12 July 2026 3:06 PM IST
റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടം; സര്‍വകാല റെക്കോര്‍ഡ് തിരുത്തി ഇന്ത്യ
MyFin Desk
Summary
ജൂണ്‍ മാസത്തില്‍ മാത്രം റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 34 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
റഷ്യന്‍ അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടവുമായി ഇന്ത്യ. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജൂണ്‍ മാസത്തില്‍ മാത്രം റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 34 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയ്ക്ക് ശേഷം റഷ്യയില്‍ നിന്ന് ഏറ്റവുമധികം ഇന്ധനം വാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ തുടരുകയാണ്.
ജൂണ്‍ മാസത്തില്‍ മാത്രം 4.5 ബില്യണ്‍ യൂറോയുടെ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. രാജ്യത്തെ പ്രമുഖ റിഫൈനറികളെല്ലാം റഷ്യന്‍ ക്രൂഡിന്റെ ഉപയോഗം കുത്തനെ വര്‍ദ്ധിപ്പിച്ചു എന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം.
റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിയില്‍ 150 ശതമാനവും, ഇന്ത്യന്‍ ഓയിലിന്റെ പാരദീപ് റിഫൈനറിയില്‍ 126 ശതമാനവും വര്‍ദ്ധനവുണ്ടായി. ബി.പി.സി.എല്ലിന്റെ കൊച്ചി റിഫൈനറിയില്‍ 83 ശതമാനവും, നയാര എനര്‍ജിയുടെ വാഡിനാര്‍ റിഫൈനറിയില്‍ 45 ശതമാനവും അധികമായി റഷ്യന്‍ ക്രൂഡ് ഉപയോഗിച്ചു.
റഷ്യന്‍ ക്രൂഡ് ഉപയോഗിച്ച് സംസ്‌കരിച്ച ഇന്ധനങ്ങള്‍ പാശ്ചാത്യ വിപണികളിലേക്ക് എത്തുന്നത് ആഗോളതലത്തില്‍ ചര്‍ച്ചയാവുകയാണ്. റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ റിഫൈനറികള്‍ ഇന്ധനം എത്തിക്കുന്നുണ്ട്. ജാംനഗറില്‍ നിന്ന് ജെറ്റ് ഫ്യുവല്‍ യുകെയിലേക്ക് കയറ്റുമതി ചെയ്തത് ഇതിന് ഉദാഹരണമാണ്. 63 മില്യണ്‍ യൂറോ മൂല്യമുള്ള ഈ കയറ്റുമതി റഷ്യന്‍ ഇന്ധനം ആഗോള വിപണിയില്‍ എത്തുന്നതിലെ ഇന്ത്യയുടെ നിര്‍ണ്ണായക പങ്കാണ് വ്യക്തമാക്കുന്നത്.
മറുവശത്ത്, ആഗോളതലത്തില്‍ എണ്ണവിലയിലുണ്ടായ കുറവ് റഷ്യയുടെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. പ്രതിദിന വരുമാനത്തില്‍ 8 ശതമാനം ഇടിഞ്ഞ് 348 മില്യണ്‍ യൂറോയായി കുറഞ്ഞു. അതേസമയം, പാശ്ചാത്യ ഉപരോധങ്ങളെ മറികടക്കാന്‍ റഷ്യ ഇപ്പോഴും ആശ്രയിക്കുന്നത് ഷാഡോ ഫ്ലീറ്റ് എന്നറിയപ്പെടുന്ന ടാങ്കറുകളെയാണ്. റഷ്യന്‍ കടല്‍മാര്‍ഗ്ഗമുള്ള എണ്ണക്കടത്തിന്റെ 54 ശതമാനവും ഇത്തരത്തില്‍ ഉപരോധം ലംഘിച്ചാണ് നടക്കുന്നത് എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
