image

18 Nov 2022 7:03 AM GMT

Pharma

300 മരുന്ന് ബ്രാന്‍ഡുകളില്‍ ക്യൂ ആര്‍ കോഡുകള്‍ അവതരിപ്പിക്കും

MyFin Desk

300 മരുന്ന് ബ്രാന്‍ഡുകളില്‍ ക്യൂ ആര്‍ കോഡുകള്‍ അവതരിപ്പിക്കും
X

Summary

ഡോളോ, അലെര്‍ജ, സാരിഡോണ്‍, കോറെക്‌സ്, തൈറോനോം, അസ്താലിന്‍ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകള്‍ക്കാണ് കോഡ് ലഭ്യമാകുക. പദ്ധതി പൂര്‍ണമായും നടപ്പിലാക്കുന്നതിന് 18 മാസ കാലയളവ് ആവശ്യമാണെന്ന് ഫാര്‍മാ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.


ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 'ട്രാക്ക് ആന്‍ഡ് ട്രേസ്' പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 300 മുന്‍നിര ഡ്രഗ് ബ്രാന്‍ഡുകള്‍ ക്യൂ ആര്‍ കോഡ് അവതരിപ്പിക്കും. വിപണിയില്‍ വ്യാജ മരുന്നുകള്‍ പ്രചരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അവതരിപ്പിച്ചത്.

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ക്യു ആര്‍ കോഡ് നല്‍കുന്ന ബ്രാന്‍ഡുകളുടെ വിശദാംശങ്ങളടങ്ങുന്ന കേന്ദ്ര വിജ്ഞാപനത്തിന് അന്തിമ രൂപമായിട്ടുണ്ട്. ഈ വര്‍ഷം ജൂണിലാണ് ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം പുറത്തിറക്കിയത്.

നിലവില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന 300 ബ്രാന്‍ഡുകളുടെ പാക്കേജിങ് ലേബലുകളില്‍ ക്യു ആര്‍ കോഡുകള്‍ പ്രിന്റ് ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. ഡോളോ, അലെര്‍ജ, സാരിഡോണ്‍, കോറെക്‌സ്, തൈറോനോം, അസ്താലിന്‍ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകള്‍ക്കാണ് കോഡ് ലഭ്യമാകുക.

പദ്ധതി പൂര്‍ണമായും നടപ്പിലാക്കുന്നതിന് 18 മാസ കാലയളവ് ആവശ്യമാണെന്ന് ഫാര്‍മാ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം 1945 ലെ ഡ്രഗ് നിയമങ്ങളില്‍ അവശ്യമായ ഭേദഗതി വരുത്തിയിട്ടുണ്ട്.

മാര്‍ച്ചില്‍, ക്യൂ ആര്‍ കോഡ് നിര്‍ബന്ധമാക്കേണ്ട 300 ഡ്രഗ് ബ്രാന്‍ഡുകളെ പട്ടികപെടുത്തുന്നതിന് ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഏറ്റവുമധികം വില്‍പനയുള്ള ബ്രാന്‍ഡുകളെ വാര്‍ഷിക വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

ആന്റി ബയോട്ടിക്കുകള്‍, വേദന സംഹാരികള്‍, കാര്‍ഡിയാക്, ഗര്‍ഭനിരോധ മരുന്നുകള്‍, വിറ്റമിനുകള്‍, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകളിലാകും ക്യു ആര്‍ കോഡ് വരിക.