image

22 Dec 2025 3:47 PM IST

Oil and Gas

ആഗോള വിപണിയില്‍ എണ്ണ വിലയില്‍ മുന്നേറ്റം

MyFin Desk

oil prices rise in global market
X

Summary

ഉപരോധങ്ങളും യുദ്ധവും എണ്ണവില ഉയര്‍ത്തുന്നു


ആഗോള വിപണിയില്‍ എണ്ണ വിലയില്‍ മുന്നേറ്റം. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ ബാരലിന് 60.91 നിലവാരത്തിലെത്തി. ഉപരോധ-യുദ്ധ ഭീഷണികളുടെ ആശങ്കയില്‍ നിക്ഷേപകര്‍.

എണ്ണവിലയിലെ ഈ പെട്ടെന്നുള്ള വര്‍ദ്ധനവിന് പിന്നില്‍ പ്രധാനമായും മൂന്ന് ഘടകങ്ങളാണുള്ളത്: ഒന്നാമത്തേത് വെനസ്വേലന്‍ ഉപരോധമാണ്. വെനസ്വേലയില്‍ നിന്നുള്ള എണ്ണ ടാങ്കറുകള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഉപരോധത്തിന്റെ ഭാഗമായി കഴിഞ്ഞ വാരന്ത്യത്തില്‍ ഒരു ടാങ്കര്‍ പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ രണ്ടാമതൊരു ടാങ്കറിനെ കൂടി യുഎസ് കോസ്റ്റ് ഗാര്‍ഡ് പിന്തുടരുന്നുണ്ട്. ഇതോടെയാണ് എണ്ണ വിപണിയില്‍ ആശങ്ക ജനിച്ചത്.

ഒപ്പം മെഡിറ്ററേനിയന്‍ കടലില്‍ റഷ്യയുടെ 'ഷാഡോ ഫ്ലീറ്റ്' കപ്പലിന് നേരെ ഉക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണം വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കയും വര്‍ദ്ധിപ്പിച്ചു. യുഎസ് മധ്യസ്ഥതയില്‍ നടക്കുന്ന റഷ്യ-ഉക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ ഉടന്‍ ലക്ഷ്യത്തിലെത്തില്ലെന്ന സൂചനകളും വിപണിയെ ബാധിച്ചു.

അതേസമയം, ഡിസംബര്‍ രണ്ടാം വാരം മുതല്‍ എണ്ണവിലയില്‍ ഇടിവുണ്ടായിരുന്നു. ഏകദേശം 5% വരുമിത്. എന്നാല്‍ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ വിപണിയെ വീണ്ടും 'അപ്‌സൈഡ്' ട്രെന്‍ഡിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്ന് ഐജി അനലിസ്റ്റ് ടോണി സിക്കാമോര്‍ നിരീക്ഷിക്കുന്നു.

ഫ്ലോറിഡയില്‍ നടന്ന യുഎസ്-യൂറോപ്പ്-ഉക്രെയ്ന്‍ ചര്‍ച്ചകള്‍ പ്രയോജനകരമായിരുന്നുവെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞുവെങ്കിലും, യൂറോപ്പിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ സമാധാന സാധ്യതകളെ മെച്ചപ്പെടുത്തില്ലെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ നിലപാട്. ഇത് ഉടന്‍ യുദ്ധം അവസാനിക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്.