image

6 Feb 2024 9:20 AM GMT

Oil and Gas

ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതി കാലാവധി ഇന്ത്യ നീട്ടുന്നു

MyFin Desk

India extends LNG import deadline from Qatar
X

Summary

  • എല്‍എന്‍ജി കരാര്‍ 2048വരെയാണ് നീട്ടുന്നത്
  • പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് ആണ് ഖത്തര്‍ എനര്‍ജിയുമായി കരാറൊപ്പിടുക
  • രാജ്യത്തെ ഊര്‍ജ്ജ മിശ്രിതത്തില്‍ പ്രകൃതി വാതകത്തിന്റെ പങ്ക് 15% ആയി ഉയര്‍ത്തും


നിലവിലെ വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതി 2048 വരെ നീട്ടുന്നതിനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെക്കുന്നു. ഖത്തര്‍ എനര്‍ജിയുമായി പ്രതിവര്‍ഷം 7.5 മില്യണ്‍ ടണ്‍ ഇറക്കുമതി വ്യാപിപ്പിക്കുന്നതിനുള്ള കരാറില്‍ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് ആണ് കരാറിലൊപ്പിടുക. നിലവിലെ വിലയേക്കാള്‍ ഗണ്യമായി കുറച്ചതാകും കരാറെന്നാണ് സൂചന.

രണ്ട് കരാറുകളിലായി ഖത്തറില്‍ നിന്ന് പെട്രോനെറ്റ് നിലവില്‍ പ്രതിവര്‍ഷം 8.5 ദശലക്ഷം ടണ്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്യുന്നു. ആദ്യത്തെ 25 വര്‍ഷത്തെ കരാര്‍ 2028-ല്‍ അവസാനിക്കും. അത് ഇപ്പോള്‍ 20 വര്‍ഷത്തേക്ക് കൂടി നീട്ടുകയാണ്. പ്രതിവര്‍ഷം ഒരു ദശലക്ഷം ടണ്ണിനുള്ള രണ്ടാമത്തെ ഇടപാട് പ്രത്യേകമായി ചര്‍ച്ച ചെയ്യുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്താവായ ഇന്ത്യ, 2070-ഓടെ കാര്‍ബണ്‍ എമിഷന്‍ ഒഴിവാക്കാനുള്ള പരിവര്‍ത്തന ഇന്ധനമായാണ് പ്രകൃതി വാതകത്തെ കാണുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ ഊര്‍ജ്ജ മിശ്രിതത്തില്‍ പ്രകൃതി വാതകത്തിന്റെ പങ്ക് 15 ശതമാനം ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇപ്പോള്‍ ഇത് 6.3 ശതമാനം മാത്രമാണ്.

നിലവിലെ ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയുടെ 12.67 ശതമാനവും ഒരു മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 0.5 യുഎസ് ഡോളറുമാണ് നിലവിലെ ഇടപാടിന്റെ വിലയെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

പെട്രോനെറ്റ് പ്രതിവര്‍ഷം 7.5 ദശലക്ഷം ടണ്‍ എല്‍എന്‍ജി വാങ്ങുമ്പോള്‍, സ്ഥാപനത്തിന്റെ പ്രമോട്ടര്‍മാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം, ഗെയില്‍ (ഇന്ത്യ) എന്നിവ ചേര്‍ന്ന് പ്രതിവര്‍ഷം ഒരു ദശലക്ഷം ടണ്‍ എല്‍എന്‍ജി വാങ്ങുന്നു.

ഇന്ത്യയിലെ ഏത് ടെര്‍മിനലിലാണ് കാര്‍ഗോ ലഭിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ പുതിയ കരാര്‍ ഇന്ത്യന്‍ വാങ്ങുന്നവരെ അനുവദിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. നിലവിലുള്ള ഡീലുകള്‍ പ്രകാരം, ഖത്തര്‍ ഗുജറാത്തിലെ ദഹേജില്‍ എല്‍എന്‍ജി വിതരണം ചെയ്യുന്നു.