image

12 July 2023 10:30 AM IST

Industries

പോപ്‍കോണിന് രുചിയേറും; ജിഎസ്‍ടി കുറച്ച തീരുമാനത്തിന് കൈയടിച്ച് സിനിമാ ലോകം

MyFin Desk

gst reduced on popcorn
X

Summary

  • മഹാമാരിക്കു ശേഷം തിയറ്റര്‍ വ്യവസായത്തിന്‍റെ തിരിച്ചുവരവില്‍ സഹായകമാകും
  • നികുതിയിലെ വ്യക്തത വ്യവഹാരങ്ങള്‍ കുറയ്ക്കാന്‍ ഇടയാക്കും
  • ഇനി എല്ലാ ഭക്ഷണ പാനീയങ്ങള്‍ക്കും നികുതി 5%


സിനിമ കാണാന്‍ പോയാല്‍ പലപ്പോഴും സിനിമാ ടിക്കറ്റിനു നല്‍കേണ്ടതിലധികം പണം ഇന്‍റര്‍വെല്ലിന് വാങ്ങുന്ന സോഫ്റ്റ്‍ഡ്രിങ്കിനും ചായക്കും സ്‍നാക്സിനും നല്‍കേണ്ടി വരുന്നു എന്ന പരാതി ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ആശ്വാസത്തിന് വക നല്‍കുന്നതാണ് ജിഎസ്‍ടി കൗൺസിലിന്റെ ഇന്നലത്തെ തീരുമാനം. സിനിമാ ഹാളുകളിൽ വിൽക്കുന്ന ഭക്ഷണ പാനീയങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തെ മൾട്ടിപ്ലക്‌സ് ഓപ്പറേറ്റർമാരും സ്വാഗതം ചെയ്യുകയാണ്. ഇത് കോവിഡിന് ശേഷം തിയേറ്റർ ബിസിനസ്സിനെ പൂര്‍ണമായ തോതില്‍ പുനരുജ്ജീവിപ്പിക്കുന്നതിന് സഹായകമാകുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്

തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങൾക്ക് ഈടാക്കുന്ന നികുതി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാനാണ് കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന് ജിഎസ്‍ടി കൗൺസില്‍ യോഗം തീരുമാനമെടുത്തിട്ടുള്ളത്. സിനിമാ പ്രദര്‍ശന വ്യവസായത്തിന്റെ വരുമാനത്തിലെ ഒരു പ്രധാന സ്രോതസ്സാണ് ഭക്ഷണ പാനീയങ്ങളുടെ വില്‍പ്പന. മൾട്ടിപ്ലക്സുകളെ സംബന്ധിച്ചിടത്തോളം അവരുടെ വരുമാനത്തിന്റെ 35 ശതമാനം വരെ ഈ വിഭാഗത്തിൽ നിന്നാണ് വരുന്നത്.

'സിനിമാശാലകളിൽ ഭക്ഷണപാനീയങ്ങള്‍ വിൽക്കുന്നത് റസ്റ്റോറന്റ് സർവീസ് എന്നതിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്നും അതിനാല്‍ ഓരോ വിഭവത്തിനും 5 ശതമാനം ജിഎസ്ടി ആണ് ചുമത്തുകയെന്നുമാണ് (ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഇല്ലാതെ) ജിഎസ്‍ടി കൗൺസിൽ വ്യക്തമാക്കിയിട്ടുള്ളത്. നികുതി വ്യവസ്ഥയില്‍ വ്യക്തത വരുത്തിയ നീക്കത്തെ മുഴുവൻ സിനിമാ വ്യവസായവും സ്വാഗതം ചെയ്യുന്നു," പിവിആർ ഇനോക്സ് ലിമിറ്റഡ് സിഎഫ്ഒ നിതിൻ സൂദ് പറഞ്ഞു.

