image

17 Dec 2025 5:47 PM IST

Oil and Gas

റഷ്യന്‍ എണ്ണ ഇറക്കുമതി: ഉപരോധത്തെ മറികടന്ന് ഇന്ത്യന്‍ തന്ത്രം

MyFin Desk

oil imports at record high
X

Summary

നേട്ടം കൈവരിച്ചത് ഉപരോധമില്ലാത്ത പുതിയ വിതരണക്കാരെ കണ്ടെത്തി


അമേരിക്കന്‍ താരിഫ് ഉപരോധത്തിനിടയിലും റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ വന്‍ കുതിപ്പുമായി ഇന്ത്യ. നേട്ടം കൈവരിച്ചത് ഉപരോധമില്ലാത്ത പുതിയ വിതരണക്കാരെ കണ്ടെത്തി കൊണ്ടെന്നും റിപ്പോര്‍ട്ട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊര്‍ജ്ജ സഹകരണം കൂടുതല്‍ ശക്തമായിരിക്കുകയാണ്. അമേരിക്കന്‍ ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോഴും, ഉപരോധമില്ലാത്ത പുതിയ വിതരണക്കാരെ കണ്ടെത്തിയാണ് ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത്.

പ്രാഥമിക കണക്കുകള്‍ പ്രകാരം ഡിസംബറിലെ ഇറക്കുമതി പ്രതിദിനം 12 ലക്ഷം ബാരല്‍ കടന്നേക്കാം. നവംബര്‍ 21-ലെ ഡെഡ്‌ലൈനിന് മുന്‍പായി റോസ്‌നെഫ്റ്റ് , ലുക്കോയില്‍ എന്നിവയുമായുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ കാണിച്ച വേഗതയാണ് ഈ വര്‍ദ്ധനവിന് പിന്നില്‍.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പഴയതുപോലെ തന്നെ വലിയ തോതില്‍ എണ്ണ വാങ്ങുന്നു. ഭാരത് പെട്രോളിയം തങ്ങളുടെ ജനുവരിയിലെ പര്‍ച്ചേസ് മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചു. ഹിന്ദുസ്ഥാന്‍ പെട്രോളിയവും പുതിയ ഇടപാടുകള്‍ക്കായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ റിലയന്‍സ് പോലെയുള്ള ചില സ്വകാര്യ കമ്പനികള്‍ ജനുവരിയില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

രാജ്യാന്തര വിപണിയിലെ ബ്രെന്റ് ക്രൂഡ് വിലയേക്കാള്‍ ബാരലിന് ഏകദേശം 6 ഡോളര്‍ വരെ കുറഞ്ഞ നിരക്കിലാണ് റഷ്യ ഇന്ത്യക്ക് എണ്ണ നല്‍കുന്നത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഈ ഡിസ്‌കൗണ്ട് ഇപ്പോള്‍ മൂന്നിരട്ടിയാണ്. ഇതാണ് ഇന്ത്യ ഇത്രയധികം എണ്ണ വാങ്ങുന്നതിന്റെ കാരണം.ഉപരോധം മറികടക്കാന്‍ 'മാര്‍ക്കറ്റ് സ്വാപ്പിംഗ്' എന്ന തന്ത്രമാണ് പയറ്റുന്നത്.

അതായത് ഉപരോധമുള്ള കമ്പനികളുടെ എണ്ണ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും, ഉപരോധമില്ലാത്ത സ്ഥാപനങ്ങള്‍ വഴി എണ്ണ ഇന്ത്യയിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. ഇത് ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇറക്കുമതി ചെലവ് കുറയ്ക്കാനും സഹായിക്കുന്നു.