image

17 May 2023 9:49 AM GMT

Port & Shipping

ചരക്കുകപ്പലുകള്‍ കൊച്ചിതീരം വിടുമോ? ഷിപ് ഹാന്‍ഡ്‌ലിങ് നിരക്ക് വര്‍ധന കുറയ്ക്കില്ലെന്ന് ഡി.പി വേള്‍ഡ്

MyFin Desk

cargo ships leave kochi coast
X

Summary

  • വെസല്‍ ഹാന്റ്‌ലിങ് നിരക്കുള്‍പ്പെടെ 12.12% വര്‍ധിപ്പിച്ചത് കഴിഞ്ഞ ദിവസം
  • കൊച്ചിയിലേത് സമീപ തുറമുഖങ്ങളിലെ നിരക്കിന്റെ രണ്ടിരട്ടിയിലേറെ
  • മലബാറിലെ കാര്‍ഗോ നീക്കം മറ്റു തുറമുഖങ്ങളിലേക്ക് വഴിമാറിപ്പോകാന്‍ സാധ്യത
  • അമിത വില നൽകേണ്ടി വരുന്നത് ഉപയോക്താക്കൾ


കൊച്ചി തുറമുഖത്ത് പുതുതായി വര്‍ധിപ്പിച്ച നിരക്കുകള്‍ കുറയ്ക്കില്ലെന്ന തുറമുഖം അധികൃതരുടെ തീരുമാനം ഇവിടെനിന്നുള്ള കയറ്റുമതിയെയും ചരക്കു കപ്പലുകള്‍ വല്ലാര്‍പാടത്ത് എത്തുന്നതിനെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍.

കഴിഞ്ഞ ദിവസമാണ് വെസല്‍ ഹാന്റ്‌ലിങ് നിരക്കുള്‍പ്പെടെ 12.12% വര്‍ധിപ്പിച്ചത്.ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിന്‍ പോര്‍ട്ട് യൂസേഴ്‌സ് ഫോറം, സ്റ്റീമര്‍ ഏജന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ പോര്‍ട്ട് നടത്തിപ്പുകാരായ ഡി.പി വേള്‍ഡ് ചെയര്‍പേഴ്‌സന്‍ ഡോ.ബീനയെ കണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.

ഇന്‍ഡക്‌സ് പ്രകാരമാണ് നിരക്കുകള്‍ 12.12 ശതമാനം വര്‍ധിപ്പിച്ചിരിക്കുന്നതെന്നും ഇത് പിന്‍വലിക്കാനാകില്ലെന്നുമാണ് ഡോ.ബീന വ്യക്തമാക്കിയത്. അതേസമയം കപ്പലുകള്‍ക്കുള്ള കുടിവെള്ളവിതരണത്തിലെ നിരക്കുവര്‍ധന കുറയ്ക്കാന്‍ പറ്റുമോയെന്ന് നോക്കാമെന്നും അവര്‍ പറഞ്ഞു.

കണ്ടെയ്‌നര്‍ നീക്കം കുറഞ്ഞു

സംസ്ഥാനത്തെ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും സിംഹഭാഗവും നടക്കുന്നത് കൊച്ചി തുറമുഖം വഴിയാണ്. എന്നാല്‍, ഭീമമായ കണ്ടെയ്‌നര്‍ നിരക്കും പ്ലഗ്ഗിങ്, സ്‌റ്റോറേജ്, കണ്ടെയ്‌നര്‍ ഹാന്‍ഡ്‌ലിങ് അടക്കമുള്ള നിരക്കുകളും വിവിധ ഏജന്‍സികളുടെ ഇടപെടലും കാരണം ചരക്കുനീക്കത്തിന് കാലതാമസം നേരിടുന്നത് വ്യവസായികളെ മറ്റ് തുറമുഖങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്.

