26 Dec 2025 6:54 PM IST
Summary
വെനിസ്വേലയ്ക്കും നൈജീരിയയ്ക്കും മേല്‍ രൂപപ്പെട്ട സമ്മര്‍ദ്ദങ്ങളാണ് വിലയില്‍ മാറ്റമുണ്ടാക്കുന്നത്
വെനിസ്വേലയ്ക്കെതിരെയുള്ള അമേരിക്കയുടെ ഉപരോധ നീക്കങ്ങളും നൈജീരിയയിലെ സൈനിക നടപടികളും ഇന്ധന വിലയെ സ്വാധീനിക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലേക്ക് വിപണി നീങ്ങുമ്പോഴും നിക്ഷേപകര്‍ അതീവ ജാഗ്രതയിലാണെന്ന് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പ്രധാന എണ്ണ ഉല്‍പ്പാദകരായ വെനിസ്വേലയ്ക്കും നൈജീരിയയ്ക്കും മേല്‍ രൂപപ്പെട്ട ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാണ് വിലയില്‍ ഈ മാറ്റമുണ്ടാക്കിയത്.വെനിസ്വേലയില്‍ നിന്നുള്ള എണ്ണ കയറ്റുമതിക്ക് അടുത്ത രണ്ട് മാസത്തേക്ക് 'ക്വാറന്റൈന്‍' ഏര്‍പ്പെടുത്താന്‍ വൈറ്റ് ഹൗസ് ഉത്തരവിട്ടിരിക്കുകയാണ്. സൈനിക നടപടികള്‍ക്ക് പകരം സാമ്പത്തിക ഉപരോധത്തിലൂടെ കാരക്കാസിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് വാഷിംഗ്ടണിന്റെ നീക്കം.
സമാനമായി, നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയായ സൊക്കോട്ടോയില്‍ നടന്ന വ്യോമാക്രമണങ്ങളും വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്ക വര്‍ധിപ്പിക്കുന്നു. മറ്റൊരു പ്രധാന തിരിച്ചടി കസാക്കിസ്ഥാനില്‍ നിന്നാണ്. ഉക്രേനിയന്‍ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് കാസ്പിയന്‍ പൈപ്പ് ലൈന്‍ വഴിയുള്ള കയറ്റുമതിയില്‍ ഡിസംബറില്‍ മൂന്നിലൊന്ന് കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ അമേരിക്കയുടെ ഔദ്യോഗിക ഇന്‍വെന്ററി വിവരങ്ങള്‍ തിങ്കളാഴ്ച പുറത്തുവരുന്നതോടെ വിപണിയുടെ ഗതി കൂടുതല്‍ വ്യക്തമാകും.
വിതരണതടസങ്ങള്‍ പ്രശ്‌നമാകുന്നു
ഗാലക്സി ഫ്യൂച്ചേഴ്സിലെ അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത് പ്രകാരം, വിതരണ തടസ്സങ്ങളാണ് നിലവില്‍ വിപണിയെ നയിക്കുന്നത്. എന്നാല്‍ ഒരു വലിയ ചിത്രം പരിശോധിച്ചാല്‍, 2020-ന് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക ഇടിവിലേക്കാണ് ക്രൂഡ് ഓയില്‍ നീങ്ങുന്നത്. ബ്രെന്റ് ക്രൂഡ് ഏകദേശം 16 ശതമാനവും WTI 18 ശതമാനവും ഈ വര്‍ഷം താഴേക്ക് പോയി.
വരാനിരിക്കുന്ന വര്‍ഷത്തില്‍ ആവശ്യകതയെക്കാള്‍ കൂടുതല്‍ വിതരണം ഉണ്ടാകുമെന്ന പ്രവചനമാണ് ഇതിന് പ്രധാന കാരണം. അതിനിടെ ആഗോള വിപണിയില്‍ വെള്ളി ചരിത്രത്തിലാദ്യമായി ഒരു ഔണ്‍സ് വെള്ളിക്ക് 75 ഡോളര്‍ എന്ന മാന്ത്രിക സംഖ്യ കടന്നു.
ഉക്രെയ്ന്‍-റഷ്യ യുദ്ധം, വെനിസ്വേലയ്‌ക്കെതിരെയുള്ള യുഎസ് ഉപരോധം എന്നിവ നിക്ഷേപകരെ വെള്ളിയെ ഒരു 'സുരക്ഷിത നിക്ഷേപമായി' കാണാന്‍ പ്രേരിപ്പിച്ചതാണ് മുന്നേറ്റത്തിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.2026-ന്റെ ആദ്യ പകുതിയോടെ വെള്ളി വില 90 ഡോളറിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നുമാണ് പ്രവചനം.
പഠിക്കാം & സമ്പാദിക്കാം
Home
