമി കൈമാറിയത്. വിട്ടുനല്‍കിയ 28 ഏക്കര്‍ സ്ഥലത്ത് നിലവിലുണ്ടായിരുന്ന 15,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം നവീകരിച്ച് നാലുമാസംകൊണ്ടാണ് ആദ്യഘട്ട ഉല്‍പാദന യൂണിറ്റ് തുറക്കുന്നത്.

ഒട്ടേറെ തൊഴിൽ അവസരങ്ങൾ

രണ്ടാംഘട്ടമായി നിര്‍മിക്കുന്ന 80,000 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന ബീറ്റ ബില്‍ഡിംഗിനാണ് ഇതോടൊപ്പം തറക്കല്ലിടുന്നത്. തുടര്‍ന്ന് 80,000 ചതുരശ്ര അടി വരുന്ന ഗാമ, ഒരു ലക്ഷം ചതുരശ്ര അടി വരുന്ന ഡെല്‍റ്റ എന്നീ സമുച്ചയങ്ങള്‍കൂടി കെയ്ന്‍സിന്റെ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. ആകെ 350 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. നിലവില്‍ പ്രവര്‍ത്തനസജ്ജമായ യൂണിറ്റില്‍ 100 പേര്‍ക്കുള്ള തൊഴിലവസരമാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ ബീറ്റ, ഗാമ, ഡെല്‍റ്റ യൂണിറ്റുകള്‍കൂടി പൂര്‍ത്തിയാകുകയും ഓരോന്നിലും 500 വീതം തൊഴിലവസരങ്ങള്‍കൂടി സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാഹനങ്ങൾ, വ്യവസായം, റയിൽവേ, മെഡിക്കൽ, വ്യോമയാനം തുടങ്ങി ആഗോളതലത്തില്‍ വിവിധ മേഖലകളിലേക്ക് ആവശ്യമായ ഇലക്ട്രോണിക് ഉൽപന്നങ്ങൾ രൂപകൽപനചെയ്ത് നിർമിക്കുന്ന, മൈസൂര്‍ ആസ്ഥാനമായ കെയ്ന്‍‌സിന് നിലവിൽ കേരളത്തിനു പുറത്ത് /എട്ട് ഇടങ്ങളിലാണ് ഉൽപാദന യൂണിറ്റുകളുള്ളത്. കേരളത്തിൽ കൊച്ചിയിൽ പ്രവര്‍ത്തിക്കുന്ന സർവ്വീസ് സെന്റർ മാത്രമായിരുന്നു ഇതുവരെയുള്ള സാന്നിധ്യം.

കേരളത്തിന്റെ വ്യാവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ കെയ്‌ൻസ് ടെക്‌നോളജിയുടെ പെരുമ്പാവൂരിലെ ഉല്‍പാദന യൂണിറ്റ് നിർണായക പങ്ക് വഹിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇലക്ട്രോണിക്സ് രംഗത്തെ നൂതനസാങ്കേതിക ഉപകരണങ്ങളുടെ നിർമ്മാണം, നൈപുണ്യ വികസനം എന്നിവയ്ക്കൊപ്പം പ്രാദേശിക വിതരണ ശൃംഖലയുടെ വളർച്ചയ്ക്ക് സംഭാവന നൽകാന്‍ ഇതിലൂടെ സാധിക്കും. ഉന്നത സാങ്കേതിക വിദ്യാനിർമ്മാണരംഗത്തെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നൂതന വ്യാവസായിക, ഇലക്ട്രോണിക്സ് നിർമ്മാണരംഗത്തെ വളർന്നുവരുന്ന കേന്ദ്രമെന്ന നിലയിൽ സംസ്ഥാനത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള കേരള സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകൂടിയായി കെയ്ന്‍സിന്റെ കേരളത്തിലെ നിക്ഷേപം മാറും.