image

2 Nov 2025 2:56 PM IST

Oil and Gas

ഉത്സവകാലത്ത് കത്തിക്കയറി പെട്രോള്‍ ഉപയോഗം

MyFin Desk

petrol usage during festive season
X

Summary

ഡീസല്‍ ഉപഭോഗത്തില്‍ കുറവ് ഉണ്ടായതായും കണക്കുകള്‍


ഉത്സവകാല യാത്രാ വര്‍ധനവിന്റെ ഫലമായി ഒക്ടോബറില്‍ ഇന്ത്യയിലെ പെട്രോള്‍ വില്‍പ്പന അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. എന്നാല്‍ ഡീസല്‍ ഉപഭോഗത്തില്‍ കുറവ് ഉണ്ടായതായും പ്രാഥമിക വ്യവസായ ഡാറ്റ പറയുന്നു.

ഒക്ടോബറില്‍ പെട്രോള്‍ ഉപഭോഗം വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനം ഉയര്‍ന്ന് 3.65 ദശലക്ഷം ടണ്ണായി. സെപ്റ്റംബറിലെ 3.4 ദശലക്ഷം ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിമാസ വില്‍പ്പനയും ഉയര്‍ന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിന്റെ വില്‍പ്പന ഒക്ടോബറില്‍ 7.6 ദശലക്ഷം ടണ്ണായി കുറഞ്ഞു. ഇന്ധന ഉപഭോഗത്തിന്റെ 40 ശതമാനത്തോളം ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.64 ദശലക്ഷം ടണ്ണായിരുന്നു.

ജൂണില്‍ മഴക്കാലം ആരംഭിച്ചതോടെ ഡീസല്‍ ഉപഭോഗം കുറഞ്ഞു. ജലസേചന പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനത്തിന്റെ ആവശ്യം കുറയുകയും വാഹന ഗതാഗതം മന്ദഗതിയിലാവുകയും ചെയ്തു. എന്നാല്‍ മഴ കുറയുകയും ഉത്സവ സീസണ്‍ ട്രക്കിംഗില്‍ വര്‍ദ്ധനവിന് കാരണമാവുകയും ചെയ്തതോടെ ഒക്ടോബറില്‍ വില്‍പ്പന വീണ്ടും ഉയര്‍ന്നു.

എന്നാല്‍ ഈ വര്‍ഷം, ഒക്ടോബറില്‍ ഉപഭോഗത്തില്‍ വര്‍ദ്ധനവിന് പകരം നേരിയ ഇടിവാണ് ഉണ്ടായത്.

2023 ഒക്ടോബറിലെ പെട്രോള്‍ ഉപഭോഗത്തേക്കാള്‍ ഇപ്പോള്‍ 16.3 ശതമാനം കൂടുതലാണ്.എന്നാല്‍ ഡീസല്‍ വില്‍പ്പന 2023 ഒക്ടോബറിലെ 7.63 ദശലക്ഷം ടണ്‍ ഡിമാന്‍ഡിനേക്കാള്‍ കുറവാണെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് & അനാലിസിസ് സെല്ലിന്റെ പ്രതിമാസ ഫ്‌ലാഷ് റിപ്പോര്‍ട്ട് പറയുന്നു.

ജെറ്റ് ഇന്ധനം അല്ലെങ്കില്‍ എടിഎഫ് ഉപഭോഗം ഒക്ടോബറില്‍ 1.6 ശതമാനം ഉയര്‍ന്ന് 7,69,000 ടണ്ണായി. 2023 ഒക്ടോബറിനേക്കാള്‍ വില്‍പ്പന 11.11 ശതമാനം കൂടുതലായിരുന്നു. 2019 മുതല്‍, എടിഎഫ് ഉപഭോഗം 1.65 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ വളര്‍ന്നു.

ഒക്ടോബറില്‍ എല്‍പിജി വില്‍പ്പന 5.4 ശതമാനം ഉയര്‍ന്ന് ഏകദേശം 3 ദശലക്ഷം ടണ്ണായി. ഇന്ധനത്തിനായുള്ള ഗാര്‍ഹിക ആവശ്യകതയാണ് ഡിമാന്‍ഡ് കുതിച്ചുയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.