12 March 2026 3:50 PM IST
Summary
തുടങ്ങിയത് നിങ്ങളാണെങ്കിൽ അവസാനിപ്പിക്കുന്നത് ഞങ്ങളാകുമെന്ന നിലപാടിൽ ഉറച്ച് ഇറാൻ. പതറുമോ യുഎസ്? അടിയന്തിരമായി എടുക്കുന്നത് 17 .2 കോടി ബാരൽ ക്രൂഡ് ഓയിൽ
ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടയിൽ ചരിത്രപരമായ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് യുഎസ്. ക്രൂഡ് ഓയിൽ ശേഖരത്തിൽ നിന്ന് 17. 2 കോടി ബാരൽ പുറത്തെടുക്കുകയാണ്.ഹോർമുസ് കടലിടുക്കിനും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനും സമീപമുള്ള വാണിജ്യ കപ്പലുകളെ ടെഹ്‌റാൻ ലക്ഷ്യമിടുകയാണ്. ഇത് ലോക രാജ്യങ്ങളിലെ ഊർജ്ജ വിതരണത്തെക്കുറിച്ച് ആശങ്കകൾ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് യുഎസിൻ്റെ നീക്കം.
ഊർജ വിതരണ രംഗത്തെ പ്രതിസന്ധി പൊതുജനങ്ങളെ ബാധിക്കാതിരിക്കാനും പണപ്പെരുപ്പം ഉയർത്താതിരിക്കാനുമാണ് യുഎസിൻ്റെ ഈ ഇടപെടൽ. യുഎസ് ഇന്ധന ശേഖരത്തിൽ നിന്ന് എണ്ണ എടുക്കുമ്പോഴൊക്കെ ആനുപാതികമായി വില കിഴിവ് കമ്പനികൾ ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുണ്ട് . ഇന്ധന വില വർധന മൂലം ഉടനടി ഉണ്ടാകുന്ന ആഘാതം ലഘൂകരിക്കുകയാണ് ലക്ഷ്യം.
ക്രൂഡ് വില ഉയരുന്നതിനാൽ ക്രൂഡ് ഫ്യൂച്ചർ വ്യാപാര നിരക്കുകൾ കുറയാനും ഇടപെടൽ കാരണമാകുന്നു. ഇത് ക്രൂഡ് വിപണിയിൽ ഒരു താൽക്കാലിക പരിഹാരം മാത്രമാണ്. 120 ദിവസം വരെയുള്ള പ്രതിസന്ധി പരിഹരിക്കാൻ ഈ കരുതൽ ശേഖരം കൊണ്ടാകും. എന്നാൽ സംഘർഷം നാല് മാസത്തിനപ്പുറം നീണ്ടുനിന്നാൽ, കരുതൽ ശേഖരം ഗണ്യമായി കുറയും. ഇത് പിന്നീട് ഉയർന്ന വിലക്കയറ്റത്തിലേക്ക് നയിച്ചേക്കാം. ദേശീയ സുരക്ഷയുടെ ഭാഗമായുള്ള യുഎസിൻ്റെ ക്രൂഡ് കരുതൽ ശേഖരം കുറയുന്നത് ഭാവിയിലെ അടിയന്തരാവസ്ഥകളിൽ ക്രൂഡ് വില ഉയരാൻ കാരണമാകും. ആഭ്യന്തര എണ്ണ കമ്പനികളുടെ ലാഭവിഹിതം കുറയാനും കാരണമാകും. യുദ്ധസമയത്ത് സാമ്പത്തിക മാന്ദ്യം തടയാൻ ക്രൂഡ് ഓയിൽ കരുതൽ ശേഖരത്തിൽ നിന്ന് പിൻവലിക്കുന്നത് താൽക്കാലികമായി ഗുണം ചെയ്യുമെങ്കിലും കരുതൽ ശേഖരം ഗണ്യമായി കുറയും മുമ്പ് പ്രതിസന്ധി തീർക്കാനായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.
ധനകാര്യസ്ഥാപനങ്ങൾക്കും ഭീഷണി
എഐയും മറ്റ് നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഇറാനിലെ 5,500 ലധികം കേന്ദ്രങ്ങളാണ് യുഎസ് സൈന്യം ആക്രമിച്ചത്. ഇറാനും തിരിച്ചടിക്കുകയാണ്. മിഡിൽ ഈസ്റ്റിലെ യുഎസ് കോൺസുലേറ്റുകളെയും എംബസികളെയും ലക്ഷ്യമിട്ട ശേഷം, അമേരിക്കൻ, മിഡിൽ ഈസ്റ്റേൺ, ഇസ്രായേലി ബാങ്കുകളെയും മറ്റ് സ്ഥാപനങ്ങളെയും ലക്ഷ്യമിടുകയാണ് ഇറാൻ എന്നാണ് സൂചന. സിറ്റി ഗ്രൂപ്പ് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ ഓഫീസുകൾ ഒഴിപ്പിക്കാൻ ജീവനക്കാരോട് ആവശ്യപ്പെടും എന്നാണ് സൂചന. യുദ്ധം അനിശ്ചികമായി നീളുന്നത് ഊർജമേഖലക്കപ്പുറത്തേക്കും പ്രതിസന്ധി വ്യാപിപ്പിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
