image

21 Nov 2023 11:42 AM GMT

Oil and Gas

ഇന്ത്യ പ്രകൃതി വാതക സംഭരണം കൂട്ടുന്നു

MyFin Desk

Indias natural gas reserves are getting ready
X

Summary

  • ഉപയോഗ ശൂന്യമായ സംഭരണികള്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം.


ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകം സംഭരിക്കാന്‍ നാല് ബില്യണ്‍ ക്യുബിക് മീറ്റര്‍ (ബിസിഎം) സംഭരണ ശേഷിയുള്ള ഒരു തന്ത്രപ്രധാനമായ വാതക സംഭരണി നിര്‍മ്മിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. അടിയന്തര വിപണന സാഹചര്യങ്ങളും ആഭ്യന്തര വിപണിയും സുഗമമാക്കുന്നതിനു ഉപയോഗിക്കാനാണ് പുതിയ സംഭരണി.. 200 കോടി ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അടുത്തിടെ ഗ്യാസ് റിസര്‍വ് സ്ഥാപിക്കാന്‍ ഇന്ത്യ സജ്ജമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി വിശദമായ സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഓയില്‍ മന്ത്രാലയം ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി), ഓയില്‍ ഇന്ത്യ, ഗെയില്‍ എന്നീ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് മാസത്തിനകം ഈ കമ്പനികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷാ പദ്ധതിയുടെ ഭാഗമായി തന്ത്ര പ്രധാനമായ വാതക സംഭരണി നിര്‍മ്മിക്കാന്‍ വളരെ മുമ്പേ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും വാതകത്തിന്റെ വിലക്കയറ്റം മൂലം പദ്ധതി നിർത്തിവെക്കേണ്ടി വന്നു . എന്നാല്‍ റഷ്യ- ഉക്രെയ്ന്‍ യുദ്ധവും, തുടര്‍ന്ന് വന്ന ഇസ്രയേല്‍ ഹമാസ് സംഘര്‍ഷവും ഇന്ത്യയുടെ ഗ്യാസ് ഇറക്കുമതിയില്‍ കുറവ് വരുത്തി. മാത്രമല്ല ഉല്‍പാദന രാജ്യങ്ങളായ സൗദി അറേബ്യയും റഷ്യയും വിതരണം വെട്ടിക്കുറച്ചതോടെ ഇറക്കുമതി രാജ്യങ്ങള്‍ ഏറെ പ്രതിസന്ധിയിലാണ്. അതേസമയം വെനിസ്വേലക്ക് മേലുള്ള അമേരിക്കയുടെ നിയന്ത്രണത്തില്‍ ഇളവ് വന്നത് ഇന്ത്യക്ക് ആശ്വാസമായി .

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 60 ബിസിഎം പ്രകൃതി വാതകം ഉപയോഗിച്ച ഇന്ത്യ, 2030 ഓടെ ഊര്‍ജ്ജ മിശ്രിതത്തിലെ വാതകത്തിന്റെ പങ്ക് നിലവിലെ ആറ് ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്താനാണ് പദ്ധതി. വലിയ മള്‍ട്ടി-ലൊക്കേഷന്‍ സ്റ്റോറേജ്, മികച്ച പൈപ്പ്‌ലൈന്‍ നെറ്റ് വര്‍ക്ക്, ഗ്യാസ് എക്‌സ്‌ചേഞ്ച് എന്നിവ ആഭ്യന്തര വാതക വിപണി വികസിപ്പിക്കാന്‍ സഹായിക്കും.

വലിയ വാതക സംഭരണം ഇന്ത്യയെ പ്രദേശിക സംഭരണ കേന്ദ്രമാക്കാനും ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മാര്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്ക് ഭാവിയില്‍ വിതരണം ചെയ്യാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഒഎന്‍ജിസിയുടേയും ഓയില്‍ ഇന്ത്യയുടേയും നിലവില്‍ ഉപയോഗ ശൂന്യമായഎണ്ണ കിണറുകൾ ഉപയോഗപ്പെടുത്താനാണ് തീരുമാനം.

ഒഎന്‍ജിസി ഗുജറാത്തില്‍ ഇത്തരം രണ്ട് കിണറുകള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഓയില്‍ ഇന്ത്യ വടക്കുകിഴക്കന്‍ മേഖലകളില്‍ ഉപേക്ഷിച്ച .എണ്ണ കിണറുകൾ വാതക സംഭരണികളായി മാറ്റാൻ ആലോചിക്കുന്നു.

ഗ്യാസ് അധിഷ്ഠിത സമ്പദ് വ്യവസ്ഥയായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഭാവിയില്‍ വാതക ഉപഭോഗം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ഹ്രസ്വകാല വിപണി വെല്ലുവിളികളെ മറികടക്കാന്‍ രാജ്യത്തിന് സംഭരണം ആവശ്യമാണ്. ഇന്ത്യ വാതക ഉപഭോഗത്തിന്റെ പകുതിയോളം ഇറക്കുമതി ചെയ്യുകയാണ്. യൂറോപ്പും ചൈനയും പോലുള്ള പ്രധാന വാതക-ഉപഭോഗ സമ്പദ് വ്യവസ്ഥകളില്‍ വലിയ കൃത്രിമ വാതക സംഭരണികളുണ്ട്. ആഭ്യന്തര ആവശ്യം നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു.