27 Feb 2026 9:13 PM IST
Summary
ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കകളാണ് എണ്ണ വില ഉയരുമെന്ന ആശങ്കകള്‍ക്ക് കാരണം. യുദ്ധം രൂക്ഷമായാല്‍ നിലവിലെ സാഹചര്യത്തേക്കാള്‍ 57 ശതമാനത്തോളം വര്‍ദ്ധനവാണ് എണ്ണ വിലയില്‍ പ്രതീക്ഷിക്കുന്നത്
ആഗോള വിപണിയില്‍ എണ്ണവില വന്‍തോതില്‍ വര്‍ദ്ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുകയാണെങ്കില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളര്‍ വരെ എത്തിയേക്കാം.
ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കകളാണ് എണ്ണ വില ഉയരുമെന്ന ആശങ്കകള്‍ക്ക് കാരണം. യുദ്ധം രൂക്ഷമായാല്‍ നിലവിലെ സാഹചര്യത്തേക്കാള്‍ 57 ശതമാനത്തോളം വര്‍ദ്ധനവാണ് എണ്ണ വിലയില്‍ പ്രതീക്ഷിക്കുന്നത്.
പശ്ചിമേഷ്യയില്‍ അമേരിക്ക സൈനിക നീക്കങ്ങള്‍ ശക്തമാക്കിയതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ 10 ശതമാനത്തിന്റെ വര്‍ദ്ധനവ് ഇതിനകം തന്നെ ഉണ്ടായിട്ടുണ്ട്. നിലവില്‍ ബാരലിന് 70 ഡോളറിന് അടുത്ത് നില്‍ക്കുന്ന ബ്രെന്റ് ക്രൂഡ് വില, യുദ്ധസമാനമായ സാഹചര്യമുണ്ടായാല്‍ 110 ഡോളറിലേക്ക് കുതിക്കുമെന്ന്് സാമ്പത്തിക അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
പേര്‍ഷ്യന്‍ ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കിന് മേലുള്ള ഭീഷണി വിപണിയെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ലോകത്ത് പ്രതിദിനം വിനിമയം ചെയ്യുന്ന 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. കൂടാതെ ലോകത്തെ 20 ശതമാനം എല്‍എന്‍ജി വിതരണവും നടക്കുന്നത് ഇതുവഴിയാണ്. ഈ പാതയില്‍ ചെറിയൊരു തടസ്സമുണ്ടായാല്‍ പോലും വിപണിയില്‍ എണ്ണയ്ക്ക് 20 മുതല്‍ 40 ഡോളര്‍ വരെ അധികമായി നല്‍കേണ്ടി വരും. ഹോര്‍മുസ് കടലിടുക്കിന് തടസ്സമുണ്ടായാല്‍ എണ്ണ കൊണ്ടുപോകാന്‍ പകരം സംവിധാനങ്ങള്‍ പരിമിതമാണെന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.
എന്നാല്‍ അമേരിക്കയും ഇറാനും തമ്മില്‍ ഒരു ധാരണയിലെത്തുകയോ അല്ലെങ്കില്‍ ആഗോള വിപണിയില്‍ അധികമായി ഉല്പാദിപ്പിക്കപ്പെടുന്ന എണ്ണ വിതരണം കൃത്യമായി നടക്കുകയോ ചെയ്താല്‍ ഈ വിലവര്‍ദ്ധനവിനെ തടയാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
