image

9 Nov 2026 3:04 PM IST

Oil and Gas

കേരളത്തിലും പെട്രോളില്‍ എഥനോള്‍ കൂടുതലോ? നാല് ജില്ലകളില്‍ മിന്നല്‍ പരിശോധന!

MyFin Desk

കേരളത്തിലും പെട്രോളില്‍ എഥനോള്‍ കൂടുതലോ?  നാല് ജില്ലകളില്‍ മിന്നല്‍ പരിശോധന!
X

Summary

കേരളത്തില്‍ ഇതുവരെ അമിത എഥനോള്‍ കലര്‍ത്തലിനെക്കുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും മുന്‍കരുതല്‍ നടപടിയായി പരിശോധന അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്


കര്‍ണാടകയില്‍ പെട്രോളില്‍ അനുവദനീയമായതിലും കൂടുതല്‍ എഥനോള്‍ കണ്ടെത്തിയെന്ന ആരോപണത്തിന് പിന്നാലെ കേരളവും പരിശോധനയ്ക്ക് ഇറങ്ങി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ നാല് ജില്ലകളിലെ തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാന്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.

കേരളത്തില്‍ ഇതുവരെ അമിത എഥനോള്‍ കലര്‍ത്തലിനെക്കുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എങ്കിലും കര്‍ണാടകയിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ പരിശോധന അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ആദ്യ ഘട്ടത്തില്‍ ഓരോ ജില്ലയിലും 5 പമ്പുകളില്‍ വീതം പരിശോധന നടക്കും. ഓരോ പമ്പില്‍ നിന്നും 6 സാമ്പിളുകള്‍ വീതം ശേഖരിച്ച് NABL അംഗീകൃത ലാബുകളില്‍ പരിശോധിക്കും. ഫോറന്‍സിക് ലാബുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിശോധന നവംബര്‍ 9 മുതല്‍ തുടങ്ങും. എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയാല്‍ ഓയില്‍ കമ്പനികള്‍ക്കും പമ്പ് ഉടമകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

കര്‍ണാടക സര്‍ക്കാര്‍ 7 ജില്ലകളില്‍ നിന്ന് 63 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ നിന്ന് 14 എണ്ണം തിരഞ്ഞെടുത്ത് പരിശോധിച്ചപ്പോള്‍ 11 എണ്ണത്തിലും 20 ശതമാനത്തിലധികം എഥനോള്‍ കണ്ടെത്തിയെന്നാണ് കര്‍ണാടകയുടെ അവകാശവാദം. ഏറ്റവും കൂടുതല്‍ 31.2 ശതമാനം - IOCLന്റെ ഒരു സാമ്പിളില്‍. HPCL-ന്റെ സാമ്പിളില്‍ 30.5 ശതമാനവും. ബെംഗളൂരു, കോലാര്‍, ചിക്കബല്ലാപുര, മംഗളൂരു തുടങ്ങിയ ജില്ലകളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ആദ്യം IOCL, BPCL ലാബുകളില്‍ പരിശോധിച്ചെങ്കിലും എഥനോള്‍ അളവ് വെളിപ്പെടുത്തിയില്ലെന്ന് കര്‍ണാടക പറയുന്നു. പിന്നീടാണ് ശ്രീറാം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്വകാര്യ NABL ലാബുകളില്‍ പരിശോധിച്ചത്.

എന്നാല്‍ ഈ കണ്ടെത്തലുകളെ കേന്ദ്രവും ഓയില്‍ കമ്പനികളും ശക്തമായി തള്ളി. IOCL, BPCL, HPCL എന്നിവയുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നത്, സാമ്പിളുകള്‍ ശേഖരിച്ചത് OMC പ്രതിനിധികളുടെ സാന്നിധ്യമില്ലാതെയാണെന്നും, പരിശോധനാ രീതി നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നുമാണ്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ Centre for High Technology-യുമായി ചേര്‍ന്ന് 27 സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച 893 സാമ്പിളുകളും 19-21 ശതമാന പരിധിക്കുള്ളിലാണെന്നും കമ്പനികള്‍ പറയുന്നു. കര്‍ണാടകയിലെ 56 സാമ്പിളുകളുടെ ശരാശരി 19.3 ശതമാനമാണ്.ഇതിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തൃശൂരില്‍ പ്രതികരിച്ചു - ''കര്‍ണാടകയ്ക്കും കേരളത്തിനും പരിശോധിക്കാം, ഞങ്ങള്‍ക്ക് ശാസ്ത്രീയ പിന്തുണയുണ്ട്. പക്ഷേ വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുത്.'' എഥനോള്‍ മിശ്രിതം ഇറക്കുമതി ആശ്രയം കുറയ്ക്കുമെന്നും, കര്‍ഷകരെ സഹായിക്കുമെന്നും, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. നിലവില്‍ 20 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്താന്‍ പദ്ധതിയില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.