അമിത ഫീസുകളും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ കൂടുതല്‍ ദിവസങ്ങളെടുക്കുന്നതും മൂലം വല്ലാര്‍പാടം രാജ്യാന്തര ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ വഴിയുള്ള കണ്ടെയ്‌നര്‍ നീക്കത്തില്‍ വന്‍ ഇടിവ് വന്നിട്ടുണ്ട്.

വല്ലാര്‍പാടം ടെര്‍മിനലിലെ എഫ്.എസ്.എസ്.എ.ഐ, ലീഗല്‍ മെട്രോളജി, പ്ലാന്റ് ക്വാറന്റൈന്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ അനാവശ്യ ഇടപെടല്‍ മൂലം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നു വരുന്ന ചരക്കുകള്‍ കൊച്ചിയിലിററക്കാതെ തമിഴ്‌നാട്ടിലെയും മുംബൈയിലെയും തുറമുഖങ്ങളിലേക്കു പോവുകയാണ്.

ഏതാനും വര്‍ഷങ്ങളായി ശരാശരി 8-10% വളര്‍ച്ച നേടിയിരുന്ന വല്ലാര്‍പാടം ടെര്‍മിനലിന് അപ്രതീക്ഷിത തിരിച്ചടിയേറ്റതു കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്. കൊച്ചി പോര്‍ട്ട് അതോറിറ്റി വെസല്‍ ഹാന്‍ഡ്‌ലിങ് നിരക്കുകള്‍ ഈമാസം ഒന്നാം തീയതി മുതലാണ് 12.12% വര്‍ധിപ്പിച്ചത്. ഇതു വ്യവസായികളെ അകറ്റുകയാണ്.

കൊച്ചിയിലെ നിരക്ക് കൊളംബോയുടെ പത്തിരട്ടി

കൊച്ചിയിലേത് സമീപ തുറമുഖങ്ങളിലെ നിരക്കിന്റെ രണ്ടിരട്ടിയിലേറെ വരുമെന്നും ഇതുമൂലം കാര്‍ഗോ കൂടുതലായി കയറ്റിയയക്കാന്‍ ലഭിക്കാത്ത സാഹചര്യമുണ്ടെന്നും കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ കൊളംബോ തുറമുഖത്തേക്കാള്‍ പത്തിരട്ടി കൂടുതലാണ് കപ്പല്‍ നിരക്കെന്നതിനാല്‍ കയറ്റുമതി അങ്ങോട്ട് പോകുമെന്ന് കൊച്ചിന്‍ പോര്‍ട്ട് യൂസേഴ്‌സ് ഫോറം പ്രസിഡന്റ് പ്രകാശ് അയ്യര്‍ പറഞ്ഞു.

കാലിയായ കണ്ടെയിനറുകളുടെ നിരക്ക് 7.27% കൂട്ടിയത് കുറയ്ക്കുക മാത്രമേ ഡി.പി വേള്‍ഡ് ചെയ്തുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വല്ലാര്‍പാടത്ത് ചരക്കുനീക്കത്തിനു ചെലവേറിയത് സംസ്ഥാനത്തെ, വിശേഷിച്ച് മലബാറിലെ കാര്‍ഗോ നീക്കം ചെന്നൈ, തൂത്തുക്കുടി തുറമുഖങ്ങളിലേക്ക് വഴിമാറിപ്പോകാന്‍ ഇടവരുത്തുന്ന സാഹചര്യമാണുള്ളത്. ചരക്കുനീക്ക നിരക്കുവര്‍ധനയുടെ ഭാരം ആത്യന്തികമായി സാധാരണ ഉപയോക്താക്കളുടെ ചുമലില്‍ എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിനു പുറത്ത് ഈസി ക്ലിയറന്‍സ്

