image

20 Sep 2023 10:00 AM GMT

Port & Shipping

കേരളത്തിന്റെ സ്വപ്‌ന പദ്ധതി; വിഴിഞ്ഞം തുറമുഖത്തിന്റെ പേരും ലോഗോയും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

Kochi Bureau

vizhinjam port logo unveiled , first ship will dock on  october 4
X

Summary

  • പേരില്‍ തിരുവനന്തപുരം ഉള്‍പ്പെടുത്തണമെന്ന വാദം ശക്തമായിരുന്നു.


വിഴിഞ്ഞം തുറമുഖം ഇനി വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീ പോര്‍ട്ട് തിരുവനന്തപുരം എന്നറിയപ്പെടും. തുറമുഖത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. 'കേരളത്തിന്റെ സ്വപ്നപദ്ധതിയാണ് വിഴിഞ്ഞം തുറമുഖം.

ഇത് യാഥാര്‍ഥ്യമാകുന്നതോടെ ഒക്ടോബര്‍ ആദ്യവാരം ആദ്യത്തെ കപ്പല്‍ എത്തും,' മുഖ്യമന്ത്രി പറഞ്ഞു. ചൈനയില്‍ നിന്ന് ക്രെയിനുകളുമായിട്ടായിരിക്കും ആദ്യ കപ്പല്‍ ഒക്ടോബര്‍ നാലിന് തുറമുഖത്തെത്തുക. മേയില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കി തുറമുഖം കമ്മിഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ അന്താരാഷ്ട്ര മറൈന്‍ ട്രാന്‍ഷിപ്പ് രംഗത്ത് അനന്തസാധ്യതകള്‍ തുറന്നുകിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുറമുഖത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവര്‍കോവില്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം പി.പി.പി മോഡലിലാണ്. ഇതിലെ ആദ്യ പി -പബ്ലിക് എന്നത് കേരളത്തിന്റെ പ്രത്യേകതയാണെന്ന് വെബ്സൈറ്റ് പ്രകാശനം ചെയ്ത് മന്ത്രി പി രാജീവ് പറഞ്ഞു.

നീണ്ടു പോയ പ്രഖ്യാപനം

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം 2015 ഡിസംബര്‍ അഞ്ചിനാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. 1000 ദിവസത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഓഖി ചുഴലിക്കാറ്റും കോവിഡും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി. ഇന്ത്യയില്‍ രാജ്യാന്തര കപ്പല്‍പാതയോട് ഏറ്റവും അടുത്ത തുറമുഖം വിഴിഞ്ഞമാണ്. രാജ്യാന്തര കടല്‍പാതയില്‍ നിന്ന് ഏകദേശം 18 കിലോമീറ്ററാണ് വിഴിഞ്ഞത്തേക്കുള്ള ദൂരം. അദാനി ഗ്രൂപ്പുമായി 40 വര്‍ഷത്തെ കരാറിലാണ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

പ്രത്യേകതകള്‍

വിഴിഞ്ഞം തുറമുഖത്തു നിന്നും 130 കിലോമീറ്റര്‍ അകലെയാണ് കൊച്ചി തുറമുഖം. ഏകദേശം 400 മീറ്ററോളം നീളമുള്ള വലിയ ചരക്കുകപ്പലുകള്‍ (മദര്‍ഷിപ്പുകള്‍) അടുപ്പിക്കാന്‍ കഴിയുന്ന രാജ്യത്തെ ഏക തുറമുഖം വിഴിഞ്ഞമാണ്. നിലവില്‍ മറ്റ് പോര്‍ട്ടുകളില്‍ നിന്ന് ചെറിയ ഫീഡര്‍ കപ്പലുകളില്‍ ചരക്ക് കൊളംബോയിലെത്തിച്ച ശേഷം അവിടെനിന്നു മദര്‍ഷിപ്പിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. കൊളംബോയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ള കപ്പലുകള്‍ ഇനി വിഴിഞ്ഞത്തേക്ക് എത്തും. തുറമുഖത്തോടു ചേര്‍ന്ന് 18 മുതല്‍ 20 മീറ്റര്‍വരെ ആഴമുള്ളതും വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്. മദര്‍ഷിപ്പുകള്‍ക്ക് 16 മീറ്റര്‍ ആഴത്തില്‍ സഞ്ചരിക്കാന്‍ കഴിയും.

കപ്പലില്‍നിന്നു കരയിലേക്കു കണ്ടെയ്‌നറുകള്‍ മാറ്റാന്‍ കഴിയുന്ന മൂന്ന് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും രണ്ട് യാര്‍ഡ് ക്രെയിനുകളുമായി ചൈനയില്‍ നിന്ന് പ്രോജക്ട് വെസല്‍ പുറപ്പെട്ടിട്ടുണ്ട്. ഏകദേശം 100 മീറ്റര്‍ നീളമുണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയിന്. ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രെയിനുകളും ആവശ്യമാണ്. തുറമുഖത്ത് കപ്പല്‍ അടുക്കുന്ന ബെര്‍ത്തിന് 250 മീറ്റര്‍ നീളമുണ്ട്. നാലാം ഘട്ടത്തില്‍ 2000 മീറ്ററായി ഉയര്‍ത്തും. വിഴിഞ്ഞത്തേക്കുള്ള രണ്ടുവരി റെയില്‍പാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും.