4 April 2026 12:36 PM IST
Summary
മൂവായിരത്തിലധികം കമ്പനികളും 10,000ത്തിലധികം നിര്‍മ്മാണ യൂണിറ്റുകളും യുഎസിന് പുറത്ത് ഏറ്റവും കൂടുതല്‍ യുഎസ്എഫ്ഡിഎ-അനുസൃത പ്ലാന്റുകളുമുള്ള രാജ്യമാണ് ഇന്ത്യ
ആഗോള വിപണിയിലെ കടുത്ത വെല്ലുവിളികളെയും വിലനിര്‍ണ്ണയ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് ഇന്ത്യയുടെ ഔഷധ കയറ്റുമതി പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലേക്ക് കടക്കുമ്പോള്‍, ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം കയറ്റുമതി ഏകദേശം 29 ബില്യണ്‍ യുഎസ് ഡോളറിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.6 ശതമാനത്തിന്റെ ഈ വളര്‍ച്ച, 'ലോകത്തിന്റെ ഔഷധശാല' എന്ന ഇന്ത്യയുടെ പദവി കൂടുതല്‍ സുരക്ഷിതമാക്കുന്നു. സങ്കീര്‍ണ്ണമായ മരുന്നുകള്‍ക്കൊപ്പം ആയുഷ് ഉല്‍പ്പന്നങ്ങള്‍ക്കും ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയാണ് ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ചാലകശക്തി.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം കയറ്റുമതി 32 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം കയറ്റുമതിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ഈ ലക്ഷ്യം കൈവരിക്കാനാകുമോ എന്ന് വിദഗ്ധര്‍ക്ക ആശങ്കയുണ്ട്.
അമേരിക്കയും യൂറോപ്പുമാണ് ഇപ്പോഴും ഇന്ത്യന്‍ മരുന്നുകളുടെ ഏറ്റവും വലിയ വിപണികള്‍. മൊത്തം കയറ്റുമതിയുടെ 34 ശതമാനം അമേരിക്കയിലേക്കും 19 ശതമാനം യൂറോപ്പിലേക്കുമാണ് പോകുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ മാറ്റം ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ വളര്‍ച്ചയാണ്. നൈജീരിയ, ബ്രസീല്‍ തുടങ്ങിയ വളര്‍ന്നുവരുന്ന വിപണികള്‍ ഇന്ത്യയുടെ വലിയ ഉപഭോക്താക്കളായി മാറിയിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ കര്‍ശനമായ ഗുണനിലവാര പരിശോധനകള്‍ മറികടക്കുന്നതിനൊപ്പം തന്നെ വികസ്വര രാജ്യങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റാനും ഇന്ത്യയ്ക്ക് കഴിയുന്നു എന്നത് രാജ്യത്തിന്റെ വ്യാപാര വൈവിധ്യവല്‍ക്കരണത്തിന്റെ വിജയമായി കണക്കാക്കാം.
കേന്ദ്ര സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതികള്‍ ആഭ്യന്തര ഉല്‍പ്പാദനത്തിന് വലിയ കരുത്താണ് പകരുന്നത്. മരുന്ന് നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ആശ്രയം കുറയ്ക്കാന്‍ ഈ പദ്ധതികള്‍ക്ക് സാധിച്ചു. ഇതിനുപുറമെ, 2026-27 കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 'ബയോഫാര്‍മ ശക്തി' പദ്ധതിക്കായി 10,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഭാവിയില്‍ ഇരട്ട അക്ക വളര്‍ച്ച ലക്ഷ്യമിടുന്ന ഇന്ത്യന്‍ ഔഷധ വ്യവസായം വലിയൊരു കുതിപ്പിന് തയ്യാറെടുക്കുന്നു. നിലവില്‍ 60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഈ മേഖല 2030-ഓടെ 130 ബില്യണ്‍ ഡോളറില്‍ എത്തുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയും ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഉല്‍പ്പാദന രീതികളും ഇന്ത്യയെ ആഗോള ആരോഗ്യരംഗത്തെ അവിഭാജ്യ ഘടകമാക്കുന്നു. പുതിയ ചികിത്സാ രീതികളിലും സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ വരും വര്‍ഷങ്ങളിലും ഇന്ത്യ ഈ മേഖലയില്‍ അജയ്യമായി തുടരുമെന്ന് ഉറപ്പാണ്.
ആഗോള ജനറിക് മരുന്നുകളുടെ 20% ഉം ആഗോള വാക്‌സിന്‍ ആവശ്യകതയുടെ 60% ഉം വിതരണം ചെയ്യുന്ന ഇന്ത്യ, ഉല്‍പാദന അളവില്‍ ലോകത്ത് മൂന്നാം സ്ഥാനത്തും മൂല്യത്തില്‍ 11-ാം സ്ഥാനത്തുമാണ്.
മൂവായിരത്തിലധികം കമ്പനികളും 10,000ത്തിലധികം നിര്‍മ്മാണ യൂണിറ്റുകളും യുഎസിന് പുറത്ത് ഏറ്റവും കൂടുതല്‍ യുഎസ്എഫ്ഡിഎ-അനുസൃത പ്ലാന്റുകളുമുള്ള രാജ്യമാണ് ഇന്ത്യ. 200-ലധികം രാജ്യങ്ങളിലേക്ക് താങ്ങാനാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ മരുന്നുകളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നത് ഇന്ത്യ തുടരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
