22 March 2026 11:48 AM IST
Summary
ആഗോള വിപണിയില്‍ കല്‍ക്കരി വില കുതിച്ചുയരുമ്പോഴും ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് പ്രതിസന്ധിയെ മറികടക്കാനായത് രാജ്യത്തിന് വലിയ നേട്ടമാണ്
ഊര്‍ജ്ജ മേഖലയില്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ രാജ്യത്തെ കല്‍ക്കരി ഇറക്കുമതി 4.2 ശതമാനം ഇടിഞ്ഞ് 213.10 ദശലക്ഷം ടണ്ണായി കുറഞ്ഞു. ആഗോള വിപണിയില്‍ കല്‍ക്കരി വില കുതിച്ചുയരുമ്പോഴും ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് പ്രതിസന്ധിയെ മറികടക്കാനായത് രാജ്യത്തിന് വലിയ നേട്ടമാണ്. കല്‍ക്കരി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ഉറച്ച നീക്കത്തിന്റെ തെളിവായി ഈ മാറ്റം വിലയിരുത്തപ്പെടുന്നു.
ആഗോളതലത്തിലെ സംഘര്‍ഷങ്ങളും വിതരണ തടസ്സങ്ങളും കാരണം കടല്‍മാര്‍ഗമെത്തുന്ന കല്‍ക്കരിക്ക് വന്‍ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലും നോണ്‍-കോക്കിംഗ് കല്‍ക്കരി ഇറക്കുമതി 141.18 മില്യണ്‍ ടണ്ണില്‍ നിന്ന് 127.80 മില്യണ്‍ ടണ്ണായി കുറയ്ക്കാന്‍ സാധിച്ചു. അതേസമയം, ഉരുക്ക് വ്യവസായത്തിന് അത്യാവശ്യമായ കോക്കിംഗ് കല്‍ക്കരിയുടെ ഇറക്കുമതിയില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും വര്‍ഷങ്ങളിലും രാജ്യാന്തര വില ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നതിനാല്‍ ഇറക്കുമതി ഇനിയും നിയന്ത്രിക്കപ്പെടുമെന്നാണ് എംജംഗ്ഷന്‍ സര്‍വീസസ് സിഇഒ വിനയ വര്‍മ്മയുടെ വിലയിരുത്തല്‍.
ആഭ്യന്തര ഉല്‍പ്പാദനത്തില്‍ രാജ്യം നടത്തുന്ന വന്‍ മുന്നേറ്റമാണ് ഇറക്കുമതി കുറയാന്‍ പ്രധാന കാരണം. 2029-30 ഓടെ കല്‍ക്കരി ഉല്‍പ്പാദനം പ്രതിവര്‍ഷം 6-7 ശതമാനം വളര്‍ച്ചയോടെ 1.5 ബില്യണ്‍ ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഖനികളില്‍ ആവശ്യത്തിന് കല്‍ക്കരി ശേഖരം ലഭ്യമായതോടെ താപ നിലയങ്ങള്‍ക്കുള്ള കല്‍ക്കരിക്കായി വിദേശ രാജ്യങ്ങളെ കാത്തുനില്‍ക്കേണ്ട അവസ്ഥയ്ക്ക് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര വിപണിയിലെ ഈ കരുത്ത് വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്കും ഊര്‍ജ്ജ സുരക്ഷയ്ക്കും മുതല്‍ക്കൂട്ടാകും.
2040 ഓടെ ഇന്ത്യയുടെ കല്‍ക്കരി ആവശ്യം അതിന്റെ അത്യുന്നതങ്ങളില്‍ എത്തുമെന്നാണ് കേന്ദ്ര കല്‍ക്കരി മന്ത്രി ജി. കിഷന്‍ റെഡ്ഡി വ്യക്തമാക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുനരുപയോഗ ഊര്‍ജ്ജത്തോടൊപ്പം തന്നെ ആഭ്യന്തര കല്‍ക്കരി ഉല്‍പ്പാദനവും യുദ്ധകാലാടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലോകം കല്‍ക്കരി ഉപഭോഗം കുറയ്ക്കാന്‍ ശ്രമിക്കുമ്പോഴും, വികസ്വര രാജ്യമായ ഇന്ത്യക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കല്‍ക്കരിയുടെ ഈ കുതിച്ചുചാട്ടം അനിവാര്യമായി മാറുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