രാജ്യത്തുടനീളമുള്ള 9,000-ലധികം സിനിമാശാലകളെ ബാധിക്കുന്ന വിപുലമായ ഒരു പ്രശ്നത്തിനാണ് പരിഹാരമായിട്ടുള്ളത്. നികുതി സംബന്ധമായ തര്‍ക്കങ്ങളും വ്യവഹാരങ്ങളും കുറയ്ക്കുന്നതിനും നികുതി പാലനം ഉയര്‍ത്തുന്നതിനും ഇത് സഹായിക്കും. പകർച്ചവ്യാധിക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ഇത് തിയേറ്റർ ബിസിനസിനെ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2020 ല്‍ കൊറോണ മഹാമാരി പടര്‍ന്നു പിടിച്ചതുമുതല്‍ തുടര്‍ച്ചയായ അടച്ചിടലാണ് തിയറ്റര്‍ വ്യവസായം നേരിടേണ്ടി വന്നത്. ഇടയ്ക്ക് രോഗവ്യാപനം കുറഞ്ഞ ഘട്ടത്തില്‍ നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറന്നെങ്കിലും വീണ്ടും അടക്കേണ്ട സാഹചര്യമുണ്ടായി. ഒടുവിൽ 2022 മാർച്ച് മുതലാണ് രാജ്യത്തെ തിയറ്ററുകള്‍ക്ക് 100 ശതമാനം ശേഷി പ്രേക്ഷകര്‍ക്കായി വിന്യസിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചത്. ഇക്കാലത്തിനിടെ പല തിയറ്ററുകളും സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് അടച്ചുപൂട്ടപ്പെട്ടു. പ്രേക്ഷകര്‍ പ്രതീക്ഷ അര്‍പ്പിച്ച പല ചിത്രങ്ങളും ഒടിടി പ്ലാറ്റ്‍ഫോമുകളിലൂടെ റിലീസ് ചെയ്യുകയും ചെയ്തു.

കൊറോണ കാലം പ്രേക്ഷകരുടെ അഭിരുചികളിലും സിനിമാസ്വാദന രീതികളിലും വരുത്തിയ മാറ്റവും തിയറ്റര്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വലിയ അഭിപ്രായം കരസ്ഥമാക്കുകയോ വലിയ ക്യാന്‍വാസില്‍ വമ്പന്‍ മുതല്‍ മുടക്കും പ്രചാരണവും നടത്തി എത്തുന്ന ചിത്രങ്ങളോ മാത്രമേ പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കുന്നുള്ളൂ.

"സാമ്പത്തിക വീക്ഷണകോണിൽ നോക്കിയാല്‍, ഇത് കാര്യമായ സ്വാധീനം ചെലുത്തില്ല. എന്നാൽ ഒരു വ്യവഹാര വീക്ഷണകോണിൽ, ഇത് ഒരു ആശ്വാസം നല്‍കുന്നുണ്ട്. ഇപ്പോൾ ഈ മേഖലയ്ക്ക് നികുതിയുടെ കാര്യത്തില്‍ വ്യക്തതയുണ്ട്, ഏത് ഭക്ഷ്യ ഉൽപന്നങ്ങൾക്കും നിങ്ങൾ ഇപ്പോൾ നല്‍കേണ്ട നികുതി 5 ശതമാനമാണ്. ഇതു സംബന്ധിച്ച് തിയറ്ററുകളും സംസ്ഥാനങ്ങളിലെ നികുതു ഉദ്യോഗസ്ഥരും തമ്മില്‍ നിലനില്‍ക്കുന്ന പല തര്‍ക്കങ്ങള്‍ക്കും ഇത് പരിഹാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു," എലാറ ക്യാപിറ്റലിന്റെ എസ്‌വിപി കരൺ തൗരാനി പറഞ്ഞു.

ഇപ്പോൾ സിനിമാ ബിസിനസുമായി ചേര്‍ന്നുള്ള, പ്രീമിയം ഫുഡ് ഓഫറുകൾ കാരണം തിയറ്ററുകളിലെ ഭക്ഷണ പാനീയ വൈവിധ്യം വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.