മുംബൈ, മുന്ദ്ര, ചെന്നൈ, മംഗലാപുരം, തൂത്തുക്കുടി തുറമുഖങ്ങളില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ടുതന്നെ എല്ലാ ക്ലിയറന്‍സും ലഭിക്കുമ്പോള്‍ കൊച്ചിയില്‍ ഇതിന് ദിവസങ്ങള്‍ എടുക്കുന്നതായി വ്യവസായികള്‍ പറയുന്നു. ഭക്ഷണപദാര്‍ഥങ്ങളും ഈന്തപ്പഴവും അടക്കമുള്ളവയുടെ ഗണ്യമായ ഇറക്കുമതി ഇറാനില്‍ നിന്നും യു.എ.ഇ.യില്‍നിന്നും കേരളത്തിലേക്കു വരുന്നുണ്ട്. എന്നാല്‍ അവരെല്ലാം കൊച്ചി തീരത്തേക്ക് നേരിട്ട് ചരക്കെത്തിക്കാന്‍ മടിക്കുകയാണ്.

സകല പരിശോധനകള്‍ക്കും ശേഷം ഉല്‍പന്നങ്ങള്‍ കപ്പലില്‍ നിന്നും പുറത്തേക്ക് എത്തിക്കാന്‍ വൈകുന്നത് തങ്ങളുടെ വ്യാപാര ഇടപാടുകളെ ബാധിക്കുന്നുണ്ടെന്നും ഓര്‍ഡറുകള്‍ നഷ്ടപ്പെടുന്നതായും ഇറക്കുമതിക്കാര്‍ പറയുന്നു. കാലി കണ്ടെയ്‌നറുകള്‍ ഇല്ലാത്തതിനാല്‍ ഉയര്‍ന്ന കണ്ടെയ്‌നര്‍ നിരക്ക് കൊടുക്കേണ്ടി വരുന്നതായും കയറ്റുമതി ഓര്‍ഡറുകളില്‍ കൃത്യത പാലിക്കാന്‍ കഴിയുന്നില്ലെന്നും കയറ്റുമതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ചെന്നൈയില്‍ 30 ലക്ഷം കൊച്ചിയില്‍ 60 ലക്ഷം!

കൊച്ചി തുറമുഖത്ത് ഷിപ്പ് ഹാന്‍ഡ്‌ലിങ് നിരക്കില്‍ 12.12 ശതമാനം വര്‍ധന വരുത്തിയതോടെ ഒരു കപ്പല്‍ കൊച്ചി തുറമുഖത്ത് അടുപ്പിക്കുന്നതിന് 60 ലക്ഷം രൂപ വരെ നല്‍കേണ്ടി വരുന്നു. എന്നാല്‍ ചെന്നൈ തുറമുഖത്ത് അടുപ്പിക്കാന്‍ 15 ലക്ഷം രൂപയാണ് വ്യവസായികള്‍ക്കു ചെലവ്.

വില നല്‍കേണ്ടിവരുന്നത് ഉപയോക്താക്കള്‍

ഇതര സംസ്ഥാന തുറമുഖങ്ങളെ ചരക്കുനീക്കത്തിന് ആശ്രയിക്കുമ്പോള്‍ റോഡ് മാര്‍ഗം ചരക്കെത്തിക്കാനും വ്യവസായികള്‍ക്ക് ഭീമമായ തുക ചെലവുവരുന്നുണ്ട്. കൊച്ചിയില്‍ കണ്ടെയ്‌നര്‍ വഴി എത്തിയ ചരക്ക് കോഴിക്കോട്ടേക്ക് റോഡ് മാര്‍ഗം എത്തിക്കാന്‍ ചെലവ് വരുന്നത് 25,000 രൂപയാണ്. എന്നാലിത് ചെന്നൈ തുറമുഖത്തുനിന്ന് കോഴിക്കോട്ടേക്ക് എത്തുമ്പോള്‍ 65,000 രൂപ വരെ ആകും. ഈ നഷ്ടം ഉപയോക്താക്കളില്‍ നിന്ന് അമിത വില ഈടാക്കിയാണ് നികത്തുകയെന്ന് ഒരു വ്യവസായി പറഞ്ഞു.