image

1 March 2026 12:52 PM IST

Oil and Gas

ഹോര്‍മുസ് കടലിടുക്കിലെ കരിനിഴല്‍; ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിസന്ധിയില്‍?

MyFin Desk

ഹോര്‍മുസ് കടലിടുക്കിലെ കരിനിഴല്‍;   ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിസന്ധിയില്‍?
X

Summary

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പകുതിയോളം ഹോര്‍മുസ് കടലിടുക്ക് വഴിയിലൂടെയാണ് കടന്നുപോകുന്നത്. ഇറാഖ്, സൗദി, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 2.6 ദശലക്ഷം ബാരല്‍ എണ്ണ ഓരോ ദിവസവും ഈ പാതയെ ആശ്രയിക്കുന്നു


ലോകത്തെ എണ്ണ വിപണിയുടെ നാഡീഞരമ്പായ ഹോര്‍മുസ് കടലിടുക്ക് യുദ്ധഭീതിയിലാണ്. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പകുതിയോളം (ഏകദേശം 50%) ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്. ഇറാഖ്, സൗദി, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 2.6 ദശലക്ഷം ബാരല്‍ എണ്ണ ഓരോ ദിവസവും ഈ പാതയെ ആശ്രയിക്കുന്നു. സംഘര്‍ഷം മൂലം ഇവിടെ ഗതാഗത തടസ്സമുണ്ടായാല്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്ക് അത് വലിയ വെല്ലുവിളിയാകും.

ഉയരുന്ന വില, കുറയുന്ന ലാഭം: സാധാരണക്കാരനെ ബാധിക്കുന്നതെങ്ങനെ?

ഭൗതികമായി എണ്ണ ലഭ്യത കുറയുന്നതിന് മുമ്പ് തന്നെ യുദ്ധപ്പേടി വിപണിയില്‍ വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. ബാരലിന് 65ഡോളറില്‍ നിന്നിരുന്ന വില ഇതിനകം തന്നെ 73 ഡോളറിലേക്ക് ഉയര്‍ന്നു. ഇത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ദ്ധിപ്പിക്കുകയും രൂപയുടെ മൂല്യത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും. എണ്ണക്കമ്പനികളുടെ ലാഭവിഹിതം കുറയുന്നത് പെട്രോള്‍, ഡീസല്‍ വിലകളിലും ചരക്ക് നീക്കത്തിനുള്ള ഇന്‍ഷുറന്‍സ് നിരക്കുകളിലും പ്രതിഫലിച്ചേക്കാം.

'പ്ലാന്‍ ബി'യുമായി ഇന്ത്യ

ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന റഷ്യന്‍ എണ്ണയുടെ അളവ് കൂട്ടുന്നതിനൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്സ്, പശ്ചിമാഫ്രിക്ക (നൈജീരിയ, അംഗോള), ലാറ്റിന്‍ അമേരിക്ക (ബ്രസീല്‍, കൊളംബിയ) എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ എത്തിക്കാന്‍ നീക്കമുണ്ട്. എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് എണ്ണ എത്താന്‍ 5-7 ദിവസമേ വേണ്ടൂ എന്നരിക്കെ, ദൂരെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ചെലവും സമയവും ഏറും.

പ്രകൃതിവാതക വിപണിയും സമ്മര്‍ദ്ദത്തില്‍

എണ്ണയേക്കാള്‍ ഉപരിയായി ഇന്ത്യയുടെ പ്രകൃതിവാതക ഇറക്കുമതിയെയാണ് ഈ യുദ്ധം കൂടുതല്‍ ബാധിക്കാന്‍ സാധ്യത. ഇന്ത്യയുടെ മൊത്തം എല്‍.എന്‍.ജി ഇറക്കുമതിയുടെ 54 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. ലോകത്തെ ആകെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വാതകത്തിന്റെയും 20% കടന്നുപോകുന്ന ഈ പാത തടസ്സപ്പെട്ടാല്‍ വ്യവസായ ശാലകളെയും ഊര്‍ജ്ജ ഉല്‍പ്പാദനത്തെയും അത് സാരമായി ബാധിക്കും.

താല്‍ക്കാലിക പ്രതിസന്ധി; ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍

യുദ്ധം നീണ്ടുപോയാലും വലിയൊരു തകര്‍ച്ച ഇന്ത്യയെ ബാധിക്കില്ലെന്നാണ് കെപ്ലറിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മേഖലയിലെ യുഎസ് സൈനിക സാന്നിധ്യവും ജിസിസി രാജ്യങ്ങളുടെ സമുദ്ര സുരക്ഷാ ശേഷിയും കണക്കിലെടുക്കുമ്പോള്‍, തടസ്സങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട്. കൂടാതെ, അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഇന്ത്യയുടെ പക്കല്‍ തന്ത്രപരമായ പെട്രോളിയം കരുതല്‍ ശേഖരം ഉള്ളതും ആശ്വാസകരമാണ്.