6 March 2026 2:39 PM IST
പശ്ചിമേഷ്യാ സംഘര്‍ഷം: മരുന്നുപെട്ടികള്‍ കുടുങ്ങി, 5,000 കോടിയുടെ കയറ്റുമതി തുലാസില്‍
MyFin Desk
Summary
ഗള്‍ഫ് മേഖലയിലെ പകുതിയോളം ജനറിക് മരുന്നുകളും എത്തിക്കുന്നത് ഇന്ത്യയാണ്. പ്രധാന വിതരണ കേന്ദ്രമായ ദുബായ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതാണ് വലിയ തിരിച്ചടി. ജീവന്‍രക്ഷാ മരുന്നുകളുടെ കൃത്യസമയത്തുള്ള വിതരണം പൂര്‍ണ്ണമായും അവതാളത്തിലായി
ലോകത്തിന്റെ മരുന്നുകട എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖല ഇപ്പോള്‍ ലോജിസ്റ്റിക് രംഗത്ത് കനത്ത തിരിച്ചടി നേരിടുന്നു. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങളും കാരണം മാര്‍ച്ചില്‍ മാത്രം 5,000 കോടി രൂപയുടെ കയറ്റുമതിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മേഖലയിലെ പകുതിയോളം ജനറിക് മരുന്നുകളും എത്തിക്കുന്നത് ഇന്ത്യയാണ്. തങ്ങളുടെ പ്രധാന വിതരണ കേന്ദ്രമായ ദുബായ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതാണ് വലിയ തിരിച്ചടിയായത്. ഇതോടെ ജീവന്‍രക്ഷാ മരുന്നുകളുടെ കൃത്യസമയത്തുള്ള വിതരണം പൂര്‍ണ്ണമായും അവതാളത്തിലായി.
കടല്‍ കടന്നുള്ള ചരക്ക് നീക്കത്തിന് വന്‍തോതില്‍ ചെലവേറിയതാണ് കയറ്റുമതിക്കാരെ വലയ്ക്കുന്നത്. കപ്പല്‍ ചരക്ക് കൂലി ഇരട്ടിയായപ്പോള്‍, വിമാന മാര്‍ഗ്ഗമുള്ള ചരക്ക് നീക്കത്തിന് ചെലവ് 400 ശതമാനം വരെയാണ് കുതിച്ചുയര്‍ന്നത്. ഓരോ കണ്ടെയ്നറിനും 3,500 ഡോളര്‍ മുതല്‍ 8,000 ഡോളര്‍ വരെ സര്‍ചാര്‍ജ്' നല്‍കേണ്ടി വരുന്നത് ചെറുകിട കയറ്റുമതിക്കാരെ തകര്‍ക്കുന്നു. ഗള്‍ഫ് രാജ്യങ്ങളുമായി നിശ്ചിത വിലയ്ക്ക് കരാറിലേര്‍പ്പെട്ട കമ്പനികള്‍ക്ക് ഈ അധികച്ചെലവ് വഹിക്കാനാകാതെ ലാഭം നഷ്ടത്തിലേക്ക് നീങ്ങുകയാണ്.
മരുന്നുകളുടെ വിതരണം മാത്രമല്ല, അവയുടെ നിര്‍മ്മാണവും പ്രതിസന്ധിയിലാണ്. മരുന്ന് നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്കായി ഇന്ത്യ 75 ശതമാനവും ചൈനയെയാണ് ആശ്രയിക്കുന്നത്. ഈ വസ്തുക്കളുടെ വരവ് വൈകുന്നത് ഫാക്ടറികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. കൂടാതെ, ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചത് പാക്കേജിംഗ് ചെലവുകളും വൈദ്യുതി നിരക്കും ഉയര്‍ത്തി. ഉല്‍പ്പാദനച്ചെലവും ചരക്ക് കൂലിയും ഒരേപോലെ വര്‍ദ്ധിക്കുന്നത് ഇന്ത്യന്‍ ഫാര്‍മ മേഖലയ്ക്ക് മുന്നില്‍ ഇരട്ട പ്രഹരമായി മാറിയിരിക്കുന്നു.
വാക്സിനുകളുടെ ഗുണനിലവാരത്തെ ബാധിക്കുമോ?
പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയവും ഫാര്‍മക്സിലും ചേര്‍ന്ന് പ്രത്യേക 'വാര്‍ റൂമുകള്‍' തുറന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ നിലവില്‍ കരുതിവെച്ചിരിക്കുന്ന സ്റ്റോക്കുകള്‍ ഉപയോഗിച്ച് വിതരണം തുടരുന്നുണ്ടെങ്കിലും ഇത് എത്രകാലം സാധിക്കുമെന്നത് ആശങ്കയാണ്. ആഫ്രിക്കന്‍ തീരം വഴി കപ്പലുകള്‍ തിരിച്ചുവിടുന്നത് 15 ദിവസം അധിക യാത്രയ്ക്കും കോള്‍ഡ് ചെയിന്‍ സംവിധാനം ആവശ്യമുള്ള വാക്‌സിനുകളുടെ ഗുണനിലവാര തകര്‍ച്ചയ്ക്കും കാരണമായേക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
