4 April 2026 10:50 AM IST
Summary
പതിവ് കപ്പല്‍ ചാലുകള്‍ ഒഴിവാക്കി ഇറാനിലെ ലാരാക്, ഖേഷം ദ്വീപുകള്‍ക്കിടയിലുള്ള ദൈര്‍ഘ്യമേറിയ സുരക്ഷിത പാതയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടാങ്കറുകള്‍ തിരഞ്ഞെടുക്കുന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് ഈ റൂട്ട് മാറ്റം
ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധപ്രതിസന്ധി രൂക്ഷമാകുമ്പോഴും ഇന്ത്യയുടെ ഇന്ധന നീക്കം തടസ്സമില്ലാതെ തുടരുന്നു. പ്രതിസന്ധി ഘട്ടത്തിലും ഈ കടലിടുക്ക് വിജയകരമായി പിന്നിട്ട ആറ് ഇന്ത്യന്‍ ടാങ്കറുകളുടെ പട്ടികയിലേക്ക് 'ഗ്രീന്‍ സാന്‍വി'യും ഇടംപിടിച്ചു. ശിവാലിക്, നന്ദാ ദേവി, ജഗ് വസന്ത്, പൈന്‍ ഗ്യാസ്, ബിഡബ്ല്യു എല്‍ം, ബിഡബ്ല്യു ടൈര്‍ എന്നിവയാണ് ഇതിനുമുമ്പ് ഈ സാഹസിക പാത താണ്ടിയ കപ്പലുകള്‍. ഇറാനിയന്‍ അധികാരികളുമായി കൃത്യമായ ഏകോപനം നടത്തിയാണ് ഈ ഗതാഗതങ്ങളെല്ലാം പൂര്‍ത്തിയാക്കിയത്.
ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് കപ്പലുകള്‍ നീങ്ങുന്നത്. ശത്രുരാജ്യങ്ങളുടേതാണെന്ന തെറ്റായ തിരിച്ചറിയല്‍ ഒഴിവാക്കാന്‍ കപ്പലുകളുടെ ദേശീയതയും ഐഡന്റിറ്റിയും പരസ്യപ്പെടുത്തിയാണ് യാത്ര. പതിവ് കപ്പല്‍ ചാലുകള്‍ ഒഴിവാക്കി ഇറാനിലെ ലാരാക്, ഖേഷം ദ്വീപുകള്‍ക്കിടയിലുള്ള ദൈര്‍ഘ്യമേറിയ സുരക്ഷിത പാതയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടാങ്കറുകള്‍ തിരഞ്ഞെടുക്കുന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് ഈ റൂട്ട് മാറ്റം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹോര്‍മുസ് കടലിടുക്ക് എന്നത് രാജ്യത്തിന്റെ ജീവനാഡിയാണ്. രാജ്യത്തെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും, ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എല്‍എന്‍ജി) പകുതിയിലധികവും, എല്‍പിജി ഇറക്കുമതിയുടെ 90 ശതമാനവും ഈ ചെറിയ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെയുണ്ടാകുന്ന നേരിയ തടസ്സം പോലും ഇന്ത്യയിലെ ഇന്ധന ലഭ്യതയെയും വിലയെയും നേരിട്ട് ബാധിക്കുമെന്നതിനാല്‍ രാജ്യം അതീവ പ്രാധാന്യത്തോടെയാണ് ഈ നീക്കങ്ങളെ കാണുന്നത്.
'ശത്രുക്കളല്ലാത്ത' രാജ്യങ്ങള്‍ക്ക് തങ്ങളുടെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ട് പാത ഉപയോഗിക്കാമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിയന്‍ അധികാരികളുമായി സഹകരിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇത് ആശ്വാസകരമാണ്. എന്നാല്‍ അമേരിക്കയുമായും സഖ്യകക്ഷികളുമായും ബന്ധപ്പെട്ട കപ്പലുകള്‍ക്ക് ഈ പാതയില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന ഈ നയതന്ത്ര നീക്കം മേഖലയിലെ വ്യാപാരത്തെ അടിമുടി സ്വാധീനിക്കുന്നു.
അതിനിടെ, പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവെച്ച 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഇറാന്‍ തള്ളിയതോടെ മേഖലയില്‍ യുദ്ധാന്തരീക്ഷം കടുത്തു. ഇറാന്‍ സൈന്യം രണ്ട് യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം രൂക്ഷമാകുന്നതോടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലാണ് നിലവില്‍ പശ്ചിമേഷ്യന്‍ വിപണി.
പഠിക്കാം & സമ്പാദിക്കാം
Home
