2 March 2026 3:22 PM IST
Summary
വിപണിയിലെ ഈ അസ്ഥിരത ക്രൂഡ് ഓയില്‍ വിലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച ബാരലിന് 72 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില തിങ്കളാഴ്ച 80 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു
പശ്ചിമേഷ്യയില്‍ ആളിപ്പടരുന്ന സൈനിക നീക്കങ്ങളും പ്രത്യാക്രമണങ്ങളും ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാകുന്നതായി മൂഡീസ് അനലിറ്റിക്സ്. ലോകത്തെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ മൂന്നിലൊന്നും എല്‍.എന്‍.ജി കയറ്റുമതിയുടെ 20 ശതമാനവും നിയന്ത്രിക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങള്‍ ആഗോള വിപണിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം അങ്ങേയറ്റം സങ്കീര്‍ണ്ണമാണ്. രാജ്യത്തിന്റെ എണ്ണ ആവശ്യകതയുടെ പകുതിയോളവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. റഷ്യന്‍ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള മുന്‍ ധാരണകളില്‍ മാറ്റം വന്നതും ട്രംപ് ഭരണകൂടത്തിന്റെ പുതിയ വ്യാപാര നയങ്ങളിലെ അനിശ്ചിതത്വവും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ പ്രതിരോധത്തിലാക്കുന്നു. ആഭ്യന്തര വിപണിയില്‍ ഇന്ധന വില കുതിച്ചുയരാന്‍ ഇത് കാരണമായേക്കാം.
വിപണിയിലെ ഈ അസ്ഥിരത ക്രൂഡ് ഓയില്‍ വിലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച ബാരലിന് 72 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില തിങ്കളാഴ്ച 80 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. ഇന്ധന വിലയിലുണ്ടാകുന്ന ഈ വര്‍ദ്ധനവ് പണപ്പെരുപ്പത്തിന് വഴിവെക്കുമെന്നും ഇത് നേരിടാന്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്നും മൂഡീസ് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയ്ക്ക് പുറമെ ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്വാന്‍ തുടങ്ങിയ വികസിത ഏഷ്യന്‍ രാജ്യങ്ങളെയും പ്രതിസന്ധി സാരമായി ബാധിക്കും. തങ്ങളുടെ ഊര്‍ജ്ജ ആവശ്യത്തിന്റെ 80 ശതമാനത്തിലധികം ഇറക്കുമതിയെ ആശ്രയിക്കുന്ന ഈ രാജ്യങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും ഇത് കാരണമാകും. ഇറക്കുമതി ചെലവ് വര്‍ദ്ധിക്കുന്നത് ഏഷ്യന്‍ കറന്‍സികളുടെ മൂല്യം ഇടിയുന്നതിനും സാമ്പത്തിക ഒഴുക്ക് കുറയുന്നതിനും ഇടയാക്കും.
നേരത്തെ റഷ്യ-ഉക്രെയ്ന്‍ യുദ്ധകാലത്ത് ഊര്‍ജ്ജ വിലയിലുണ്ടായ വര്‍ദ്ധനവ് ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ വലിയ കടക്കെണിയിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കും തള്ളിയിട്ടിരുന്നു. നിലവിലെ സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഏഷ്യയിലെ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്‍ വീണ്ടും സമാനമായ പ്രതിസന്ധിയിലേക്കും കടബാധ്യതകളിലേക്കും നീങ്ങാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
