image

9 Oct 2026 12:07 PM IST

Pharma

ക്യാന്‍സര്‍ മരുന്നുകളുടെ വില കുറയും; ലാഭവിഹിതത്തിന് 30% പരിധി ഏര്‍പ്പെടുത്തുന്നു

MyFin Desk

prices of cancer drugs to drop, 30% cap imposed on profit margins
X

Summary

നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ വിലയിരുത്തല്‍ പ്രകാരം, നിലവില്‍ ചില ക്യാന്‍സര്‍ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം 700 ശതമാനം വരെ ഉയരുന്നുണ്ട്


ക്യാന്‍സര്‍ ചികിത്സാ ചെലവ് കുറച്ച് രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. പട്ടികയില്‍ ഉള്‍പ്പെടാത്ത (നോണ്‍ ഷെഡ്യൂള്‍ഡ്) ക്യാന്‍സര്‍ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം പരമാവധി ചില്ലറ വില്‍പ്പന വിലയുടെ 30 ശതമാനമായി പരിമിതപ്പെടുത്താനാണ് തീരുമാനം. ബ്രാന്‍ഡഡ്, ജനറിക്, ഇറക്കുമതി ചെയ്തതും രാജ്യത്ത് നിര്‍മിക്കുന്നതുമായ മരുന്നുകള്‍ ഉള്‍പ്പെടെ ഈ പരിധിയില്‍ വരും. ഇതിലൂടെ മരുന്നുകളുടെ വില കുറയുകയും രോഗികളുടെ സ്വന്തം പോക്കറ്റില്‍ നിന്നുള്ള ചെലവ് കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ വിലയിരുത്തല്‍ പ്രകാരം, നിലവില്‍ ചില ക്യാന്‍സര്‍ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം 700 ശതമാനം വരെ ഉയരുന്നുണ്ട്. ശരാശരി വ്യാപാര മാര്‍ക്ക്-അപ്പ് ഏകദേശം 170 ശതമാനമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രികള്‍, റീട്ടെയില്‍ മെഡിക്കല്‍ ഷോപ്പുകള്‍, ഓണ്‍ലൈന്‍ ഫാര്‍മസികള്‍ എന്നിവിടങ്ങളില്‍ മരുന്നുകളുടെ വിലയില്‍ വലിയ വ്യത്യാസവുമുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് വ്യാപാര ലാഭവിഹിതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

പുതിയ നടപടിയിലൂടെ പ്രതിവര്‍ഷം ഏകദേശം 2,500 കോടി രൂപയുടെ സാമ്പത്തിക ലാഭം രോഗികള്‍ക്ക് ലഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. 2019-ല്‍ സമാനമായ രീതിയില്‍ 42 ക്യാന്‍സര്‍ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം നിയന്ത്രിച്ചപ്പോള്‍ ചില മരുന്നുകളുടെ വിലയില്‍ 91 ശതമാനം വരെ കുറവുണ്ടായതായും 984 കോടി രൂപയുടെ വാര്‍ഷിക ലാഭം ലഭിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ക്യാന്‍സര്‍ ചികിത്സാ ചെലവിന്റെ വലിയൊരു ഭാഗം രോഗികള്‍ സ്വന്തം നിലയില്‍ വഹിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ പുതിയ തീരുമാനം നിര്‍ണായകമാണ്.

അതേസമയം, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിലവിലുള്ള ഉല്‍പ്പാദന അളവ് നിലനിര്‍ത്താന്‍ നിര്‍മാതാക്കള്‍ ബാധ്യസ്ഥരായിരിക്കും. നിര്‍മാതാക്കളുടെ വില്‍പന വിലയെയോ വരുമാനത്തെയോ നേരിട്ട് നിയന്ത്രിക്കുന്നതല്ല പുതിയ നടപടി; വിതരണ ശൃംഖലയിലെ വ്യാപാര ലാഭവിഹിതം കുറയ്ക്കുകയാണ് ലക്ഷ്യം. നിയന്ത്രണത്തില്‍ ഉള്‍പ്പെടുത്തേണ്ട മരുന്നുകളുടെ പട്ടിക ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന് കീഴിലുള്ള വിദഗ്ധ സമിതി അന്തിമമാക്കും.